- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന്റെ മുഖ്യലക്ഷ്യം റിയാസ്; പിണറായിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തില്‍ കടുംവെട്ടിനു സിപിഎം നേതാക്കള്‍ മുന്നില്‍ നിര്‍ത്തുന്നത് അന്‍വറിനെയും ജലീലിനെയും; ലോക്സഭ കൂട്ടത്തോല്‍വി പിണറായി ക്യാമ്പിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുമ്പോള്‍
ഇത് മാറിയ രാഷ്ട്രീയ കാലം, പേടിക്കേണ്ടവരെ പേടിച്ചേ മതിയാകൂ
കവന്‍ട്രി: കഴിഞ്ഞ എട്ടുവര്‍ഷമായി തന്റെ തീം പാര്‍ക്കിനു പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല എന്ന സിപിഎം സഹയാത്രികനായ എംഎല്‍എ പിവി അന്‍വറിന്റെ വാക്കുകളില്‍ ഒരു ബിസിനസുകാരന്റെ നിസഹായത വായിച്ചടുക്കാനാകും . എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വരെയെത്തി സ്വര്‍ണ ഖനി നിക്ഷേപത്തിന് തയാറായ അന്‍വറിനു കേവലം ഒരു തീം പാര്‍ക്കിലെ നഷ്ടം എഴുതി തള്ളാവുന്നതേയുള്ളൂ . എന്നാല്‍ കേരളത്തിലേക്ക് മുന്നൂറു കോടി രൂപയുടെ സ്വര്‍ണ കടത്തു നടക്കുന്നു എന്നത് പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തു കേസിലെ കണക്കുകള്‍ വച്ച് പറയുന്ന അനുമാനമാണ് . പിടിക്കുന്ന കേസുകളാണോ പിടിക്കപ്പെടാതെ പോകുന്ന കേസുകളാണോ കേരളത്തിലെ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ ഉണ്ടായിരിക്കുക എന്ന ചോദ്യത്തില്‍ തന്നെ എത്രകോടി രൂപയുടെ കൈമാറ്റമാണ് ഈ ഏര്‍പ്പാടില്‍ നടക്കുന്നത് എന്ന ഉത്തരവുമുണ്ട് . ഈ വിഷയത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് എന്താണ് ഇത്ര താല്പര്യം എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ബാധ്യതയും ഇപ്പോള്‍ സിപിഎമ്മിന് ഉണ്ടെങ്കിലും ആ ഉത്തരം ഒരുപക്ഷെ ഒരിക്കലും കേരളം കേള്‍ക്കാനിടയില്ല .
കാരണം അന്‍വര്‍ തന്നെ അതിന്റെ ഉത്തരം പറഞ്ഞു കഴിഞ്ഞു , സിപിഎം നേതാക്കളില്‍ ആര്‍ക്കാണ് മടിയില്‍ കനം ഇല്ലാത്തതു എന്നാണ് അന്‍വറിന്റെ മില്യണ്‍ ഡോളര്‍ ചോദ്യം . സ്വര്‍ണ കള്ളക്കടത്തു സംഘവുമായി ആര്‍ക്കാണ് ബന്ധമില്ലാത്തതു എന്ന ചോദ്യമാണ് അന്‍വര്‍ നടത്തിയ വാര്‍ത്ത സമ്മേളനങ്ങളില്‍ വിഴുങ്ങിക്കളഞ്ഞ പ്രധാന ഭാഗം . നിര്‍ഭാഗ്യവശാല്‍ അത്തരം ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയതുമില്ല . നിങ്ങള്‍ ഒന്നും അറിയുന്നില്ല എന്ന് പലവട്ടം അന്‍വര്‍ പറഞ്ഞിട്ട് പോലും മര്‍മ്മപ്രധാന ചോദ്യങ്ങളില്‍ നിന്നും പോലും മാധ്യമപ്രവര്‍ത്തകര്‍ അറച്ചു നില്‍ക്കുക ആയിരുന്നു എന്ന് വ്യക്തം.
റിയാസ് മന്ത്രിസഭയില്‍ സ്റ്റാര്‍ വകുപ്പുകള്‍ സ്വന്തമാക്കിയത് അപ്രിയരാക്കിയത് അനേകരെ
തികച്ചും രാഷ്ട്രീയമാണ് ഇപ്പോള്‍ അന്‍വര്‍ നടത്തുന്ന നീക്കങ്ങളുടെ മൂലകാരണം എന്ന് വ്യക്തം. മറുനാടന്‍ വിഷയവും സ്വര്ണക്കള്ളക്കടത്തും എഡിജിപി വിഷയവും മതേതരത്വവും ഒക്കെ അന്‍വറിന്റെ അടവുകള്‍ മാത്രം . സിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ഒതുക്കി പിണറായിയുടെ പിണിയാളായി എത്തിയ അന്‍വര്‍ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തു മലബാറില്‍ പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാനുള്ള ന്യൂനപക്ഷ മുഖമായിരുന്നു . അല്പം കൂടി തിളക്കത്തോടെ ജലീലും ഉണ്ടായിരുന്നെങ്കിലും രണ്ടാം മന്ത്രിസഭാ വന്നപ്പോള്‍ പിണറായിക്ക് ഇരുവരെയും ആവശ്യമില്ലാതായി അഥവാ അനാവശ്യമായിക്കഴിഞ്ഞു .തങ്ങള്‍ വെറും ഏഴാംകൂലികള്‍ ആയി മാറുന്നു എന്ന് മാത്രമല്ല സ്വന്തം അടിവേര് കൂടി മാന്തപ്പെടുന്നു എന്ന് മനസിലായതോടെയാണ് അന്‍വര്‍ പരസ്യമായും ജലീല്‍ രഹസ്യമായും അന്തപുര യുദ്ധം ആരംഭിക്കുന്നത് .
മരുമകന്‍ പദവിയോടെ ബേപ്പൂരില്‍ നിന്നും ജയിച്ചു കയറിയ നവാഗത എംഎല്‍എ മന്ത്രിസഭയില്‍ സ്വന്തമാക്കിയത് സ്റ്റാര്‍ വകുപ്പുകള്‍ ആയിരുന്നു . മന്ത്രിസഭയില്‍ ഒരു രണ്ടാമന്‍ പരിവേഷം പോലും റിയാസ് സ്വയം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ പാര്‍ട്ടിയിലെ ഉന്നതര്‍ അപകടം മണക്കുക ആയിരുന്നു . റിയാസിനിപ്പോള്‍ പ്രതിപക്ഷത്തല്ല ശത്രുക്കള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെയാണ് എന്നതിന്റെ ശരിയായ ഉദാഹരണമായി നിറഞ്ഞാടുകയാണ് അന്‍വര്‍ എംഎല്‍എ .
സിപിഎം രീതിയില്‍ ഒരു സാധാരണ എംഎല്‍എ ക്ക് ഒന്നും ചെയ്യാനാകില്ല എന്ന് കുട്ടികള്‍ക്ക് പോലും തിരിച്ചറിവ് ഉള്ളപ്പോള്‍ മുഖ്യമന്ത്രിയെ ടാര്‍ജറ്റ് ചെയ്ത നിലയില്‍ നിറഞ്ഞാടാന്‍ അന്‍വറിനു സാധിക്കുന്നത് അയാള്‍ ഒറ്റയ്ക്കല്ല എന്ന ഉത്തമ ബോധ്യത്തിലാണ് . മുഖ്യമന്ത്രിയാണ് കുഴപ്പക്കാരന്‍ എന്ന് പറഞ്ഞു നിര്‍ത്താതെ റിയാസ് മാത്രമുള്ള പാര്‍ട്ടിയാണോ ഇനി വേണ്ടത് എന്ന് ചോദിക്കുമ്പോള്‍ മുറിവേറ്റു നില്‍ക്കുന്ന പിണറായിയെ കൂടുതല്‍ വേദനിപ്പിക്കുന്നതിനൊപ്പം റിയാസിന്റെ ഭാവി മോഹങ്ങള്‍ നുള്ളാന്‍ പാര്‍ട്ടിയില്‍ ശകുനികള്‍ പണിയൊരുക്കത്തിലാണ് എന്നുകൂടിയാണ് ബോധ്യപ്പെടുന്നത് . ഒളിഞ്ഞും മറഞ്ഞും കേട്ട കാര്യങ്ങള്‍ അന്‍വറിലൂടെ പരസ്യമായി പുറത്തു വന്നു എന്ന് മാത്രം .
സീനിയര്‍ നേതാക്കളെയും ബലിയാടാക്കിയതും വിനയായി
ഇക്കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ശൈലജ ടീച്ചര്‍ , പത്തനംതിട്ടയില്‍ തോമസ് ഐസക് , ചേലക്കരയില്‍ രാധാകൃഷ്ണന്‍ , കോഴിക്കോട് എളമരം കരീം . പാലക്കാട് എ വിജയരാഘവന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് വെറും എംപിമാരെ സൃഷ്ടിക്കാനോ ജയിച്ചു ചെന്ന് ഡല്‍ഹിയില്‍ ഭരണം പിടിക്കാനോ ആയിരുന്നില്ല . മറിച്ചു രണ്ടു വര്ഷം കഴിഞ്ഞു എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കള്‍ ഒക്കെ ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു എന്നുറപ്പിക്കാന്‍ കൂടിയായായിരുന്നു ലോക്‌സഭയിലെ വമ്പന്‍ മത്സരങ്ങള്‍ . എന്നാല്‍ കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത മുന്നേറ്റവും പിണറായി സര്‍ക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരവും ഒന്നിച്ചപ്പോള്‍ ഈ കളിയില്‍ രാധാകൃഷണനെ മാത്രം ഡല്‍ഹിയില്‍ എത്തിക്കാന്‍ മാത്രമേ പിണറായി ക്യാമ്പിനു സാധിച്ചുള്ളൂ .
വമ്പന്‍ മാര്‍ജിനില്‍ തോറ്റു തുന്നം പാടിയ ശൈലജയും തോമസ് ഐസ്‌ക്കും കിട്ടിയ വേദികളില്‍ ഒക്കെ ആ തോല്‍വിയുടെ വേദന പങ്കിടുകയും ചെയ്തിട്ടുണ്ട് . വിജയരാഘവന്‍ മാത്രമാണ് വിനീത വിധേയനായി എതിര്‍പ്പ് പരസ്യമാക്കാതെ കഴിയുന്നത് . റിയാസിനായി ഒരുക്കിയ റൂട്ട് മാപ്പ് വഴിതെറ്റി പോയി എന്നുറപ്പായതോടെ റിയാസും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വളരെ കരുതലോടെയാണ് പെരുമാറുന്നതും നീക്കങ്ങള്‍ നടത്തുന്നതും ., ഒരു മൂന്നാം ഭരണം സാധ്യമാണ് എന്ന് തന്നെ വിലയിരുത്തുന്ന പാര്‍ട്ടി ആ വിജയത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ നല്‍കുന്ന പങ്കു ഉയര്‍ത്തിക്കാട്ടി റിയാസിനെ എങ്ങനെ മുഖ്യമന്ത്രി കസേരയില്‍ എത്തിക്കാതിരിക്കും എന്ന ചോദ്യം ഉയര്‍ത്താന്‍ രണ്ടു വര്‍ഷം സമയം ബാക്കി ഉണ്ടെങ്കിലും ആ ചോദ്യം ഇതിനകം തന്നെ പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് ബോധ്യമായിക്കഴിഞ്ഞു . ആ ബോധ്യമാണ് അന്‍വറിലൂടെ പൊട്ടിത്തെറിക്കുന്നത് .
അതിനാല്‍ അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സിപിഎം ഉരുക്കുമറയില്‍ ഞെരുങ്ങിയമരുകയല്ല , പിണറായിയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തും വിധം 2026 ലേക്ക് പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ സാധിക്കും വിധമുള്ള ആഭ്യന്തര കലാപമായി സിപിഎമ്മില്‍ മാറാനുള്ള കളം ഒരുക്കലാണ് അന്‍വറിന്റെ നിയോഗം . ന്യൂനപക്ഷ വിഷയം ഉയര്‍ത്തിയ അന്‍വര്‍ തൃശൂര്‍ പൂര വിഷയത്തെ മറുഭാഗത്തും പൊക്കി പിടിക്കുന്നത് പാര്‍ട്ടിയിലെ രണ്ടു പക്ഷത്തേയും പരമാവധി പ്രകോപിപ്പിക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് . ഇതില്‍ ഒരു പരിധി വരെ അന്‍വറും സംഘവും ലക്ഷ്യം കണ്ടേക്കും എന്നാണ് ഇതുവരെയുള്ള പതിഞ്ഞ പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നത് .
രാഘവനും ഗൗരിയമ്മയ്ക്കും ഇല്ലാത്ത പ്രിവിലേജ് അന്‍വറിനു കിട്ടുന്നതും സിപിഎമ്മിന്റെ ദുര്‍വിധി
വ്യക്തവും ശക്തവും ആയിരുന്നു അന്‍വറിന്റെ രണ്ടാം പത്രസമ്മേളനം . ന്യൂനപക്ഷങ്ങള്‍ക്കിവിടെ ജീവിക്കണ്ടേ എന്നാണ് അന്‍വര്‍ പലവട്ടം ചോദിച്ചത് . തനിക്കെതിരെ പാര്‍ട്ടിക്ക് നീങ്ങാനാവില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമല്ല ന്യൂനപക്ഷത്തെ പ്രതിനിധികരിക്കാന്‍ റിയസല്ല ഞങ്ങളൊക്കെ ഇവിടെയുണ്ട് എന്നാണ് അന്‍വര്‍ തെളിച്ചു തന്നെ പറഞ്ഞത് . ബദല്‍; രേഖ വിഷയത്തില്‍ 1986 ല്‍ എംവി രാഘവനും തന്നെ ഉയര്‍ത്തിക്കാട്ടിയ ശേഷം നായനാരെ മുഖ്യമന്ത്രിയാക്കിയ ചതിയില്‍ പിണങ്ങി ഏഴുവര്‍ഷം പോരാടി 1994 ല്‍ ഗൗരിയമ്മയും പാര്‍ട്ടിക്ക് പുറത്തു പോകുമ്പോള്‍ അവര്‍ക്കൊപ്പം പോകാന്‍ കുറച്ചു സഖാക്കളേ ഉണ്ടായിരുന്നുള്ളൂ . അവര്‍ സിഎംപിയും ജെഎസ്എസ് ആയും സിപിഎമ്മിന് ഒരു ഭീക്ഷണി പോലും ആകാതെ പോയതും ചരിത്രം . എന്നാല്‍ അന്‍വറിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അങ്ങനെ ആകാന്‍ സാധ്യത കുറവാണു . അതിനാലാണ് സിപിഎം കരുതലോടെ ഇപ്പോള്‍ അന്‍വറിനെ കൈകാര്യം ചെയ്യുന്നതും . നിലമ്പൂരില്‍ പേരിനു ഇന്നലെ വൈകിട്ട് ഒരു പ്രതിക്ഷേധം നടന്നെകിലും അത് സംസ്ഥാനം മുഴുവന്‍ വ്യാപിക്കാന്‍ സാധ്യത തീരെ കുറവാണു .
കാരണം അന്‍വറിനു പിന്നാലെ പോകുക സഖാക്കളല്ല , മറിച്ചു ഒരു സമുദായ വോട്ട് ബാങ്കാണ് . സിപിഎം നയത്തില്‍ പിണറായി വെള്ളം ചേര്‍ക്കുന്നു എന്ന് സൈദ്ധാന്തികന്‍ എംഎന്‍ വിജയന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടും വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചാണ് പിണറായി ഇപ്പോള്‍ ക്യാപ്റ്റന്‍ ആയും കാരണഭൂതന്‍ ആയും ഒക്കെ മാറിയത് . അതിനാല്‍ വോട്ടു ബാങ്ക് ചോര്‍ന്നാല്‍ ഉള്ള അപകടം വളരെ കൃത്യമായും പിണറായിക്ക് മറ്റാരേക്കാളും നന്നായി അറിയാനാകും. മാത്രമല്ല സാമുദായിക വികാരം എതിരായാല്‍ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുക സിപിഎമ്മിനേക്കാളും റിയാസ് എന്ന മരുമകന്‍ മന്ത്രിയെ ആയിരിക്കും . ഭാവി മുഖ്യന്‍ എന്ന വിളിപ്പേര് ഒരിക്കലും സാധ്യമാകാത്ത കാര്യമായി മാറും .
സാമുദായിക പേടിയിലാണോ പിണറായിയും സിപിഎമ്മും ?
അതിനാല്‍ സമുദായ വിരോധം പിടിച്ചു പറ്റുന്ന ഒരു നടപടിയും അന്‍വറിനു എതിരെ ഉണ്ടാകില്ല . അത് തന്നെയാണ് അന്‍വറിന്റെയും അന്‍വറിനു രഹസ്യ പിന്തുണ നല്കിയവരുടെയും ധൈര്യം . പാര്‍ട്ടിയുടെ കൈകളില്‍ കെട്ടപ്പെട്ടിരിക്കുകയാണ് എന്ന് അന്‍വര്‍ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറം അറിയുന്നവര്‍ക്കൊക്കെ വ്യക്തമാണ് . മുന്‍പ് കോണ്‍ഗ്രസ് രാഷ്ട്രീയം നേരിട്ട പ്രതിസന്ധിയാണ് ഇനിയുള്ള കാലം സാമുദായിക പ്രീണനത്തിന് ഇറങ്ങിയ സിപിഎമ്മിനെ കാത്തിരിക്കുന്നതെന്നും വ്യക്തം.
അധികാരം മാത്രം ലക്ഷ്യമിട്ടുള്ള ഓട്ടത്തില്‍ വഴിയേ പോയവര്‍ക്കൊക്കെ തോളില്‍ കൈയ്യിട്ട സിപിഎം വഴിതെറ്റി പോയ അവസ്ഥയില്‍ നിന്നും തിരികെ നടന്നു കയറാനും പ്രയാസമാണ് . അത്തരം തിരിച്ചു നടക്കല്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയില്‍ ഒട്ടേറെ മുന്നോട്ടു പോയ സിപിഎമ്മിന് ആത്മഹത്യപരവും കൂടിയാണ് . അതിനാല്‍ പഴയകാല പാര്‍ട്ടി പ്രതാപവും അച്ചടക്കവും മാമൂലുകളും ഒക്കെ മറന്നു അന്‍വര്‍മാരോട് സമരസപ്പെട്ടും മിതമായ നിലയില്‍ കൈകാര്യം ചെയ്തുമേ ഇനി സിപിഎം മുന്നോട്ട് നീങ്ങൂ . അതിന്റെ തെളിവാണ് രണ്ടു ദിവസമായിട്ടും തനിക്കെതിരെയും കുടുംബത്തിന് എതിരെയും ഉയര്‍ന്ന ശക്തമായ ആരോപണ ആക്രമണത്തെ നേരിടാതെ മൗനത്തില്‍ കഴിയാന്‍ പിണറായി എന്ന ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാതെ രാഷ്ട്രീയക്കാരന്‍ തയാറാകുന്നത് .
ഉള്ളില്‍ പേടി കയറിയ പിണറായിയും സിപിഎമ്മും ഇനിയുള്ള കാലം എകെജി സെന്റര്‍ തകര്‍ക്കാന്‍ ഉള്ള കരുത്തു തന്റെ കൈകളില്‍ ഉണ്ടെന്ന വാദത്തെ വീമ്പു പറച്ചില്‍ ആയി കരുതാതെ ആയുധം കൈയില്‍ ഉള്ളവനെ കാണുമ്പോള്‍ മാറിപ്പോകുക എന്ന നയത്തിലേക്ക് അതിവേഗം ചെന്നെത്തുക തന്നെ ചെയ്യും എന്നും ഉറപ്പാണ് . കാരണം ഇത് മാറിയ രാഷ്ട്രീയ കാലമാണ് , പേടിക്കേണ്ടവരെ പേടിച്ചേ മതിയാകൂ . നഷ്ടമാകാനുള്ളത് മുഖ്യമന്ത്രി കസേരയും ഭരണവുമാണ് .
കെ ആര് ഷൈജുമോന്‍, ലണ്ടന്‍. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.