- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്‍ഡിഎഫിനെതിരേ ഭീഷണികള്‍ ചിലര്‍ മുഴക്കുന്നതായി കേള്‍ക്കുന്നുണ്ട്; ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്; അതൊന്നും പുതുമയുള്ള കാര്യമല്ല'; പി.വി അന്‍വറിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ നിശ്ശിതമായ വിമര്‍ശനം
തലശ്ശേരി: പി.വി അന്‍വറിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പല മോഹങ്ങളുമായിട്ടാണല്ലോ നടപ്പ്, ചിലര്‍ വിചാരിച്ചാല്‍ എല്ലാരേയും അങ്ങ് യോജിപ്പിച്ചുകളയാന്‍ കഴിയും, എല്‍ഡിഎഫിനെതിരേ വലിയ തോതില്‍ അണിനിരത്തിക്കളയും എന്നൊക്കെയുള്ള ഭീഷണികള്‍ ചിലര്‍ മുഴക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങള്‍ എത്രയോ കണ്ടതല്ലേ, ഇത്തരം ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച് കണാരന്‍ അനുസ്മരണ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പേരെടുത്ത് പറയാതെ അന്‍വറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കോണ്‍ഗ്രസിനെതിരേയും യുഡിഎഫിനെതിരേയും നിശ്ശിതമായ വിമര്‍ശനവും മുഖ്യമന്ത്രി ഉയര്‍ത്തി. വര്‍ഗീയ ശക്തികളായ ആര്‍എസ്എസും സംഘപരിവാരും ബിജെപിയും എന്‍ഡിഎയും ഉയര്‍ത്തുന്ന അതേവാദഗതികളാണ് ഒരു വ്യത്യാസവുമില്ലാതെ കോണ്‍ഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന യുഡിഎഫ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ്-ബിജെപി ഉള്ളുകളികളെല്ലാം പുറത്തുവന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്
പല മോഹങ്ങളുമായിട്ടാണല്ലോ നടപ്പ്, ചിലര്‍ വിചാരിച്ചാല്‍ എല്ലാരേയും അങ്ങ് യോജിപ്പിച്ചുകളയാന്‍ കഴിയും, എല്‍ഡിഎഫിനെതിരേ വലിയ തോതില്‍ അണിനിരത്തിക്കളയും എന്നൊക്കെയുള്ള ഭീഷണികള്‍ ചിലര്‍ മുഴക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങള്‍ എത്രയോ കണ്ടതല്ലേ, ഇത്തരം ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ല.
കേരളത്തില്‍ എല്ലാ വര്‍ഗീയ ശക്തികളും ഒരേ സ്വരത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണ്. ഒരുഭാഗത്ത് ആര്‍എസ്എസും സംഘപരിവാറും, ബിജെപിയും എന്‍ഡിഎയും ശക്തമായ എതിര്‍പ്പാണ് ഞങ്ങള്‍ക്കെതിരേ ഉയര്‍ത്തുന്നത്. അവരുടെ അജണ്ട ഇവിടെ നടപ്പാക്കാന്‍ കഴിയുന്നില്ല. അയ്യോ, ഞങ്ങള്‍ ഇവിടത്തെ ജമാഅത്തെ ഇസ്ലാമിയാണേ, ഇന്ത്യയ്ക്ക് പുറത്തുള്ള ജമാഅത്തെ ഇസ്ലാമി അല്ലെന്നാണ് അവര്‍ ഇടയ്ക്കിടെ പറയുന്നത്. പക്ഷെ ശുദ്ധമായ വര്‍ഗീയതയാണ് കൈകാര്യം ചെയ്യുന്നത്. ഒക്കെചങ്ങായി ആയി എസ്ഡിപിഐയും ഉണ്ട്. അവര്‍ക്കും എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും ശക്തമായി എതിര്‍ക്കാനാണ് താല്‍പര്യം. എല്‍ഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരും ശരിയായ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് എല്ലായ്പ്പോഴും അവര്‍ എല്‍ഡിഎഫിനെതിരേ നിലകൊള്ളുന്നത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ ആര്‍എസ്എസ്സിനും സംഘപരിവാറിനും പൊള്ളുന്നു, ജമാഅത്തെ ഇസ്ലാമിക്കും പൊള്ളുന്നു. നിങ്ങള്‍ക്ക് പൊള്ളുന്നു എന്നത് ഞങ്ങളുടെ പ്രശ്നമല്ല, ഞങ്ങള്‍ ഇതേ നിലപാടാണ് പണ്ടും സ്വീകരിച്ചിട്ടുള്ളത്. അത് തന്നെയാണ് ഇനിയും സ്വീകരിക്കുക. വര്‍ഗീയ ശക്തികളോട് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാനുള്ളതും അതാണ്.
ആര്‍എസ്എസും സംഘപരിവാരും ബിജെപിയും എന്‍ഡിഎയും ഉയര്‍ത്തുന്ന അതേവാദഗതികളല്ലേ ഒരു വ്യത്യാസവുമില്ലാതെ ഉയര്‍ത്തിക്കൊണ്ടല്ലേ കോണ്‍ഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന യുഡിഎഫ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ തങ്ങള്‍ക്കൊപ്പമാക്കാമെന്ന് പലഘട്ടത്തിലും വ്യാമോഹിച്ചു. പക്ഷെ അത് യാഥാര്‍ഥ്യമായില്ല. സിപിഎമ്മിന്റെ ആര്‍എസ്എസ് പ്രീണനം, സിപിഎം സംഘപരിവാറിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നു എന്നൊക്കെയുള്ള എന്തെല്ലാ പ്രചരണങ്ങള്‍ അവര്‍ അഴിച്ചുവിട്ടു.ഇതിനൊന്നും അധികം ആയുസ്സില്ല. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഉള്ളുകളികളെല്ലാം അറിയാവുന്നവര്‍ തന്നെ പരസ്യമായി പറഞ്ഞല്ലോ, എങ്ങനെയാണ് ഡീല്‍ ഉറപ്പിച്ചത് എന്നാണ് പറഞ്ഞത്. അത് പുറത്തുവന്നപ്പോള്‍ അവര്‍ക്ക് കുറച്ച് വിഷമമുണ്ട്. ഇതൊന്നും മറച്ചുവെക്കാന്‍ കഴിയുന്നതല്ലല്ലോ, ഞങ്ങള്‍ നേരത്തെ പറഞ്ഞതും ഇതുതന്നെയല്ലേ.
ഗോള്‍വാക്കറിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി വണങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം നല്‍കുന്ന സന്ദേശമെന്താണ്. മാര്‍ക്സിസ്റ്റുകാര്‍ ആക്രമിക്കാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ എന്റെ ആളുകളെ ആര്‍എസ്എസ് ക്യാമ്പിലേക്ക് അയച്ചു എന്ന് പറയുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാവുള്ള നാടല്ലേ ഇത്. ഞങ്ങളാരെങ്കിലും ഇത് തിരുകി കൊടുത്ത കാര്യമല്ലല്ലോ ഇത്. ഈ നാടിന് മുന്നില്‍ പറഞ്ഞ കാര്യമല്ലേ, നമ്മള്‍ കേട്ടതല്ലേ. അതല്ലേ നിങ്ങളുടെ ആര്‍എസ്എസ് പ്രേമം. നിങ്ങളുടെ കൂട്ടത്തില്‍ എത്ര പേര്‍ അങ്ങോട്ടേക്ക് പോകാന്‍ കച്ചകെട്ടി ഇരിക്കുന്നു, ഏതെല്ലാം തരത്തിലുള്ള ഓഫറുകള്‍ നിങ്ങള്‍ തമ്മില്‍ സംസാരിച്ച് ഉറപ്പിച്ചിരിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണെന്നാണോ ധരിച്ചിരിക്കുന്നത്. നിങ്ങളുടെ രഹസ്യമറിയാവുന്ന ചിലര്‍ ഇപ്പോഴത് പുറത്തുപറഞ്ഞിരിക്കുന്നു. രാഷ്ട്രീയമായി നിങ്ങളുടെ നീക്കമെന്താണെന്ന് ഞങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സര്‍വസന്നാഹം കൂട്ടി വലതുപക്ഷ മധ്യമങ്ങളെയാകെ ഒന്നിച്ച് അണിനിരത്തി സര്‍ക്കാരിനേയും പാര്‍ട്ടിയേയും തകര്‍ക്കാമെന്നാണ് കരുതിയിരിക്കുന്നത്. ഞങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഒരു കാര്യവും മറച്ചുവെയ്ക്കാനില്ല, അതുതന്നെയാണ് ജനങ്ങള്‍ എല്‍ഡിഎഫിന് നല്‍കുന്ന പിന്തുണയുടേയും അടിസ്ഥാനം--മുഖ്യമന്ത്രി പറഞ്ഞു