തിരുവനന്തപുരം: കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ എന്‍സിപി നേതാവ് തോമസ് കെ തോമസിന് മറുപടിയുമായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. കൂറുമാറ്റത്തിനു കോഴ എന്നതു സംബന്ധിച്ച് നേരത്തേ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിന്റെ അപക്വമായ പ്രതികരണത്തില്‍നിന്നു തന്നെ ജനങ്ങള്‍ക്കു സത്യം മനസിലായിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

താന്‍ മന്ത്രിയാകുന്നത് തടയാന്‍ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ഞാന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു.

ഞാനും കോവൂര്‍ കുഞ്ഞുമോനും ഒരു ബ്ലോക്കായി ഇരിക്കുന്നുവെന്നത് ശരിയല്ല. തോമസ് കെ തോമസ് മന്ത്രിയാകുന്നത് തടയാന്‍ ഞാന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം പറയാന്‍ എനിക്ക് പരിമിതികളുണ്ട്. ഇന്നത്തെ വാര്‍ത്തയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എനിക്കു അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്. മുന്നണിയിലുള്ള ആളെന്ന നിലയില്‍ എല്ലാം തുറന്നു പറയാന്‍ കഴിയില്ല. പറയേണ്ട സാഹചര്യം വന്നാല്‍ എല്ലാം തുറന്നു പറയും. അന്വേഷണം വേണമെന്ന് തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു വ്യക്തമാക്കി. എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.

തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി മുഖ്യമന്ത്രിയുമായി പങ്കുവച്ചെന്ന് ആന്റണി രാജു പറഞ്ഞു. എവിടെവച്ച് സംസാരിച്ചുവെന്നതില്‍ പ്രസക്തിയില്ല. മുന്നണിയില്‍ നില്‍ക്കുന്ന കക്ഷിയെന്ന നിലയില്‍ കൂടുതല്‍ പറയാന്‍ പരിമിതിയുണ്ട്. നിയമസഭയുടെ ലോബിയില്‍ വച്ച് സംസാരിച്ചെന്ന് പറഞ്ഞത് തോമസ് കെ.തോമസ് ആണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയോ എന്ന് അറിയില്ലെന്നും ആന്റണി രാജു പറഞ്ഞു. തോമസ് കെ.തോമസ് അപക്വമായ പ്രതികരണം നടത്തിയതു കൊണ്ടാണ് ഇത്രയും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രലോഭനങ്ങളില്‍ വീഴുന്ന രാഷ്ട്രീയനിലപാട് കഴിഞ്ഞ 52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ സ്വീകരിച്ചിട്ടില്ല. 1990 മുതല്‍ 6 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് എല്‍ഡിഎഫില്‍നിന്നു മാത്രമാണ്. 2016ല്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടും മാറി മത്സരിക്കാന്‍ തയാറായില്ലെന്നും ആന്റണി രാജു പറഞ്ഞു.

തോമസ് ചാണ്ടി മന്ത്രിയായിരിക്കെ ഹൈക്കോടതിയില്‍ സര്‍ക്കാരിന് എതിരെ കേസ് കൊടുത്തത് നിയമപരമായി അദ്ദേഹത്തിനു ദോഷം ചെയ്യാനാണ് സാധ്യത എന്നാണ് അന്ന് പറഞ്ഞത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്ന് അദ്ദേഹത്തിനു രാജി വയ്ക്കേണ്ടിവന്നു. അഭിഭാഷകനെന്ന നിലയില്‍ നിയമപരമായ അറിവു വച്ചുള്ള കാര്യമാണ് അന്ന് പങ്കുവച്ചത്. അല്ലാതെ ഇവരുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പ്രതികരിച്ചിട്ടില്ല. തോമസ് ചാണ്ടിയുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല. തോമസ് കെ.തോമസ് പറഞ്ഞതു പോലെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒരിക്കലും കുട്ടനാട്ടില്‍ മത്സരിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് അവിടെ മല്‍സരിച്ചത്. പരസ്പര വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് തോമസ് കെ.തോമസ് ഉന്നയിച്ചത്.

കുട്ടനാട് മണ്ഡലത്തിലെ വികസനത്തില്‍ തിരുവനന്തപുരത്തെ എംഎല്‍എയായ താന്‍ അസ്വസ്ഥനാണെന്നാണ് തോമസ് കെ.തോമസ് പറഞ്ഞത്. എത്രത്തോളം ബാലിശമാണ് അദ്ദേഹത്തിന്റെ വിശദീകരണമെന്ന് അതോടെ വ്യക്തമാണ്. നിയമസഭയില്‍ ഞാനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസും ഒരു ബ്ലോക്കാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതു ശരിയല്ല. ആറ് എംഎല്‍എമാര്‍ പ്രസംഗിക്കാന്‍ വേണ്ടി പരസ്പരം സമയം കൊടുക്കാറുണ്ട്. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്ന് ഇന്നുവരെ ഒരു ചോദ്യവും ചോദിച്ചിട്ടില്ല. അത്തരം വിലകുറഞ്ഞ ആരോപണങ്ങളാണ് അദ്ദേഹം നടത്തുന്നത്. മുഖ്യമന്ത്രിയെ ഞാന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അദ്ദേഹം ഉയര്‍ത്തിയ മറ്റൊരു പ്രധാന കാര്യം. ഞാന്‍ പറഞ്ഞാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണ് മുഖ്യമന്ത്രി എന്ന അദ്ദേഹത്തിന്റെ വാദവും ബാലിശമാണെന്നും ആന്റണി രാജു പറഞ്ഞു.