- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണക്കാട് തങ്ങന്മാരെ ആര്യാടന് നിശിതമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാതിരുന്നു; അക്കൂട്ടര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളുകയാണ്; ആര്യാടനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്
ആര്യാടനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറുണ്ടോ?
മലപ്പുറം: പാണക്കാട് തങ്ങന്മാരെ ആര്യാടന് മുഹമ്മദ് നിശിതമായി വിമര്‍ശിച്ചിട്ടും മിണ്ടാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉറഞ്ഞുതുള്ളുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ മുതിര്‍ന്ന നേതാവായിരുന്നു ആര്യാടന് മുഹമ്മദിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ലീഗ് പ്രസിഡന്റായ പാണക്കാട് തങ്ങളെ ആത്മീയ നേതാവായി താന്‍ കാണുന്നില്ലെന്നും രാഷ്ട്രീയ നേതാവെന്ന നിലയ്ക്ക് അദ്ദേഹത്തെ ആര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ആര്യാടന് പറഞ്ഞത് വിവാദത്തിനിടയാക്കിയിരുന്നു. നാളെ പാണക്കാട് തങ്ങള്‍ മന്ത്രിയായാല്‍ അദ്ദേഹം കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച കൂടാതെ പാസാക്കുമോ എന്നും ആര്യാടന് ചോദിച്ചിരുന്നു.
മുസ്ലിംലീഗ് പ്രസിഡന്റായതുകൊണ്ടാണ് മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമര്‍ശിച്ചത്. അത് മഹാപരാധമായി കാണുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെ നേതാക്കള്‍ ആര്യാടന്റെ വാക്കുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഒരേ മുന്നണിയില്‍ ആയിരിക്കുമ്പോഴും ലീഗ് അധ്യക്ഷന്മാരായ പാണക്കാട് തങ്ങന്മാരെ ആര്യാടന് ഓരോകാലത്തും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ് നേതാക്കളാരും ആര്യാടനെ തള്ളിപ്പറഞ്ഞിട്ടില്ല. രാഷ്ട്രീയ വിമര്‍ശനങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനുപകരം മതപരമായി വ്യാഖ്യാനിക്കുന്നത് ലീഗിനും കോണ്‍ഗ്രസിനും ഗുണകരമല്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ. മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ലീഗിന്റെ മതമൗലികവാദ കൂട്ടുകെട്ടിനെ തള്ളിപ്പറയാന്‍ തയ്യാറാകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സമൂഹം ഉള്‍ക്കൊള്ളാത്ത ഒന്നാണെന്നുമാണു ഇന്നലെ വിഷയത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഗവണ്മെന്റിന് പറ്റാത്തത് പാണക്കാട്ടെ തങ്ങള്‍ ചെയ്യുന്നതിലുള്ള അസൂയയാണ് മുഖ്യമന്ത്രിക്ക്. മുനമ്പം വിഷയത്തിലടക്കം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാദിഖലി തങ്ങളുടെ ഇടപെടല്‍ ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിലാണ് പാണക്കാട് തങ്ങന്മാരുടെ സ്ഥാനമെന്നും ഗവണ്മെന്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയ പ്രക്ഷുബ്ദതയുടെ കാലത്ത് ശിഹാബ് തങ്ങള്‍ എടുത്ത അതേനിലപാട് തന്നെയാണ് സാദിഖലി തങ്ങളും സ്വീകരിക്കുന്നത്. മുനമ്പം വിഷയം കാത്താതിരിക്കാന്‍ ഉടന്‍ മതസംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും മതമേലധ്യക്ഷരുമായി വേണ്ട സന്ദര്‍ഭത്തില്‍ സംസാരിക്കാനിരിക്കുകയുമാണ്. എന്നാല്‍ പ്രശ്നം അവസാനിക്കരുതെന്ന ബി.ജെ.പിയുടെ നയം തന്നെയാണ് സി.പി.എമിനുമുള്ളത്. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഏതറ്റംവരെയും പോകാമെന്ന സി.പി.എം നിലപാടിന്റെ ഭാഗമാണ് ഇത്. ഗതികേടിന്റെ അറ്റമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തോടെ യു.ഡി.എഫാണ് വിജയിക്കാന്‍ പോകുന്നതെന്ന പ്രതീതി മണ്ഡലത്തിലുണ്ടായിട്ടുണ്ട്. ഇത് മതേതരവിശ്വാസികളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കുമെന്ന ഭയത്തിലാണ് ഇത്തരം പ്രസ്താവനകള്‍. സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് ഇന്ത്യ മുന്നണിയുടെ ഭാഗമാകുന്നതിനെ സി.പി.എം സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും എന്നാല്‍ ഇടത്പക്ഷത്താണ് കൂട്ടക്കരച്ചിലുയരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറാണെന്നായിരുന്നു സി.പി.എം നേതാക്കളുടെ പക്ഷം. എന്നാല്‍ ഇന്ന് അദ്ദേഹത്തിനില്ലാത്ത കുറ്റങ്ങളില്ല. സന്ദീപ് വാര്യര്‍ പാണക്കാട് വന്നത് നല്ല സന്ദേശമാണ് നല്‍കുകയെന്നും അതിന് പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ