കല്‍പ്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ച് മണ്ഡല സന്ദര്‍ശനം തുടരുന്നു. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ അധികാരത്തില്‍ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡലപര്യടന വേളയില്‍ വ്യക്തമാക്കി.

ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ദുരന്ത ബാധിതരെ സഹായിക്കാന്‍ നാട് മുഴുവന്‍ ഒരുമിച്ച് നിന്നത് രാജ്യം മുഴുവന്‍ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികള്‍ പോലും വയനാട്ടിലേക്ക് വരാന്‍ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് എനിക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു.

'വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ഞാന്‍ ശബ്ദം ഉയര്‍ത്തും. 35 വര്‍ഷമായി ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. ഇക്കാലയളവില്‍ ലക്ഷക്കണക്കിന് ആളുകളെ ഞാന്‍ കണ്ടുമുട്ടി. പക്ഷെ ആദ്യമായിട്ടാണ് ഞാന്‍ മത്സരിച്ചത്. ഈ പ്രചാരണത്തില്‍ ഇവിടെ കണ്ടു മുട്ടിയ ഓരോ മുഖവും ഞാന്‍ ജീവിതത്തില്‍ എന്നും ഓര്‍ക്കും'. അവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി.

''ബിജെപിയുടെ പെരുമാറ്റത്തില്‍ യാതൊരുവിധ രാഷ്ട്രീയ മര്യാദയുമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അടിസ്ഥാനപരമായ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടിയാണ്. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ പോരാടും. ജനങ്ങള്‍ക്ക് ഏത് സമയത്തും അവരുടെ പ്രശ്‌നങ്ങളുമായി എന്റെയടുത്ത് വരാം.'' പ്രിയങ്ക പറഞ്ഞു.

വയനാട്ടില്‍ എന്തു ദുരന്തം ഉണ്ടായാലും അര്‍ഹതപ്പെട്ടത് നല്‍കില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ വിജയിച്ച സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്.

''കേരളത്തിലെ ജനങ്ങള്‍ എങ്ങനെയാണു വയനാട്ടിലെ ദുരന്തബാധിതരെ സഹായിച്ചതെന്ന് നമുക്കറിയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'കഫെ ജൂലൈ 30'. ദുരന്തത്തില്‍ 11 പേരെ നഷ്ടമായ നൗഫല്‍ കുറച്ചു ദിവസം മുന്‍പാണ് 'ജൂലൈ 30' എന്ന പേരില്‍ ഒരു കഫെ ആരംഭിച്ചത്. അടുത്ത തവണ വരുമ്പോള്‍ ഞാന്‍ ആ കഫേയില്‍ പോയി അവര്‍ക്ക് പിന്തുണ കൊടുക്കും. അതുവഴി പോകുമ്പോള്‍ നിങ്ങള്‍ എല്ലാവരും അവിടെ കയറണം. അവിടെനിന്ന് ഒരു കാപ്പി കുടിക്കണം.'' രാഹുല്‍ ഗാന്ധി പറഞ്ഞു.

''നമ്മള്‍ സ്‌നേഹത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ബിജെപി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം വെറുപ്പിനെയും വിദ്വേഷത്തെയും വര്‍ഗീയതയെയും കുറിച്ചാണ് സംസാരിക്കുന്നത്. നമ്മള്‍ വിനയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ അഹങ്കാരത്തോടെയാണ് ജനങ്ങളുമായി ഇടപെടുന്നത്. ഇത് ആശയപരമായ പോരാട്ടമാണ്. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ അദാനിയെ മാത്രം പ്രത്യേകമായി പരിഗണിക്കണമെന്നാണ് നരേന്ദ്രമോദി പറയുന്നത്. ഇ.ഡിയും സിബിഐയും അടക്കം എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ കയ്യിലുണ്ട്. എന്നാല്‍ ജനങ്ങളുടെ ഹൃദയം ഞങ്ങളിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.'' രാഹുല്‍ ഗാന്ധി പറഞ്ഞു.

പൊള്ളുന്ന വെയില്‍ വകവയ്ക്കാതെ നൂറുകണക്കിനാളുകളാണ് രാഹുലിനേയും പ്രിയങ്കയേയും കാത്തുനിന്നത്. മുക്കത്തെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് തിരിച്ചു പോയി. പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത ശേഷം നാളെ വൈകിട്ട് ഡല്‍ഹിക്കു മടങ്ങും.

അതേ സമയം പ്രിയങ്ക ഗാന്ധി എംപിയുടെ സ്വീകരണ പരിപാടികളില്‍ ലീഗ് നേതാക്കളുടെ അസാന്നിധ്യം എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വയനാട് മുസ്ലിം ലീഗ്. ലീഗിന് ഒരു അതൃപ്തിയുമില്ലെന്ന് വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി പ്രതികരിച്ചു. മുസ്ലിം ലീഗും കോണ്‍ഗ്രസും എല്ലാം യുഡിഎഫ് എന്ന നിലയിലാണ് തീരുമാനം എടുക്കുന്നത്. മണ്ഡല അടിസ്ഥാനത്തിലുള്ള ലീഗ് നേതാക്കള്‍ ഓരോ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. പാണക്കാട് തങ്ങളും സംസ്ഥാന നേതാക്കളും സ്ഥലത്തില്ല. വയനാട്ടില്‍ മുസ്ലിം ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ സജീവമായി വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്നും കെ കെ അഹമ്മദ് ഹാജി പറഞ്ഞു.