കോഴിക്കോട്: ചേവായൂരില്‍ സംഭവിച്ചത് പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കില്‍ ആവര്‍ത്തിച്ചാല്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതു പോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്നും നിക്ഷേപിച്ച പണം കോണ്‍ഗ്രസ് അനുഭാവികള്‍ കൂട്ടത്തോടെ പിന്‍വലിക്കും.

അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അട്ടിമറിയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസിന്റെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൊലീസ് സഹായത്തോടെ അട്ടിമറിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് കമീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് മണിക്കൂറോളം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പൊലീസിന് നേരെ കല്ലേറുമുണ്ടായി.

ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വാഹനത്തിന് മുന്നിലും പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമായിരുന്നു കമീഷണര്‍ ഓഫീസിനു മുന്നില്‍ നിലയുറപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.