കൊല്ലം: ഇക്കൊല്ലത്തെ സി പി എം ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമിട്ട കൊല്ലം സമ്മേളനത്തില്‍ വിഭാഗിയത പ്രശ്‌നങ്ങള്‍ തന്നെയാകും ചൂടേറിയ ചര്‍ച്ച. സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി എസ് സുദേവനും കരുനാഗപ്പള്ളി വിഷയം വലിയ തോതില്‍ ചൂണ്ടികാണിച്ചുകഴിഞ്ഞു. ജില്ലാ നേതൃത്വത്തിന് എതിരെയടക്കം കനത്ത വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്. കരുനാഗപ്പള്ളിയിലെ പ്രശ്‌നം പരിഹരിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ലെന്നും ഏരിയ കമ്മിറ്റി വിഷയം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി. എന്നിട്ടും ഗൗരവ സ്വഭാവത്തോടെ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചില്ലെന്നും ഗോവിന്ദന്‍ വിവരിച്ചു. സമ്മേളനം നടത്താന്‍ എത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സമ്മേളനം നടത്തുന്നതില്‍ നേതാക്കള്‍ക്കും വീഴ്ച പറ്റിയെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

നേരത്തെ ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചൂണ്ടികാട്ടിയത്. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.

കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരേ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ പലഭാഗത്തും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുത്തു. നേതൃത്വത്തെ അവഗണിക്കാനും നേതാക്കളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കമാണ് കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്നതെന്നും ജില്ലാസെക്രട്ടറി എസ്. സുദേവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ആവശ്യപ്പെട്ടതാണ്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരേ മത്സരം നടന്നിരുന്നു. ഈ മത്സരത്തില്‍ ഔദ്യോഗിക പക്ഷത്തെ ആറ് പേര്‍ പരാജയപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യം വീണ്ടും ആവര്‍ത്തിക്കരുതെന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകമ്മറ്റിയുടേയും ജില്ലാ സെക്രട്ടറിയേറ്റിന്റേയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്.

എന്നാല്‍, സംസ്ഥാന നോതൃത്വത്തിന്റേയും ജില്ലാനേതൃത്വത്തിന്റേയും നിര്‍ദേശങ്ങള്‍ അംഗീകരിച്ചല്ല കരുനാഗപ്പള്ളിയിലെ പാര്‍ട്ടി നേതൃത്വം പോയതെന്നാണ് വിമര്‍ശനം. നേതാക്കളുടെ പ്രവര്‍ത്തനമികവ് ഇകഴ്ത്തിക്കാണിക്കാനും അവരെ ജനങ്ങളുടെ മുന്നില്‍ താറടിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയുടെ ഭാഗത്ത് നിന്നുമുണ്ടായി. സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, അതിന് ശേഷം നടന്ന ലോക്കല്‍ സമ്മേളനങ്ങളിലും മോശംപ്രവണതയുണ്ടായി. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനത്തിലെ പ്രവര്‍ത്തനങ്ങളെ എടുത്തു പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ പലസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന സാഹചര്യമുണ്ടായെന്നാണ് മറ്റൊരു വിമര്‍ശനം. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ തുടക്കം കരുനാഗപ്പള്ളിയാണെന്നും റിപ്പോര്‍ട്ട് പറഞ്ഞുവെയ്ക്കുന്നു. ഇത്തരം ആളുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സംസ്ഥാന സമ്മേളനത്തിന് ശേഷമായിരിക്കും കരുനാഗപ്പള്ളിയില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് തീരുമാനിക്കുക.