- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അന്‍വര്‍ പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക്? കെ. സുധാകരന്റെ പിന്തുണയോടെ ഡല്‍ഹി കേന്ദ്രീകരിച്ച് ചര്‍ച്ച; കെ.സി.വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി; സതീശന്റെ നിലപാട് നിര്‍ണായകം; തീരുമാനം ഉടന്‍
പി വി അന്‍വര്‍ പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക്?
തിരുവനന്തപുരം: ഇടത് സഹയാത്രികനായിരുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ പഴയ തട്ടകമായ കോണ്‍ഗ്രസിലെക്ക് മടങ്ങിയെത്താനു നീക്കങ്ങള്‍ നടത്തുന്നതായി സൂചന. സംസ്ഥാനത്തെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. എല്‍.ഡി.എഫ് വിട്ട ശേഷം ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തിയ അന്‍വര്‍ ഏറ്റവും ഒടുവിലായി തന്റെ പഴയ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കമാണ് നടത്തിവരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാര്‍ട്ടിയിലെത്താനാണ് അന്‍വര്‍ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അന്‍വര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കെ.സി. വേണുഗോപാലുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മലപ്പുറത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അന്‍വറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. കെ. സുധാകരനുമായി അന്‍വര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതില്‍ തെറ്റില്ലെന്ന് നേരത്തെ വി.ടി.ബല്‍റാം അടക്കമുള്ള നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യങ്ങളും പുതിയ ചര്‍ച്ചകളും ഈ നിലപാടില്‍ മാറ്റമുണ്ടായേക്കാം.
ഡിഎംകെ തള്ളിയതോടെ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സര്‍ക്കാറിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വര്‍ പുറത്തായത്.
ഇടതുപാളയം വിട്ടതോടെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന സംവിധാനം രൂപവല്‍കരിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ശക്തിപ്രകടനത്തിന് ശ്രമം നടത്തിയിരുന്നു. വയനാടും പാലക്കാടും യു.ഡി.എഫിന് പിന്തുണയും നല്‍കിയിരുന്നു. ചേലക്കരയില്‍ കെ.പി.സി.സി മുന്‍ സെക്രട്ടറി എന്‍.കെ സുധീറിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിപ്പിച്ചു. നാലായിരത്തോളം വോട്ടുകളും സുധീര്‍ സ്വന്തമാക്കിയിരുന്നു.