- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം; പ്രതികളെ രക്ഷിക്കാനായി ചെലവാക്കിയ പണം സിപിഎം സര്‍ക്കാരിലേക്ക് അടക്കണമെന്ന് വി ഡി സതീശന്‍; ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം: വി ഡി സതീശന്‍
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി കൊല്ലപ്പെട്ടവരുടെ കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊല്ലണമെന്ന് തീരുമാനിച്ചതും കൊന്ന് കഴിഞ്ഞ് പ്രതികളെ ഒളിപ്പിച്ചതും തെളിവു നശിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. പ്രതികളെ രക്ഷിക്കാന്‍ ചെലവാക്കിയ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎമ്മും സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനുവേണ്ടി ചെലവാക്കി. കൊല്ലണമെന്ന് തീരുമാനിച്ചതും കൊന്ന് കഴിഞ്ഞ് പ്രതികളെ ഒളിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. തെളിവുനശിപ്പിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താനായി പോലീസിനെ ദുരുപയോഗം ചെയ്തത് സര്‍ക്കാരാണ്. ഇതിനെല്ലാം നേതൃത്വം കൊടുത്ത പാര്‍ട്ടിയാണല്ലോ കേരളം ഭരിക്കുന്നതെന്നോര്‍ത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്. - പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇത് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. ധാര്‍മികതയുടെ വിജയമാണിത്. പ്രതികളെ രക്ഷിക്കാനായി ഒരുകോടിയോളം രൂപ നികുതിപ്പണത്തില്‍ നിന്ന് ചെലവാക്കി. ഈ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്ന് ആവശ്യപ്പെടുകയാണ്. കേരളത്തിലെ ജനങ്ങളോടും കുടുംബത്തോടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ക്ഷമാപണം നടത്തണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഈ കേസ് ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത് കൊടുക്കുന്ന സന്ദേശമെന്താണ്. ആരേയും ആര്‍ക്കും കൊല്ലാമെന്നല്ലേ. എന്ത് കാരണത്തിന്റെ പേരിലാണ് കുട്ടികളെ കൊന്നത്. തങ്ങള്‍ നീതി വാങ്ങുന്നതുവരെ കുടുംബത്തോടൊപ്പമുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസ് വിധിയിലൂടെ കുടുംബത്തിന് നീതി ലഭിച്ചുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിതെന്നും വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയത് നീതീകരിക്കാന്‍ കഴിയാത്ത സംഭവമാണെന്നും ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം നടത്തിയതിനെതിരെയും പ്രതികരണമുണ്ടായി. വെറും വ്യക്തിയല്ല മന്‍മോഹന്‍ സിങ് എന്നും മുഖ്യമന്ത്രി കേരളത്തില്‍ ഇന്ന് ചടങ്ങുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്‍മോഹന്‍ സിങ് എല്ലാവരാലും ആദരിക്കപ്പെടുന്നയാളാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.