മലപ്പുറം: സമസ്തയുടെ വേദിയില്‍ മുസ്ലിം ലീഗ് നേതാക്കളെ പ്രശംസിച്ച് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുമ്പോഴെല്ലാം പാണക്കാട് തങ്ങള്‍മാരും പികെ കുഞ്ഞാലികുട്ടിയും സമാധാന സന്ദേശവുമായി എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഗരീബ് നവാസ് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

മുസ്ലിം ലീഗുമായി ഒരു കാലത്തും അകല്‍ച്ച ഉണ്ടായിട്ടില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം മുതല്‍ നല്ല ബന്ധമാണുള്ളത്. എല്ലാ മതസമൂഹങ്ങളെയും ചേര്‍ത്തു നിര്‍ത്തുന്ന സമീപനമാണ് കോണ്‍ഗ്രസും യുഡിഎഫും എന്നും സ്വീകരിക്കാറുള്ളത്. ഇന്നിന്റെ ആവശ്യം ഇതാണ്. അത് നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ജാമിഅ നൂരിയ്യയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാര്‍പാപ്പയുമായി സാദിഖ് അലി തങ്ങള്‍ കൈകൊടുത്ത് നില്‍ക്കുന്ന ചിത്രം കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. എല്ലാ മതങ്ങളെയും ഒന്നിപ്പിക്കുന്നതാണ് പാണക്കാട് തങ്ങള്‍മാരുടെ പാരമ്പര്യം. ബാബറി മസ്ജിദ് പൊളിച്ച സമയത്ത് ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരുന്നത് പാണക്കാട് ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. എല്ലാ മതങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കുന്നവരാണ് പാണക്കാട് തങ്ങള്‍മാരെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സിപിഎം മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ പ്രായത്തിലും അദ്ദേഹം മലപ്പുറം ജില്ലയെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പാക്കിസ്ഥാന്‍ അനുകൂലികളുണ്ടായിരുന്നതെന്ന് അദ്ദേഹം പരാമര്‍ശിച്ചതായി അറിഞ്ഞു. മലപ്പുറം ജില്ലയെയും കേരളത്തെയും അപമാനിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്മാറണം. മതനിരപേക്ഷതയ്ക്കു പേരുകേട്ടതാണു മലപ്പുറം ജില്ലയും കേരളവുമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി എക്കാലവും രാജ്യം ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കാല്‍ ഇടറി തുടങ്ങി. ബിജെപിക്ക് 2024 ല്‍ ജനങ്ങള്‍ നല്‍കിയത് തോല്‍വിക്ക് സമാനമായ വിജയമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിച്ചു. ഇന്ത്യയുടെ ജുഡീഷ്യറി നിഷ്പക്ഷമാവാതിരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിയോജിപ്പുകള്‍ക്കിടയിലും ഫാസിസത്തിനെതിരെ യോജിക്കാന്‍ കഴിയും എന്നതാണ് 2024 തന്ന ഏറ്റവും വലിയ പ്രതീക്ഷ.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റ ഉത്തരവാദിത്തമാണ്. എന്നാല്‍ ബിജെപിയും ആര്‍എസ്എസും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നൂറ്റാണ്ടുകള്‍ മുന്‍പ് ഭരിച്ച മുഗള്‍ രാജാക്കന്മാര്‍ പോലും ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിച്ചിരുന്നില്ല. എന്നാലിപ്പോള്‍ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായി. ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഖുര്‍ആനും ഗീതയും ബൈബിളും നല്‍കുന്നത് മാനവികതയുടെ സന്ദേശമാണെന്നും ഹിന്ദു മതം ഒരു മതത്തെയും ഇകഴ്ത്തി കാണിക്കാന്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയവരുമായി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി. യുഡിഎഫ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു സ്വാഭാവികം എന്ന മറുപടിയാണ് ചെന്നിത്തല നല്‍കിയത്.