കായംകുളം: സിപിഎം എംഎല്‍എ യു. പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. കായംകുളത്ത് ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും ശോഭ ചോദിച്ചു. നേരത്തെ, കഞ്ചാവ് കേസില്‍ പ്രതിഭയെ പിന്തുണച്ചായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടുമെന്നും എഫ്ഐആറില്‍ പുകവലിച്ചു എന്ന് മാത്രമാണുള്ളതെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്നും സജി ചെറിയാന്‍ ചോദിച്ചു.

പ്രതിഭയുടെ മകനും സുഹൃത്തുക്കളും വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പ്രതിഭയുടെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. മകന്‍ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. യു പ്രതിഭ എംഎല്‍എയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നല്‍കേണ്ടയെന്നും സജി ചെറിയാന്‍ പറഞ്ഞു. യു പ്രതിഭയെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലെ മികച്ച എംഎല്‍എമാരില്‍ ഒരാളാണ് യു പ്രതിഭയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായംകുളത്ത് നടന്ന എസ് വാസുദേവന്‍ പിള്ള രക്തസാക്ഷി ദിന പരിപാടിയില്‍ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം. മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

''അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു.പ്രതിഭ എംഎല്‍എയെപ്പോലൊരു പൊതുപ്രവര്‍ത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകന്‍ തെറ്റു ചെയ്താല്‍ അമ്മയാണോ ഉത്തരവാദി? സാംസ്‌കാരിക മന്ത്രിക്കു സംസ്‌കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.'' ശോഭ പറഞ്ഞു.

ജി.സുധാകരന്‍ അഴിമതിരഹിതമായി ഭരിച്ച പൊതുമരാമത്ത് വകുപ്പില്‍ മുഖ്യമന്ത്രിയും മരുമകനും ചേര്‍ന്നു കുടുംബാധിപത്യവും അഴിമതിയും നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കായംകുളത്തു മറ്റു പാര്‍ട്ടികളില്‍നിന്നു ബിജെപിയില്‍ ചേര്‍ന്നവരെ സ്വീകരിക്കുന്ന ജനമുന്നേറ്റ സദസ്സില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും. സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം സാക്കിര്‍ ഹുസൈന്‍ ഉള്‍പ്പെടെ 51 പേരും കോണ്‍ഗ്രസില്‍നിന്നു 46 പേരും ഉള്‍പ്പെടെ 218 പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി നേതാക്കള്‍ അവകാശപ്പെട്ടു.

നേരത്തെ പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പടെ 9 പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. വാര്‍ത്ത പുറത്ത് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിഭ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തയെന്നും മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം. എന്നാല്‍, എംഎല്‍എയുടെ വാദം തള്ളുന്നതാണ് എഫ്‌ഐആറിലെ വിവരങ്ങള്‍. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. എന്‍ഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കനിവ് ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.