കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. മന്ത്രി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്.

ഗുരുതരമായി പരിക്കേറ്റ എം.എല്‍.എയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രി മുറിയിലെത്തി എം.എല്‍.എയെ കണ്ടു. ആരോഗ്യവിവരം ചോദിച്ചറിഞ്ഞു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.

എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. അതേസമയം, ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷമെന്നാണ് വീഡിയോ കോളില്‍ ഉമാ തോമസ് പറയുന്നത്. അതേസമയം, ഉമ തോമസ് എംഎല്‍എയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയത്.

ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. 15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമാ തോമസ് എം.എല്‍എ.യ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്. ഡിസംബര്‍ 31-ന് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരിക്കുകളില്‍ പുരോഗതി കാണിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിനൊപ്പം ചികിത്സ വിലയിരുത്തുന്നുണ്ട്.