- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന ഭയം; സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി; കൂത്താട്ടുകുളം നഗരസഭയില്‍ സംഘര്‍ഷങ്ങള്‍; നാടകീയ രംഗങ്ങള്‍
കൂത്താട്ടുകുളം നഗരസഭയില്‍ സംഘര്‍ഷാവസ്ഥ
കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ സംഘര്‍ഷാവസ്ഥ. എല്‍ഡിഎഫ് ഭരണ സമിതിക്ക് എതിരെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന് ഭയന്ന് സി പി എം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി. കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എല്‍ ഡി എഫ് ഭരണ സമിതിക്ക് എതിരെ പ്രതിപക്ഷം അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാന്‍ ഇരിക്കവെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കൗണ്‍സിലറെ കടത്തി കൊണ്ടുപോയത് പൊലീസ് നോക്കിനില്‍ക്കവെയായിരുന്നുവെന്ന് യു ഡി എഫ് ആരോപിച്ചു. യു ഡി എഫ് കൗണ്‍സിലര്‍മാരെ അകത്തു കയറാന്‍ സമ്മതിച്ചിട്ടില്ല. മുന്‍ മന്ത്രി അനുബ് ജേക്കബ് അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് നില്‍ക്കുന്നത് നേരിയ സംഘര്‍ഷവാസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.
വ്യാഴാഴ്ച ചേര്‍ന്ന കൂത്താട്ടുകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തെച്ചൊല്ലി യു.ഡി.എഫ്.- എല്‍.ഡി.എഫ്. തര്‍ക്കമുയര്‍ന്നിരുന്നു. താത്കാലിക നിയമനം നടത്താന്‍വേണ്ടി മാത്രം ഒരു അജന്‍ഡ ഉള്‍ക്കൊള്ളിച്ച് വ്യാഴാഴ്ച കൗണ്‍സില്‍ യോഗം വിളിച്ചത് ധാര്‍മികമായി ശരിയല്ല എന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ആക്ഷേപമുന്നയിച്ചിരുന്നു. യോഗത്തില്‍ സി.പി.എമ്മിന്റെ മൂന്ന് കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കൗണ്‍സിലിന്റെ അംഗസംഖ്യ 25 ആണ്. എല്‍.ഡി.എഫിന് 13 കൗണ്‍സിലര്‍മാരാണ് ഉള്ളത്. ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് യു.ഡി.എഫ്. വാദമുയര്‍ത്തിയിരുന്നു.
ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് എന്നിവര്‍ക്കെതിരേയാണ് യു.ഡി.എഫിലെ 11 കൗണ്‍സിലര്‍മാര്‍ അവിശ്വാസപ്രമേയം നല്‍കിയത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും രാജിവയ്ക്കണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിന്‍സ് പോള്‍ ജോണ്‍, യു.ഡി.എഫ്. കക്ഷിനേതാക്കളായ സി.എ. തങ്കച്ചന്‍, ബേബി കീരാംതടം എന്നിവര്‍ ആവശ്യപ്പെട്ടു.