- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി നേതാക്കളും അംഗങ്ങളും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തത് വന്‍തുക വായ്പ; തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി; സാമ്പത്തിക ക്രമക്കേട് പാര്‍ട്ടി പ്രതിച്ഛായയ്ക്ക് കളങ്കമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍; ഇപി ജയരാജനും മന്ത്രി സജി ചെറിയാനും വിമര്‍ശനം; മൂന്നാം ഭരണം ഉറപ്പെന്ന് നേതാക്കള്‍
സാമ്പത്തിക ക്രമക്കേട് പാര്‍ട്ടി പ്രതിച്ഛായയ്ക്ക് കളങ്കമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സഹകരണ ബാങ്ക് ക്രമക്കേട് പരാമര്‍ശിച്ച് പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ വിമര്‍ശനം. പാര്‍ട്ടി നേതാക്കളും അംഗങ്ങളും വന്‍തുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകള്‍ക്കുമുണ്ട്. വായ്പ തിരിച്ചടക്കണമെന്ന സര്‍ക്കുലര്‍ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാര്‍ട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങള്‍ മേല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേഷം. കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
ഇപി ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ കടുത്ത വിമര്‍ശനമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ ജാഗ്രത വേണം. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവര്‍ത്തന വീഴ്ചകളിലാണ്.
പാര്‍ട്ടിയില്‍ മോശം പ്രവണത വര്‍ധിക്കുന്നുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപി ജയരാജന്‍ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്നത് ഗൗരവതരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സജി ചെറിയാന്‍ രാജി വെക്കേണ്ടി വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറിയതോടെ തുടര്‍ ഭരണം ആണ് പ്രധാന ചര്‍ച്ചാവിഷയം. മൂന്നാം ഭരണം ഉറപ്പെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ പിണറായി വിജയന്‍ നയിക്കുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രായപരിധി മാനദണ്ഡത്തില്‍ പി.കെ. ശ്രീമതിയെയും എകെ ബാലനെയും ഒഴിവാക്കാന്‍ നേതൃത്വം തീരുമാനിച്ചു. മുന്‍ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി.
പികെ ശ്രീമതിയും മന്ത്രി മുഹമ്മദ് റിയാസും മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് പ്രതികരിച്ചു. ഇത്തരത്തില്‍ ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും എല്‍ഡിഎഫ് ഭരണം എന്നത് ഒരു ടാഗ്‌ലൈന്‍ ആക്കി മാറ്റുകയാണ് സിപിഎം നേതാക്കള്‍. മൂന്നാം ഭരണമെന്ന ഒരു തരം പ്രതീതി സൃഷ്ടിക്കലാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനത്തില്‍ കാണുന്നത്.
ഒരു നേതാവിലേക്ക് ചുരുങ്ങുന്ന പാര്‍ട്ടിയും ഒരു നേതാവില്‍ കേന്ദ്രീകരിക്കുന്ന ചര്‍ച്ചകളുമാണ് നടക്കുന്നത്. സംഘടനയെ ഇഴകീറി പരിശോധിക്കേണ്ട സമ്മേളന വേദിയില്‍ പോലും അധികാര തുടര്‍ച്ചയ്ക്കാണ് പ്രധാന്യം. കൊല്ലം സമ്മേളനത്തിലെ ഒരു അലിഖിത അജണ്ട തന്നെയാണ് പിണറായി വിജയന്‍. ഹാട്രിക് സ്വപ്നം കണ്ടും അത് പറഞ്ഞും പാര്‍ട്ടിയുടെ നടപ്പ് രീതികള്‍ തന്നെ മറന്ന് തുടങ്ങി. നാല് ദിവസത്തെ സമ്മേളനത്തില്‍ രണ്ട് ദിവസത്തെ നടപടികളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ച് തന്നെയാണ്.