തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് പത്മജ വേണുഗോപാല്‍. ഇങ്ങനെയൊരു വ്യക്തി വന്നാല്‍ കേരളത്തില്‍ ബിജെപിക്ക് വളരെയധികം വളര്‍ച്ചയുണ്ടാകുമെന്നും ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ് രാജീവ് ചന്ദ്രശേഖറെന്നും പത്മജ പ്രതികരിച്ചു. പ്രൊഫഷണലായി അദ്ദേഹം കാര്യങ്ങള്‍ കൈകാര്യം ചെയ്യും. പാവങ്ങളുടെ വിഷമം മനസിലാക്കാന്‍ കഴിയും. കഴിവില്ലാത്തതുകൊണ്ടല്ല കെ സുരേന്ദ്രനെ മാറ്റിയത്. അദ്ദേഹത്തിന് നല്ല കഴിവുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പിസം കളിക്കാന്‍ പറ്റിയ ഒരാളല്ല രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹത്തിന് എല്ലാ സപ്പോര്‍ട്ടും നല്‍കുമെന്നും പത്മജ പറഞ്ഞു.

പത്മജയുടെ പ്രതികരണം

വളരെയധികം സന്തോഷം തോന്നുന്നു. ഇങ്ങനെയൊരു വ്യക്തി വന്നാല്‍ കേരളത്തില്‍ ബിജെപിക്ക് വളരെയധികം വളര്‍ച്ചയുണ്ടാകും. അദ്ദേഹം ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ്. നല്ലകാര്യങ്ങള്‍ നല്ലതെന്നും മോശമായവ മോശമെന്നും പറയുന്നയാളാണ്. അദ്ദേഹം വരണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. പ്രൊഫഷണലായി അദ്ദേഹം കാര്യങ്ങള്‍ കൈകാര്യം ചെയ്യും. പാവങ്ങളുടെ വിഷമം മനസിലാക്കാന്‍ കഴിയും. സുരേന്ദ്രനെ കഴിവില്ലാത്തതുകൊണ്ടല്ല മാറ്റിയത്. അദ്ദേഹത്തിന് നല്ല കഴിവുണ്ട്. ഗ്രൂപ്പിസം കളിക്കാന്‍ പറ്റിയ ഒരാളല്ല രാജീവ് ചന്ദ്രശേഖര്‍. അതെനിക്കറിയാം. അദ്ദേഹത്തിന് എല്ലാ സപ്പോര്‍ട്ടും നല്‍കും.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്‍ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ സ്ഥാനമൊഴിയും.