മധുര: പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് പോരായ്മയെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും വിലയിരുത്താന്‍ തീരുമാനം. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. ഹിന്ദുത്വ വര്‍ഗീയത എതിര്‍ക്കാന്‍ ശക്തമായ പ്രചാരണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു.

സോഷ്യലിസം പ്രചരിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, നഗരങ്ങളില്‍ പാര്‍പ്പിട മേഖലകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും നിര്‍ദേശിക്കുന്നു. പല സംസ്ഥാന ഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും പ്രായപരിധി കാരണം പിരിയുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ ചുമതല നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തെ പുകഴ്ത്തുന്ന സംഘടന റിപ്പോര്‍ട്ടില്‍ പ്രായപരിധിയില്‍ ഇളവിന് നിര്‍ദ്ദേശം നല്‍കുന്നില്ല.

ആശാ പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇവര്‍ക്കായി തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായി ആശാവര്‍ക്കര്‍മാര്‍ ചേര്‍ന്നുനില്‍ക്കുന്നു. പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കേരളത്തില്‍ ശ്രമമില്ല. കര്‍ണാടക ആന്ധ്ര സംസ്ഥാനങ്ങളാണ് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയത്. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ അടക്കമുള്ളവരെ സംഘടിപ്പിക്കുന്നത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു

സിപിഎമ്മിന്റെ 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയിലാണ് തുടക്കമാകുന്നത്. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു സമ്മേളനത്തിന്റെ പതാക ഉയര്‍ത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് പാര്‍ട്ടി പരിഗണനയിലുള്ളത്. തമിഴ്‌നാട്ടിലെ ചരിത്ര സാംസ്‌കാരിക നഗരമായ മധുരയിലെ തമുക്കം മൈതാനത്താണ് സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.

നാളെ ഉച്ചയ്ക്ക് ശേഷമാണ് പ്രതിനിധി സമ്മേളനം. ആറാം തീയതി ഉച്ചയ്ക്ക് ശേഷം റെഡ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കും. റിങ്‌ടോണ്‍ ജങ്ഷന് സമീപം എന്‍ ശങ്കരയ്യാ സ്മാരക ഗ്രൗണ്ടിലാണ് പൊതുസമ്മേളനം നടക്കുന്നത്. പ്രായപരിധി കര്‍ശനമായി നടപ്പാക്കണമോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിക്കും. എം.എ ബേബി അശോക് ധാവ്‌ള, ബി.വി രാഘവുലു അടക്കമുള്ളവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രായപരിധി ഇളവ് നല്‍കിയാല്‍ ബൃന്ദ കാരാട്ട് അടക്കമുള്ളവരും പരിഗണിക്കപ്പെട്ടേക്കാം. പുതിയ കേന്ദ്രകമ്മിറ്റിയില്‍ മലയാളികളായ നിരവധി പുതുമുഖങ്ങള്‍ ഉണ്ടായേക്കും.