മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അന്‍വര്‍. നേതാക്കള്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ റഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. ഇതോടെ യുഡിഎഫിനെ ഭീഷണിയുടെ സ്വരത്തില്‍ താക്കീത് നല്‍കുകയാണ് അന്‍വര്‍. മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തോ, വിഎസ് ജോയിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരുമാനം പറയാന്‍ പറ്റില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

പിണറായിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ശക്തിപകരേണ്ട ഘടകങ്ങളെ യോജിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെയെ പിണറായിയെ തകര്‍ക്കാന്‍ കഴിയുകയുള്ളുവെന്നും പിവി അന്‍വര്‍ പറഞ്ഞു. അതിനായി യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാകേണ്ടതുണ്ട്. യുഡിഎഫ് പ്രവേശനം ഉറപ്പായാല്‍ കൂടുതല്‍ പേര്‍ ഒപ്പം വരും. അത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടത്താനാകും. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം. ആര്‍ക്കാണ് വിജയ സാധ്യതയെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസമെന്താണെന്നത് ഉത്തരവാദിത്വത്തപ്പെട്ടവരാണ് പറയേണ്ടത്. ആത്യന്തികമായി ലക്ഷ്യം പിണറായിസത്തെ തകര്‍ക്കലാണ്.

പിണറായിസത്തെ തകര്‍ക്കാനാണ് ഇത്രയും റിസ്‌ക്കെടുത്ത് താന്‍ എംഎല്‍എ സ്ഥാനമടക്കം രാജിവെച്ചത്. കേരളത്തിലെ ജനവികാരം പിണറായിക്കെതിരെയാണെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താന്‍. അത് തെളിയിക്കാനുള്ള ബാധ്യത യുഡിഎഫിനുണ്ട്. പിണറായി വീണ്ടും അധികാരത്തിലെത്തുമോയെന്ന ചിന്ത ജനങ്ങള്‍ക്കുണ്ട്. എല്‍ഡിഎഫ് ഉണ്ടാക്കുന്ന ഈ ഒരു പ്രതീതിയെ ഇല്ലാതാക്കാനുള്ള പോരാട്ടമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടത്. താന്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞത് ഈ തെരഞ്ഞെടുപ്പിലാണ്, അല്ലാതെ 2026 ല്‍ അല്ലെന്നും നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും അന്‍വര്‍ പറഞ്ഞു.