ന്യൂഡല്‍ഹി: സംസ്ഥാനത്ത് ദേശീയ പാത തകര്‍ന്ന സംഭവങ്ങളില്‍ അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. കനത്ത മഴയ്ക്ക് പിന്നാലെ മലപ്പുറം കൂരിയാട് പാത തകരുകയും മറ്റു പലയിടങ്ങളിലും വിള്ളല്‍വീഴുകയുമുണ്ടായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ ഗഡ്കരിയെ സന്ദര്‍ശിച്ചത്.

കരാറുകാരനെ ഡീബാര്‍ ചെയ്യുന്നതടക്കമുള്ള സമീപനമാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചിട്ടുള്ളത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രൊജക്റ്റ് ഡയറക്ടറോട് കേന്ദ്രമന്ത്രി വിശദീകരണം തേടിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

വളരെ ഗൗരവമുള്ളതായിട്ടാണ് കേന്ദ്രമന്ത്രി ഈ വിഷയത്തെ കണ്ടിരിക്കുന്നത്. ഇതുമായിബന്ധപെട്ട കേരളത്തിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. വിദഗ്ധരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയെ ആണ് നിയമിക്കുക. അന്വേഷണത്തിനായി ഐഐടി വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തിയാകും

നിര്‍മാണത്തിലെ അപാകതകള്‍ നാട്ടുകാര്‍ ചൂണ്ടികാണിച്ചിട്ടും എന്‍എച്ച്എഐ ഇത് കാര്യമാക്കാതിരുന്നതില്‍ പരാതി നല്‍കിയിട്ടുണ്ട്. നിര്‍മാണം കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് വളരെ ഗൗരവമുള്ളതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയാണ് ഇനി കൈക്കൊള്ളുക അദ്ദേഹം പറഞ്ഞു.

'ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. നിര്‍മ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ ഗൗരവമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രിയോട് പറഞ്ഞു' ഗഡ്കരിയെ കണ്ടതിന് പിന്നാലെ ഇ.ടി. ഫെയ്സ്ബുക്കില്‍ കുറിച്ചു.

'ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.ദേശീയ പാത 66 ന്റെ നിര്‍മ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചും അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവായിരിക്കുകയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും വ്യക്തമാക്കി.കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിര്‍മ്മാണം ആവശ്യമാണെന്നും, മണ്‍സൂണ്‍ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും ചൂണ്ടിക്കാട്ടി.അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി' ഇ.ടി.മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മലപ്പുറം കൂരിയാടില്‍ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന നടത്തി. മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. ഡോ. അനില്‍ ദീക്ഷിത് ( ജയ്പൂര്‍ ), ഡോ ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തില്‍ ഉള്ളത്. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാകുക. ദേശീയപാത കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നിര്‍മാണത്തിനായി കുന്നിടിച്ച ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.