തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ (SIR ) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി. സര്‍വ്വകക്ഷി യോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് രേഖാമൂലം ആവശ്യം അറിയിച്ചത്.

എസ്‌ഐആറിന്റെ ചുമതലയുള്ള കളക്ടര്‍മാരും ഡെപ്യൂട്ടി കലക്ടര്‍മാരും തദ്ദേശ തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസര്‍മാരായതിനാല്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഉയരുന്ന ആശങ്ക. ഇത് കണക്കിലെടുത്താണ് എസ്‌ഐആര്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആയിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം അംഗീകരിച്ചാല്‍ കേരളത്തിലെ എസ്‌ഐആര്‍ ഡിസംബറിന് ശേഷമായിരിക്കും നടപ്പാക്കുക

രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാജ്യവ്യാപക എസ്‌ഐആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ തവണ എസ്‌ഐആര്‍ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തില്‍ വിശദീകരിച്ചിരുന്നു. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുന്‍പ് എസ്‌ഐആര്‍ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

കേരളത്തില്‍ അടുത്ത മൂന്ന് മാസങ്ങള്‍ക്ക് ശേഷം തദ്ദേശതിരഞ്ഞെടുപ്പും എട്ട് മാസങ്ങള്‍ക്ക് ശേഷം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെ നാല് മാസം സമയം വേണ്ടി വരുന്ന വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സാവകാശം തേടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍പട്ടിക പരിഷ്‌കരണം നിലവില്‍ പ്രായോഗികമല്ലെന്ന് നിര്‍ദേശങ്ങള്‍ വന്നിരുന്നു.

ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം നടപ്പിലാക്കണമെന്ന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരുന്നു. 2002 ലെ പട്ടിക അടിസ്ഥാനമാക്കുമ്പോഴും 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് ബിജെപിക്ക് പൂര്‍ണ്ണപിന്തുണയുണ്ട്. പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയെ കുറിച്ച് വലിയ വിമര്‍ശനം രാജ്യവ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും എസ്ഐആര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.