തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയായി സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതൃത്വം. ആനന്ദ് തമ്പി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവര്‍ത്തകനായിരുന്നിട്ടില്ലെന്നും അഡ്വ എസ് സുരേഷ് വിശദീകരിച്ചു. ആനന്ദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ആനന്ദിന്റെ മരണം ദുഃഖകരമാണ്. അവര്‍ ഭാഗ്യകരമായ വിഷയങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ് ബിജെപി പ്രവര്‍ത്തകന്‍ അല്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവര്‍ത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയില്‍ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണ്. തിരുവനന്തപുരത്ത് ബിജെപിക്ക് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയതെന്നും എസ് സുരേഷ് പറഞ്ഞു.

അതേ സമയം ആനന്ദ് തമ്പിയുടെ ആത്മഹത്യയില്‍ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നു. വ്യക്തിപരമായ മാനസിക വിഭ്രാന്തിയാണ് ആനന്ദിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ബിജെപിയിലെ ആത്മഹത്യാ വിവാദങ്ങള്‍ സംഘടനാപരമായി അന്വേഷിക്കും. വിവാദങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണന്‍.

സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ ചെയ്യാനാണെങ്കില്‍ താന്‍ 12 തവണ ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആത്മഹത്യയുടെ വാര്‍ത്ത വന്നതോടെ ബിജെപിക്ക് നേതൃത്വമില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം പാര്‍ട്ടി ആദ്യം നന്നാക്കാന്‍ നോക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ പറ്റാത്ത കെ മുരളീധരനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും ഗോപാലകൃഷ്ണന്‍ തിരിച്ചടിച്ചു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ മൂലം ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തതിന്റേയും ശാലിനി എന്ന ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റേയും പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണങ്ങള്‍.

തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചുവെന്ന് പരാതിപ്പെട്ടാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം സ്വദേശിയും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനുമായ ആനന്ദ് ശനിയാഴ്ച ജീവനൊടുക്കിയത്. പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനങ്ങളുള്ള ആനന്ദിന്റെ ആത്മഹത്യക്കുറിപ്പും പുറത്തെത്തിയിരുന്നു.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ സങ്കടമുണ്ടെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി പ്രാദേശിക നേതൃത്വത്തിന് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന ഗുരുതര പരാമര്‍ശം ഉള്‍പ്പെടെയാണ് ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പുള്ളത്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹക് രാജേഷ്, നിയോജക മണ്ഡലം കമ്മിറ്റി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് സന്ദേശത്തില്‍ ആരോപിച്ചിരുന്നു. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തൃക്കണ്ണാപുരത്ത് ആനന്ദ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. പോസ്റ്ററുകള്‍ വരെ അടിച്ചതിന് ശേഷമായിരുന്നു ആത്മഹത്യ.

ആനന്ദ് തമ്പിയുടെ വീട്ടിലെത്തി മന്ത്രി ശിവന്‍കുട്ടി

ആത്മഹത്യ ചെയ്ത ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് ബി തമ്പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തി മന്ത്രി വി ശിവന്‍കുട്ടി. രാവിലെ വീട്ടിലെത്തിയ മന്ത്രി ആനന്ദിന്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്.

ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി ആര്‍ എസ് എസിനെയും ബി ജെ പിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അനന്തു അജി, തിരുമല അനില്‍, ആനന്ദ് തമ്പി എന്നിവര്‍ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ബി ജെ പി / ആര്‍ എസ് എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നാണ് മന്ത്രി കുറിച്ചത്. ബി ജെ പിയുടെ ജീര്‍ണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുമെന്നും വര്‍ഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

ശിവന്‍കുട്ടിയുടെ കുറിപ്പ്

ബി ജെ പി/ആര്‍ എസ് എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ബി ജെ പി/ആര്‍ എസ് എസ് നേതാക്കളുടെ ലൈംഗിക പീഡനങ്ങളും, സാമ്പത്തിക തിരിമറികളും, മണ്ണ് മാഫിയാ ബന്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്ത ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റെയും പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കോട്ടയം എലിക്കുളം സ്വദേശി അനന്തു അജി തിരുവനന്തപുരത്ത് ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്, ആര്‍ എസ് എസ് ക്യാമ്പുകളില്‍ നേരിട്ട ലൈംഗിക പീഡനങ്ങളെത്തുടര്‍ന്നാണ്. ആത്മഹത്യക്ക് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആര്‍ എസ് എസ് നേതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അനന്തു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഘടനയുടെ അന്തര്‍ധാര എത്രത്തോളം ജീര്‍ണിച്ചതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യ വലിയ വിവാദമായിരുന്നു. ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം സാമ്പത്തിക പ്രതിസന്ധിയിലായതാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതിസന്ധിയില്‍ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്നുമുള്ള ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം, ബി ജെ പി നേതൃത്വത്തിന്റെ പ്രവര്‍ത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നു. ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലും, പാര്‍ട്ടി നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളിലുമുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍, 'ആര്‍ എസ് എസുകാരനായി ജീവിച്ചുവെന്നതാണ് ജീവിതത്തില്‍ പറ്റിയ വലിയ തെറ്റ്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയില്‍ എത്തിച്ചത്' എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത് ഒരു സാധാരണ പ്രവര്‍ത്തകന്റെ മനഃസാക്ഷിയുടെ വിങ്ങലാണ്.

ബി ജെ പിക്കകത്തെ നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളും, സാമ്പത്തിക തിരിമറികളും ഈ ആത്മഹത്യകളിലൂടെ പുറത്തുവന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സഹകരണ സംഘം വിഷയത്തില്‍ ബി.ജെ.പി.യുടെ മുന്‍ സംസ്ഥാന വക്താവ് പോലും സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചതും പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് തെളിയിക്കുന്നു.

ജനങ്ങള്‍ ഒറ്റക്കെട്ടായി തള്ളിക്കളയും

സ്വന്തം പ്രവര്‍ത്തകരെ മരണത്തിലേക്ക് തള്ളിവിടുകയും, ലൈംഗികമായി പീഡിപ്പിക്കുകയും, അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന നേതൃത്വം കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ഭീഷണിയാണ്. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയുടെ ജീര്‍ണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കും. തലസ്ഥാന നഗരമായ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം ബി ജെ പിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. വര്‍ഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ശിവന്‍കുട്ടി കുറിച്ചിട്ടുണ്ട്.