- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എംപിമാര്‍ സര്‍ക്കാരിന് വേണ്ടത് നേടിയെടുക്കാന്‍ ബാധ്യതയുള്ളവര്‍; ജോണ്‍ ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപി; അദ്ദേഹം നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം'; പി എം ശ്രീയിലെ ഇടപെടലില്‍ ബ്രിട്ടാസിനെ ന്യായികരിച്ച് മുഖ്യമന്ത്രി
കൊച്ചി: പി എം ശ്രീയിലെ ഇടപെടലില്‍ ജോണ്‍ ബ്രിട്ടാസ് എം പിയെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലാണ് ബ്രിട്ടാസ് നിര്‍വഹിച്ചതെന്നും മറ്റേതെങ്കിലും തരത്തിലുള്ള നടപടി ബ്രിട്ടാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാരിന് വേണ്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ ആവശ്യം നേടിയെടുക്കാന്‍ എല്ലാ അംഗങ്ങളും ഒരുമിച്ച് നില്‍ക്കണം. സഭാ സമ്മേളനത്തിന് മുമ്പ് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണ്. രാജ്യസഭ അംഗമെന്ന നിലയില്‍ ബ്രിട്ടാസ് ആ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ വിഷയത്തില്‍ ബ്രിട്ടാസിന്റെ ഇടപെടല്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ബ്രിട്ടാസിന്റെ ഇടപെടലുകളെ പുകഴ്ത്തിയത്.
ഭരണനേട്ടം എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ അടിസ്ഥാന സൗകര്യം ഏറെ മെച്ചെപ്പെട്ടു. അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ രംഗത്തടക്കം വന്‍ മുന്നേറ്റമാണ് ഉണ്ടായത്. അധികാരവികേന്ദ്രീകരണം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിലവിലുള്ള എംപിമാര്‍ ഒന്നിച്ചു നില്‍ക്കുന്നുണ്ടെന്നും പലഘട്ടങ്ങളിലും പൊതുവായ കാര്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ശബ്ദമുയര്‍ത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് അംഗങ്ങള്‍ കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരാണ്. നാടിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ ശ്രമിക്കേണ്ടവരാണ്. എംപിമാര്‍ ഇപ്പോള്‍ അത് നടത്താറുണ്ട്. രാജ്യസഭാംഗംമെന്ന നിലയില്‍ ജോണ്‍ ബ്രിട്ടാസ് അത് ഫലപ്രദമായി നിര്‍വഹിച്ചു പോകുന്നുണ്ട്. പാര്‍ലമെന്റ് അംഗങ്ങളുടെ കൂട്ടത്തില്‍ നല്ലരീതിയില്‍ തന്നെ ഇടപെടല്‍ ശേഷി ബ്രിട്ടാസ് കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പാര്‍ട്ടി കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണെന്നും അതില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നോട്ടീസ് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ളതാണ്. ആരോപണം രണ്ട് കയ്യുമുയര്‍ത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങള്‍ ചെയ്തതാണെന്നും എല്ലാം ചെയ്തത് ആര്‍ബിഐയുടെ അനുമതിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി സി നിയമനത്തില്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് മുന്‍ഗണനക്രമ പട്ടിക സര്‍ക്കാര്‍ നല്‍കിയത്. ആ നിര്‍ദേശം ഗവര്‍ണര്‍ ലംഘിക്കുകയാണ്. അത് എന്തിനെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മൂലമൂലമാണ് ഈ നേട്ടം കൈവരിക്കാനായത്. അധികാര വികേന്ദ്രീകരണം നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഈ നേട്ടങ്ങള്‍ക്ക് കാരണം. വികസനം മാത്രമല്ല ജീവിത നിലവാരവും മെച്ചപ്പെട്ടു. വിശപ്പ് രഹിത നഗരം, പാവപ്പെട്ടവര്‍ക്ക് ഫ്‌ലാറ്റ് നല്‍കി, റോഡ് വികസനം പ്രാവര്‍ത്തികമായി, വെള്ളക്കെട്ടും മാലിന്യ പ്രശ്‌നങ്ങളും പരിഹരിച്ചു ഇങ്ങനെ കൊച്ചിയിലെ വികസനങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് പറഞ്ഞു.




