തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ മുരളീധരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നാണ് മുരളീധരന്റെ പ്രതികരണം. തെറ്റ് സംഭവിച്ചതിനാലാണ് രാഹുലിനെ പുറത്താക്കിയത്. ഇനി അതില്‍ പറയേണ്ടതായി ഒന്നുമില്ല. 'പുറത്താക്കല്‍' എന്ന ബ്രഹ്‌മസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പുറത്താക്കിയ ആള്‍ രാജി വെക്കണമെന്ന് പറയാന്‍ പറ്റില്ലാലോ. ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല. അതിന് ഞങ്ങള്‍ക്ക് എന്തുത്തരവാദിത്തമെന്ന് ചോദിച്ച മുരളീധരന്‍, പാര്‍ട്ടി നടപടിയെടുത്തതാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരും പൊലീസുമെടുക്കട്ടേയെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ല. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകള്‍ക്ക് മറുപടിയില്ല. രാഹുല്‍ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റ് ചെയ്തെങ്കില്‍ അറസ്റ്റ് ചെയ്തോട്ടെയെന്നും രാഹുലിനെ ഒരുവിധത്തിലും പിന്തുണയ്ക്കുകയുമില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. കോണ്‍ഗ്രസ് അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. യാതൊരു തരത്തിലുള്ള ബന്ധവും രാഹുലുമായി പാര്‍ട്ടിക്കില്ല. അദ്ദേഹം ഇനി എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. പാര്‍ട്ടിക്ക് അതിനുള്ള അവകാശമില്ല. ധാര്‍മികതയെക്കുറിച്ച് ചിന്തിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്നലെ അര്‍ധരാത്രിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ താമസിച്ചിരുന്ന പാലക്കാട് കെപിഎം ഹോട്ടലിലെ മുറിയില്‍ നിന്ന് രാത്രി പന്ത്രണ്ടരയ്ക്കാണ് എട്ടംഗ പോലീസ് സംഘം രാഹുലിനെ പിടികൂടിയത്. ആദ്യ രണ്ടു ബലാല്‍സംഗ പരാതികളില്‍ കോടതി അറസ്റ്റ് തടഞ്ഞതിന്റെ ബലത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമായിരുന്നു രാഹുല്‍. ഇപ്പോള്‍ വിദേശത്ത് താമസിക്കുന്ന വിവാഹിതയായ യുവതി നല്‍കിയ പുതിയ ബലാല്‍സംഗ പരാതിയിലാണ് അറസ്റ്റ്.

ഇതോടെ എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയ സ്ത്രീകളുടെ എണ്ണം മൂന്നായി. രാഹുല്‍ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് ഇ മെയില്‍ വഴി കിട്ടിയ പുതിയ പരാതി. പരാതിക്കാരിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്തിയ ശേഷം ആണ് അറസ്റ്റ്. അറസ്റ്റിന് പോലീസ് സംഘം ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ആദ്യം രാഹുല്‍ വഴങ്ങാന്‍ വിസമ്മതിച്ചു. എന്നാല്‍ വെറും 15 മിനിറ്റില്‍ വാഹനത്തിലേക്ക് പോലീസ് മാറ്റി. രാത്രി തന്നെ റോഡ് മാര്‍ഗം പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് ചോദ്യം ചെയ്തു. രാഹുലിന്റെ രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബലാത്സംഗം, ഭീഷണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.