- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആര്. ശ്രീലേഖയ്ക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ല; കെ. സുരേന്ദ്രന് വിജയസാധ്യതയുള്ള സീറ്റ് തന്നെ നല്‍കും'; നേമത്ത് താന്‍തന്നെ മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള 34 നിയമസഭാ മണ്ഡലങ്ങള്‍ നിര്‍ണയിച്ച് സ്ഥാനാര്‍ഥി നിര്‍ണായത്തിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. വട്ടിയൂര്‍ക്കാവ്, നേമം, കാട്ടാക്കട, തൃപ്പൂണിത്തുറ, പാലക്കാട് എന്നിവയടക്കമുള്ള മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് വിവരം. അതില്‍ ഏറ്റവും ജയസാധ്യത കല്‍പ്പിക്കുന്നത് വട്ടിയൂര്‍ക്കാവിലും നേമം മണ്ഡലത്തിലുമാണ്. നേമം മണ്ഡലത്തില്‍ താന്‍ തന്നെയാകും സ്ഥാനാര്‍ഥി എന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ആര് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ജയിച്ചുവന്ന മണ്ഡലമാണിത്. ബിജെപിക്കും ശക്തമായ സ്വാധീനമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ ഏറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവ് ആരാകും ബിജെപി സ്ഥാനാര്‍ഥി എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചില സൂചനകള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചിരുന്നു. കെ. സുരേന്ദ്രനും ആര്‍. ശ്രീലേഖയ്ക്കും നിര്‍ണായക സ്ഥാനം നല്‍കുമെന്നും നേമത്ത് താന്‍തന്നെയെന്ന് മത്സരിക്കുകയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തില്‍ ഇത്തവണ വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നതിലുപരി സീറ്റുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ ചുമതലയുള്ള അമിത് ഷാ ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദേശം ഇതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഇതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിജയസാധ്യതയുള്ള സീറ്റ് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വിജയകരമായ സംസ്ഥാന അധ്യക്ഷന്മാരില്‍ ഒരാളാണ് കെ. സുരേന്ദ്രനെന്നും അദ്ദേഹം എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് വിശ്വാസമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അദ്ദേഹം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണോ മത്സരിക്കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നും പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് ഇത്തരം കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, മുതിര്‍ന്ന നേതാവായ ആര്‍. ശ്രീലേഖയ്ക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ആര്‍. ശ്രീലേഖയ്ക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് ഓഫര്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍, പാര്‍ട്ടിയില്‍ അവര്‍ക്ക് വലിയൊരു ഭാവി റോള്‍ ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ശ്രീലേഖ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും അവരുടെ ഭാവി ഉത്തരവാദിത്വങ്ങള്‍ കേന്ദ്ര നേതൃത്വം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും എല്ലാ സീറ്റുകളിലും വിജയസാധ്യത മാത്രം നോക്കിയായിരിക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




