- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തരം കിട്ടുമ്പോഴൊക്കെ മോദിയെയും അമിത്ഷായെയും പ്രസാദിപ്പിക്കും; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹസമരമെന്ന കോമഡി'; മോദി കുനിയാന്‍ പറയുമ്പോള്‍ പിണറായി ഇഴയുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്തുവര്‍ഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാറാണ് പിണറായിയുടെത് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
തരം കിട്ടുമ്പോഴൊക്കെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയെയും, ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ടിപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹസമരമെന്ന കോമഡിയുമായി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തില്‍നിന്നും പിടിച്ചുവാങ്ങാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അമ്പേ പരാജയമായിരുന്നു പിണറായി സര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പിഎം ശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ഡല്‍ഹിയില്‍ പോയി പഞ്ചപുഛമടക്കി ഒപ്പുവെച്ച് തിരിച്ചുപോന്നു. അതിനുള്ള തിരിച്ചടി തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയപ്പോഴാണ് ജനങ്ങളെ പറ്റിക്കാന്‍ കേന്ദ്ര വിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയത്.
പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളിഭ്യതയാണ് ഈ കേന്ദ്ര വിരുദ്ധ സമരത്തിനു പിന്നില്‍. അല്ലാതെ കേരളത്തോടുള്ള സ്നേഹമല്ല. ഇതൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപ്പോകില്ലന്നും ജനങ്ങള്‍ ഈ സര്‍ക്കാറിനെ തൂത്തെറിയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.




