- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്, ശോഭ കരന്തലാജെയ്ക്ക് സഹ ചുമതല
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെക്കായിരിക്കും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് ചുമതല. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലാജെ സഹ ഇന്‍ചാര്‍ജാകും.
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ബിജെപി ദേശീയ നേതൃത്വം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക ഈ മാസം പ്രഖ്യാപിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ അമ്പത് സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പട്ടികയില്‍ ഇടംപിടിച്ചേക്കും.
വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി നടക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ കെ. സുരേന്ദ്രന്‍, നടന്‍ കൃഷ്ണകുമാര്‍, ആര്‍. ശ്രീലേഖ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. ആറന്മുളയില്‍ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ ജില്ലയിലെ കായംകുളത്തോ ആരുരിലോ ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.
നേമം, വട്ടിയൂര്‍ക്കാവ്, പാലക്കാട് അടക്കമുള്ള ഒട്ടേറെ മണ്ഡലങ്ങളില്‍ വലിയ വിജയപ്രതീക്ഷയോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.


