തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി വന്‍ പ്രതിസന്ധി. കേരള കോണ്‍ഗ്രസിന്റെ (ജോസഫ്) സീറ്റായ ഇടുക്കി തിരിച്ചുപിടിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഊര്‍ജിതമാക്കി. ഇടുക്കിയില്‍ ഇക്കുറി കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്നും തയ്യാറെടുപ്പുകള്‍ നടത്താനും ജില്ലാ നേതൃത്വത്തിന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് തീര്‍ത്തും പ്രകോപനത്തിലുമാണ്.

ഇതിന് പുറമെ കേരള കോണ്‍ഗ്രസിന്റെ സീറ്റായ ഏറ്റുമാനൂരും കുട്ടനാടും വിട്ടുനല്‍കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നത് മുന്നണിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാന്‍ പ്രയാസമാണെന്നാണ് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ വിലയിരുത്തല്‍. തദ്ദേശീയമായി സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവ് വന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് ഗ്രൂപ്പ് വ്യത്യാസമന്യേ നേതാക്കള്‍ വാദിക്കുന്നു.

ഇടുക്കിയിലെ നാല് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് നിലവിലെ നീക്കം. പീരുമേട്ടില്‍ ജോസഫ് വാഴക്കനും റോയ് കെ. പൗലോസുമടക്കം അഞ്ചുപേരുടെ പട്ടികയാണ് പരിഗണനയിലുള്ളത്. ഉടുമ്പന്‍ചോലയില്‍ ഇബ്രാഹിംകുട്ടി കല്ലാറും ദേവികുളത്ത് എ. രാജാറാമും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. കോണ്‍ഗ്രസിന്റെ ഈ ഏകപക്ഷീയമായ നീക്കങ്ങളില്‍ പി.ജെ. ജോസഫും കൂട്ടരും കടുത്ത അതൃപ്തിയിലാണ്.

സീറ്റുകള്‍ വെട്ടിക്കുറച്ചാല്‍ വഴങ്ങേണ്ടതില്ലെന്നാണ് ജോസഫ് ഗ്രൂപ്പിലെ പൊതുവികാരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗയാത്ര'യില്‍ ജോസഫ് വിഭാഗം പങ്കുചേരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുണ്ട്. യുഡിഎഫിലെ ഈ അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ സിപിഎം നീക്കം തുടങ്ങിയതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ജോസഫിനെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ഇടപ്പള്ള കേന്ദ്രീകരിച്ച് തുടക്കമിട്ടതായാണ് സൂചന.

സീറ്റ് തര്‍ക്കം രൂക്ഷമായാല്‍ ഇടുക്കിയിലെയും മധ്യതിരുവിതാംകൂറിലെയും രാഷ്ട്രീയ ചിത്രം മാറ്റിമറിക്കുന്ന തീരുമാനങ്ങളിലേക്ക് കേരള കോണ്‍ഗ്രസ് കടന്നേക്കും. അവസരം മുതലെടുക്കാന്‍ സിപിഎം സജീവ നീക്കങ്ങള്‍ നടത്തുന്നുണ്ട്.