കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. 92 ലക്ഷം രൂപ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം കേവലം 'ഭാവനാവിലാസം' മാത്രമാണെന്നും പാര്‍ട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണന്‍ പുറത്തിറക്കിയ പുസ്തകത്തിന് പിന്നില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളല്ല, മറിച്ച് എംഎല്‍എ ടി.ഐ. മധുസൂദനനോടുള്ള വ്യക്തിപരമായ പകയാണെന്ന് രാഗേഷ് ആരോപിച്ചു. മധുസൂദനനെ അധിക്ഷേപിക്കാനും വ്യക്തിഹത്യ ചെയ്യാനും പുസ്തകത്തില്‍ പലതും എഴുതിച്ചേര്‍ത്തിട്ടുണ്ട്. പുസ്തക പ്രകാശനം 'സിപിഎം വിരുദ്ധരുടെ സംഗമമായി' മാറിയെന്നും ആര്‍എംപി നേതാക്കളടക്കം ചടങ്ങില്‍ പങ്കെടുത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂരിലെ ഫണ്ട് വിവാദം വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത് വന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റര്‍മാര്‍ പരിശോധിച്ച് പാര്‍ട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാര്‍ട്ടി മെമ്പര്‍മാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാര്‍ട്ടി മെമ്പര്‍മാരില്‍നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരില്‍നിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാര്‍ട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കില്ല. എന്നാല്‍, നിലവില്‍ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തില്‍ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ഈ യോഗങ്ങളില്‍ കണക്ക് അവതരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനം സിപിഎം വിരുദ്ധരുടെ സംഗമമായിരുന്നു. ജോസഫ് സി. മാത്യു അടക്കമുള്ള സിപിഎം വിരുദ്ധരായവരെ ഉള്‍ക്കൊള്ളിച്ചാണ് പയ്യന്നൂരില്‍ പുസ്തക പ്രകാശനം സംഘടിപ്പിച്ചത്. അവരൊക്കെ പതിറ്റാണ്ടുകളായി സിപിഎം വിരുദ്ധരാണ്. ടി.ഐ. മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചാണ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തോട് പക മൂത്ത് അന്ധത ബാധിച്ചാണ് പുസ്തകം പുറത്തുവന്നിട്ടുള്ളത്. ടി.ഐ. മധുസൂദനനെ ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും പലതും എഴുതിച്ചേര്‍ത്തിരിക്കുന്നു.

മധുസൂദനനോടുള്ള പക കാരണം പല കാര്യങ്ങളും കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കകത്ത് ഉന്നയിച്ചിരുന്നു. ആ ഉന്നയിച്ച കാര്യങ്ങള്‍ മിക്കവാറും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മൂന്ന് ഓഡിറ്റര്‍മാരെ നിയമിച്ചു. ആ ഓഡിറ്റര്‍മാര്‍ കണക്ക് പരിശോധിച്ചു. ഓരോ രസീതിവെച്ചും പരിശോധന നടത്തി. കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ച കണക്കല്ല ശരിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓഡിറ്റര്‍മാര്‍ തയ്യാറാക്കിയ കണക്ക് പാര്‍ട്ടി അംഗീകരിച്ചു. 92 ലക്ഷം നഷ്ടപ്പെട്ടതെന്നത് ഭാവനാവിലാസമാണ്. ഒരുരൂപ പോലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടില്ല.

മാധ്യമങ്ങള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല. മാധ്യമങ്ങളോട് കണക്ക് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ചില ചാനലുകളോട് ഞാന്‍ ഇത് പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. പൊതുജനങ്ങളോട് പറയേണ്ടകാര്യമില്ലെന്ന് പറഞ്ഞിട്ടില്ല. സാധാരണനിലയില്‍ പാര്‍ട്ടി വരവുചെലവ് കണക്കുകള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് അവതരിപ്പിക്കാറുള്ളത്. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണമെങ്കില്‍ കൊടുക്കും. ഏതെങ്കിലും പാര്‍ട്ടിയുടെ വരവുചെലവ് കണക്ക് നോട്ടീസില്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ടോ.

പാര്‍ട്ടി അംഗങ്ങളില്‍നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരില്‍നിന്നുമാണ് ധനരാജ് രക്ഷസാക്ഷി ഫണ്ട് ശേഖരിച്ചത്. ബഹുജനങ്ങളില്‍നിന്ന് പണം ശേഖരിച്ചിട്ടില്ല. അത് സംബന്ധിച്ച് വിവാദം ഉയര്‍ന്നപ്പോള്‍ ഓഡിറ്റര്‍മാര്‍ ഇത് പരിശോധിച്ചു. ഏരിയ കമ്മിറ്റി ഇത് പരിശോധിച്ച് വരവുചെലവ് കണക്ക് അംഗീകരിച്ചു. കുഞ്ഞികൃഷ്ണന്റെ പരാതിയും അതിനെക്കുറിച്ച് ഓഡിറ്റര്‍മാര്‍ നടത്തിയ പരിശോധനയുടെ കണക്കും പരിശോധിച്ച് അംഗീകരിച്ചു.

വി. കുഞ്ഞികൃഷ്ണന്‍ നിങ്ങളുടെ മുന്നില്‍ തരംതാണവിധത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കണക്ക് വിടണമെന്ന് പറഞ്ഞു. പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികള്‍ അംഗീകരിച്ച കണക്ക് ജില്ലാ സെക്രട്ടറിക്ക് മാറ്റിയെഴുതാന്‍ പറ്റുമോ.

ഏരിയ കമ്മിറ്റി അംഗീകരിച്ച കണക്ക് പാര്‍ട്ടി മെമ്പര്‍മാരോട് പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. ഫണ്ട് ശേഖരിച്ചത് അവരില്‍നിന്നാണ്. ഇതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തില്‍ എല്ലാ ബൂത്തുകളിലെയും അനുഭാവി യോഗത്തിലും വരവുചെലവ് കണക്ക് അവതരിപ്പിക്കും. ആ കുടുംബസംഗമങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കും. അതില്‍ അവതരിപ്പിക്കും. മാധ്യമങ്ങള്‍ക്ക് മുന്‍പാകെ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കും'', കെ.കെ. രാഗേഷ് വിശദീകരിച്ചു.

രക്തസാക്ഷി ഫണ്ട് വിനിയോഗത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി കെ.കെ.രാഗേഷ് പറഞ്ഞു. 4 വര്‍ഷത്തിനുശേഷമാണ് വരവു ചെലവു കണക്ക് അവതരിപ്പിച്ചത്. കാലയളവ് നീണ്ടതിനാല്‍ പ്രശ്‌നങ്ങളുണ്ടായി. പാര്‍ട്ടി അക്കാര്യം പരിശോധിച്ചു. ഫണ്ട് നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍, ഫണ്ട് വിനിയോഗിക്കേണ്ട രീതിയിലല്ല വിനിയോഗിച്ചത്. ശേഖരിച്ച ഫണ്ട് സമയബന്ധിതമായി കൃത്യതയോടെ ചെലവാക്കണമായിരുന്നു. വരവു ചെലവു കണക്ക് സമയബന്ധിതമായി അംഗീകരിക്കണമായിരുന്നു. തെറ്റു തിരുത്താന്‍ പാര്‍ട്ടി നടപടിയെടുത്തു. കുഞ്ഞിക്കൃഷ്ണന് അതൊന്നും പോരാ. പകയോടെ പെരുമാറുകയാണ്.

കുടുംബസഹായം, വീടുവയ്ക്കല്‍, കേസിന്റെ കാര്യങ്ങള്‍ എന്നിവയ്ക്കായാണ് ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത്. കേസ് നടത്താനാണ് ഏരിയ കമ്മിറ്റിക്ക് രക്തസാക്ഷി ഫണ്ടില്‍നിന്നും പണം കൈമാറിയത്. അത് വകമാറ്റലല്ല. ഏരിയ കമ്മിറ്റിയുടെ കെട്ടിടം പണി നടക്കുമ്പോള്‍ തല്‍ക്കാലം അതിനായി പണം എടുത്തിട്ടുണ്ടാകും. വിമര്‍ശനം ഉണ്ടായപ്പോള്‍, ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക രക്തസാക്ഷി ഫണ്ടിലേക്ക് മാറ്റാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. കെട്ടിട നിര്‍മാണത്തിനായി ഫണ്ട് മാറ്റിയ കുറ്റത്തിനാണ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

ഫണ്ട് ശേഖരണത്തിനുള്ള രസീത് കാണാതായിട്ടുണ്ടെന്നു കെ.കെ.രാഗേഷ് പറഞ്ഞു. പാര്‍ട്ടി ഓഫിസ് സെക്രട്ടറിയുടെ കയ്യില്‍നിന്നാണ് നഷ്ടപ്പെട്ടത്. അത് അദ്ദേഹം രേഖാമൂലം എഴുതി തന്നു. തുടര്‍ന്ന് ഓഫിസ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ഫണ്ട് ശേഖരണത്തിനായി ടി.ഐ.മധുസൂദനന് കൊടുത്ത റസീപ്സ്റ്റ് തിരികെ വന്നിട്ടുണ്ട്. ആ റസീപ്റ്റ് ഓഡിറ്റിന് വിധേയമാക്കി. എന്തെങ്കിലും തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ല. റസീപ്റ്റ് അടിച്ചതില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിലും മധുസൂദന് തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ലെന്നും കെ.കെ.രാഗേഷ് പറഞ്ഞു.