- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച!' പാര്‍ട്ടി വിരുദ്ധത പറഞ്ഞിട്ടും കസേര തെറിക്കാത്തത് എന്തുകൊണ്ട്? സാംസ്‌കാരിക വകുപ്പിലെ ഇരട്ടനീതിയെന്ന് പ്രേംകുമാര്‍; ഇടതുപക്ഷ സഹയാത്രികന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷന്‍ കെ. സച്ചിദാന്ദനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് നടന്‍ പ്രേംകുമാര്‍. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു അറിയിപ്പും കൂടാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു.
അധികാരം പാര്‍ട്ടിയെ നശിപ്പിക്കും എന്നും തുടര്‍ച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമാണ് ഒരഭിമുഖത്തില്‍ എഴുത്തുകാരനും സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ പറഞ്ഞത്. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പില്‍ ഉണ്ട്. അവിടെ തുടര്‍ച്ചയായി ഭരണം കൈ വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാര്‍ത്ഥരായ ആളുകള്‍ അധികാരം കൈകാര്യം ചെയ്തു. അധികാരം പാര്‍ട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാള്‍. തുടര്‍ച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുകയെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാല്‍ സി പി എം നീക്കം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന.
'സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച' എന്ന തലക്കെട്ടിട്ടാണ് കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന്‍ മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്നും പ്രേം കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്. 'സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല' എന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി...
അഥവാ
ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച -
ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല
IFFK യുടെ മുപ്പതാം എഡിഷന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയായിരുന്നു ഒരുഭാഗത്ത്.
സംസ്ഥാന സിനിമ അവാര്‍ഡിന്റെ നിര്‍ണയം ജൂറി മാരുടെ ചൂട് പിടിച്ച ചര്‍ച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവര്‍ത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചും നേതൃത്വം നല്‍കിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കര്‍മനിരതമായ നാളുകള്‍....
സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു.
അപ്പോള്‍ -
ഇത്തവണത്തെ സിനിമാഅവാര്‍ഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഞാന്‍ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും
സാംസ്‌കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.
ഒരവസരത്തില്‍ സാംസ്‌കാരിക മന്ത്രി പോലും അക്കാദമി ചെയര്‍മാനെന്ന നിലയില്‍ 'പ്രേംകുമാറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി. ആ എന്റെ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീര്‍ത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്.
ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കര്‍മനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാന്‍ സന്ദേഹിയായി. മാസങ്ങള്‍ക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന 'ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും' നാം ഓര്‍ക്കേണ്ടതല്ലേയെന്ന' തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു.
ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.
ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം.
കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല.
ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ - അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന്‍ മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേര്‍ക്ക് ഒരു നീതി മറ്റു ചിലര്‍ക്ക് വേറൊരു നീതി എന്ന നിര്‍വചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ 'കിഴവനും കടലും' എന്ന നോവലിലെ 'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണല്ലോ...
പ്രേംകുമാര്‍
മുന്‍ ചെയര്‍മാന്‍
കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി


