- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മദ്യപന സദസ്സില്‍ സിപിഎം സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതി; ജില്ലാ സെക്രട്ടറിയുടെ കസേരയില്‍ ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍; ഇത് വിമത കണ്‍വെന്‍ഷന്‍ അല്ല, ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍; ഞങ്ങള്‍ ആഗ്രഹിച്ചതല്ല, നിര്‍ബന്ധിതമായതാണ്'; പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷനില്‍ പാര്‍ട്ടി നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശശി

പാലക്കാട്: പാലക്കാട് സിപിഎം വിമത കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിമര്‍ശനങ്ങളുമായി പി കെ ശശി. പാലക്കാട് നടക്കുന്നത് വിമത കണ്‍വെന്‍ഷന്‍ അല്ലെന്നും വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍ ആണെന്നും പികെ ശശി പറഞ്ഞു. സിപിഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇത്; ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍. വിമതരുടെ കണ്‍വെന്‍ഷന്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. നിര്‍ബന്ധിതമായ ചില സാഹചര്യങ്ങള്‍ കൊണ്ടാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇതെന്നും നിര്‍ബന്ധിതമായതാണെന്നും പികെ ശശി വേദിയില്‍ പറഞ്ഞു.
മദ്യപന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തി നില്‍ക്കുന്നുവെന്നടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് പി.കെ.ശശി നടത്തിയത്. 'പാലക്കാട് ജില്ലയില്‍ ലോക്കല്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് കള്ള് കുടിച്ചിരിക്കുമ്പോള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി' ശശി പറഞ്ഞു. അഴിമതിയും സ്പിരിറ്റ് കച്ചവടവുമൊക്കെയാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവദിത്വപ്പെട്ടപാര്‍ട്ടി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സ്പിരിറ്റ് കേസില്‍ ഒന്നാം പ്രതിയായിയാണെന്നും ശശി ചൂണ്ടിക്കാട്ടി. ഈ അനീതിക്കും അധാര്‍മികതയ്ക്കുമെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് പൊരുതിയവരെ നടപടിയെടുത്ത് പിരിച്ചുവിട്ടെന്നും ശശി പറഞ്ഞു. ഇത്തരത്തില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ട നിരവധി സഖാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും ശശി പറഞ്ഞു.
'അധികാരം ഉപയോഗപ്പെടുത്തി എന്തെല്ലാം തോന്നിവാസങ്ങളാണ് പാലക്കാട് ജില്ലയില്‍ ചെയ്തുകൂട്ടിയത്. എത്രപേര്‍ക്കെതിരെ നടപടിയെടുത്തു. ക്രൂരമായി അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടി അനുവദിക്കാന്‍ പാടുണ്ടോ. പണപ്പിരിവിന് യാതൊരു കുറവുമില്ല. എല്ലാ മാസവും എന്തെങ്കിലും പിരിവുണ്ടാകും. ഇങ്ങനെ പിരിവുണ്ടായ കാലം ഉണ്ടായിട്ടില്ല' ശശി പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിനെതിരെ ശശി ആഞ്ഞടിച്ചു. കേട്ടാല്‍ ഞെട്ടുന്ന ചരിത്രമുള്ളയാളാണ് അദ്ദേഹം. ' ഇമ്പിച്ചിബാവയടക്കമുള്ള മഹാന്മാര്‍ ഇരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരുന്നത്. അതിനെ ഞങ്ങള്‍ ചോദ്യം ചെയ്യേണ്ടേ' ശശി ചോദിച്ചു.
പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വത്തോട് കലഹിച്ച് നില്‍ക്കുന്നവര്‍ രൂപം നല്‍കിയ മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ കണ്‍വെന്‍ഷനാണ് പാലക്കാട് നടക്കുന്നത്. പാലക്കാട് പാര്‍വതി കല്യാണമണ്ഡപത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലെത്തിയ പി കെ ശശിക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടിയോട് അകന്നുനില്‍ക്കുന്നവരടക്കം നൂറുകണക്കിനാളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. എം ആര്‍ മുരളിയുടെയും പി എ ഗോകുല്‍ദാസിന്റെയും നേതൃത്വത്തില്‍ മുമ്പ് പാര്‍ട്ടിയില്‍ ചില നീക്കങ്ങള്‍ നടന്ന സമയത്തു പോലും ഇത്തരമൊരു കണ്‍വെന്‍ഷന്‍ ജില്ലയില്‍ ചേര്‍ന്നിരുന്നില്ല. പി കെ ശശിക്ക് സ്വാധീനമുള്ള മണ്ണാര്‍ക്കാട് മണ്ഡലത്തില്‍നിന്ന് മാത്രം അഞ്ഞൂറിലധികംപേര്‍ പങ്കെടുക്കുമെന്ന് മണ്ണാര്‍ക്കാട്ടെ കൂട്ടായ്മാ ഭാരവാഹികള്‍ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ പി കെ ശശിയെ സ്ഥാനാര്‍ത്ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് നീക്കം. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്സ് ഓഫ് വടക്കഞ്ചേരി, മണ്ണാര്‍ക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും പങ്കെടുക്കും. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസികപിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ട് നേതാവ് സതീഷ് പറഞ്ഞു. വടക്കഞ്ചേരി മുന്‍ ഏരിയാ സെക്രട്ടറി കെ ബാലന്‍, ഏരിയാ കമ്മിറ്റിയംഗം പി ഗംഗാധരന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.


