പാലക്കാട്: മുന്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.

ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പി.കെ.ശശിയെ പുറത്താക്കിയത്. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡലത്തിലായിരുന്നു കണ്‍വന്‍ഷന്‍. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് കണ്‍വന്‍ഷനില്‍ ശശി നടത്തിയത്. ഇതോടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് പികെ ശശി ആഞ്ഞടിച്ചു. കൊടിയേരി സഖാക്കളെ ചേര്‍ത്തുനിര്‍ത്തിയിരുന്നു എന്നും എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടിയില്‍ ആ കരുതല്‍ ഇല്ലെന്നും ശശി പറഞ്ഞു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത സിപിഎം വിമത കണ്‍വെന്‍ഷനിലാണ് ശശിയുടെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായത്.

ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കണ്‍വന്‍ഷനാണെന്നും പി.കെ.ശശി. ഞങ്ങള്‍ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്. ഞങ്ങള്‍ നിര്‍ബന്ധിതരായതാണ്. ആ സാഹചര്യം പാലക്കാട് ജില്ലയില്‍ നിലനില്‍ക്കുന്നു. പാലക്കാട് ജില്ലയില്‍ സിപിഎം നേതാക്കള്‍ അഴിമതി നടത്തി. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് ശശി ആരോപിച്ചു. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കില്‍ പാര്‍ട്ടിയില്‍ തുടരാനില്ല. പാര്‍ട്ടിയില്‍ ഒരിക്കലുമില്ലാത്ത രീതിയില്‍ പണപ്പിരിവ് നടക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും ശശി പറഞ്ഞു. ശരിയായ നിലപാടെടുത്തവര്‍ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്ത്തി. ജോലിയില്‍നിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും ശശി പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധമുള്ള എല്ലാ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരില്‍ പലരും പാര്‍ട്ടി അംഗങ്ങളാണ്. സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേര്‍ വരുംദിവസങ്ങളില്‍ വിമതവിഭാഗത്തിനൊപ്പം ചേരുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു.

പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പരാതികള്‍ വ്യാജമാണെന്നും സതീഷ് പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ.ശശി കഴിഞ്ഞ മാസം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കള്‍ പറയുന്നത്. വിമതരുടെ നീക്കം തടയാന്‍ കുറച്ചു ദിവസമായി ലോക്കല്‍ കമ്മിറ്റി മുതല്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്. അതേസയമം, പി.കെ. ശശി പറയുന്നത് മുഖവിലയ്‌ക്കെടുക്കേണ്ടെന്നും ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു മാധ്യമങ്ങളോടു പ്രതികരിച്ചു.

രണ്ട് മുന്‍ ഏരിയാ സെക്രട്ടറിമാര്‍ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാണ് സിപിഎം വിമതര്‍ പാലക്കാട്ട് കണ്‍വെന്‍ഷന്‍ നടത്തിയത്. പികെ ശശിയെ പോലെ ഒരു പ്രമുഖ നേതാവ് എത്തിയതോട കണ്‍വെന്‍ഷന്‍ ശ്രദ്ധ നേടി. 7 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടെന്ന് ശശി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു. പാലക്കാട് നടക്കുന്നത് വിമത കണ്‍വെന്‍ഷന്‍ അല്ലെന്നും വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍ ആണെന്നും പികെ ശശി പറഞ്ഞു. ആരും പാര്‍ട്ടിക്ക് പുറത്തുവന്നതല്ല എന്നും ഈ അവസ്ഥ ജില്ലാ നേതൃത്വം ഉണ്ടാക്കിയതാണെന്നും പറഞ്ഞു. ശശി തുറന്നടിച്ചതോടെ വിമതര്‍ സിപിഎമ്മുമായി പരസ്യ ഏറ്റുമുട്ടലിലേക്കാണെന്ന് വ്യക്തമായിരിക്കുകയാണ്.

പാര്‍ട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന ശശി, കെടിഡിസി ചെയര്‍മാന്‍സ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായിചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. പാലക്കാട് സിപിഎമ്മിലെ വിമതര്‍ ചേര്‍ന്ന് മാര്‍ക്സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനുമാണ് നീക്കം നടത്തുന്നത്. ഭാവിയില്‍ പാര്‍ട്ടിയായി മാറാനും യുഡിഎഫുമായി ചേരാനുമാണ് ആലോചനകള്‍.