കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ, മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. ആരോഗ്യപ്രശ്‌നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നല്‍കരുതെന്നും, മുനീര്‍ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രചാരണം. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് പ്രവര്‍ത്തകരാണ് സൈബര്‍ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. മുനീറിനെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവര്‍ കരുതുന്നു. മുനീറിന്റെ ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് 'സീറ്റ് നല്‍കരുത്' എന്ന പ്രചാരണം നടക്കുന്നത്. പാര്‍ട്ടിയുടെ യുവജന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന വാദവും ഇവര്‍ ഇതിനോടൊപ്പം ഉയര്‍ത്തുന്നുണ്ട്. അതേസമയം, മുനീറിനെ അനുനയിപ്പിച്ച് മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്.

നിലവില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മുനീര്‍ മത്സരിച്ചില്ലെങ്കില്‍ അത് മലബാര്‍ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മറു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. അതേ സമയം, പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്തേക്ക് പോരാട്ടം മാറ്റിയേക്കുമെന്ന വിവരവും പുറത്ത് വരുന്നു. കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കാസര്‍കോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയില്‍ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.