കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാടിന് പിന്നാലെ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി 20. തൃക്കാക്കരയില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ സ്ഥാനാര്‍ത്ഥിയാകും. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സംവരണമണ്ഡലമായ കുന്നത്തുനാട്ടില്‍ നിലവിലെ എംഎല്‍എയായ പി.വി.ശ്രീനിജിന്‍ ആണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. 2021 ല്‍ കോണ്‍ഗ്രസിലെ വി.പി.സജീന്ദ്രനെ ശ്രീനിജന്‍ തോല്‍പ്പിച്ചത് 2715 വോട്ടിന്. അന്ന് ട്വന്റി ട്വന്റി പിടിച്ചത് 41,890 വോട്ടുകള്‍. എന്‍ ഡി എ കുന്നത്തുനാട്ടില്‍ 2021ല്‍ നാലാം സ്ഥാനത്തായിരുന്നു. ഇത്തവണ ട്വന്റി 20 വോട്ടുകള്‍ക്കൊപ്പം കഴിഞ്ഞവട്ടത്തെ എന്‍ഡിഎ വോട്ടുകള്‍ കൂടി കൂട്ടുമ്പോള്‍ ശരിക്കും എന്‍ഡി എ മുന്നണിയ്ക്ക് വലിയ സാധ്യതയാണുള്ളത്. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ട്വന്റി 20ക്ക് നഷ്ടപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ബിജെപിയും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, തൃശൂരില്‍ പത്മജ, തിരുവല്ലയില്‍ അനൂപ് ആന്റണി, പാലക്കാട് ശോഭ സുരേന്ദ്രന്‍, പൂഞ്ഞാരില്‍ പിസി ജോര്‍ജ്, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.