ബാലുശ്ശേരി: എരവട്ടൂരിലെ ഒരു പഴയ വീടിന്റെ മുകളില്‍ വിയര്‍ത്തൊലിച്ച് ഓല മേയുകയാണ് നാരായണന്‍. 'മകന്റെ കൂടെ പ്രചാരണത്തിന് പോകുന്നില്ലേ?' എന്ന് ചോദിക്കുന്ന നാട്ടുകാരോട് 'പണിക്ക് പോയില്ലെങ്കില്‍ ജീവിക്കണ്ടേ...' എന്ന ലളിതമായ മറുപടി പറയുമ്പോള്‍ അതില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ അതിജീവനത്തിന്റെ കഥയുണ്ട്. ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി. സൂരജിന്റെ പിതാവാണ് ഈ നാരായണന്‍.

'എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം' എന്നത് രാഷ്ട്രീയക്കാര്‍ക്ക് വെറുമൊരു മുദ്രാവാക്യമാകാമെങ്കിലും സൂരജിനും കുടുംബത്തിനും അത് ജീവിതയാഥാര്‍ത്ഥ്യമാണ്. ഓല കെട്ടി പുര മേയല്‍, വാഴക്കൃഷി തുടങ്ങി നാട്ടിലെ സകല കൂലിപ്പണികളും ചെയ്താണ് എരവട്ടൂര്‍ ചേനായി വേട്ടുവര്‍കണ്ടി തറമ്മല്‍ നാരായണന്‍ തന്റെ മക്കളെ വളര്‍ത്തിയത്. മകന്‍ ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോഴും തന്റെ പണിയായുധങ്ങള്‍ താഴെ വെക്കാന്‍ ഈ അച്ഛന് കഴിയില്ല.

'മനസ്സുകൊണ്ട് മോന്റെ ഒപ്പമുണ്ട്. എല്ലാവരും മോന്‍ നന്നാവുമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍...' - പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ നാരായണന്റെ ശബ്ദമിടറി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ച നാരായണന്‍, സഹോദരിമാരുടെ വിവാഹമടക്കമുള്ള ചുമതലകള്‍ നിര്‍വ്വഹിക്കാനാണ് കൂലിപ്പണിക്ക് ഇറങ്ങിയത്. ഇന്നും 800 രൂപ ദിവസക്കൂലിക്ക് പണിയെടുക്കുന്ന അദ്ദേഹം, ഓല മേയുന്ന ജോലി ചെയ്താല്‍ കിട്ടുന്ന അധികമായ നൂറു രൂപയില്‍ സന്തോഷം കണ്ടെത്തുന്നു.

നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം സൂരജിന്റെ കൈവശമുള്ളത് വെറും 6300 രൂപയാണ്. ബാങ്കിലുള്ള 1700 രൂപയും ഇരുചക്ര വാഹനവുമടക്കം ആകെ ആസ്തി 25,200 രൂപ മാത്രം. പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന ദിവസം രാവിലെ, അച്ഛന്‍ നാരായണന്‍ തന്റെ വിയര്‍പ്പിന്റെ മണമുള്ള 3000 രൂപ മകന് നേരെ നീട്ടി. എന്നാല്‍ അതില്‍ നിന്ന് ആയിരം രൂപ മാത്രം വാങ്ങി ബാക്കി അച്ഛന് തന്നെ തിരികെ നല്‍കിയ സൂരജ്, ആ തുകയും സഹപ്രവര്‍ത്തകര്‍ നല്‍കിയ പണവും ചേര്‍ത്താണ് കെട്ടിവെച്ചത്.

സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ ദേവിനെതിരെയാണ് കെഎസ്യു ജില്ലാ പ്രസിഡന്റായ സൂരജ് മത്സരിക്കുന്നത്. എസ്എഫ്ഐയിലൂടെ വളര്‍ന്നുവന്ന സച്ചിന്‍ ദേവും കെഎസ്യുവിലൂടെ തെരുവുകളില്‍ ലാത്തിയടിയേറ്റ് ചോര ചിന്തിയ സൂരജും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം പ്രവചനാതീതമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച മുന്‍തൂക്കം വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

സിനിമ താരം ധര്‍മ്മജനെ ഇറക്കിയിട്ടും കഴിഞ്ഞ തവണ വീണ മണ്ഡലം, ഇത്തവണ മണ്ണറിഞ്ഞു പണിയെടുക്കുന്ന ഒരു സാധാരണക്കാരന്റെ മകനിലൂടെ തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഓല മേയുന്ന അച്ഛന്റെയും അക്കൗണ്ട് കലക്ഷന്‍ ഏജന്റായ അമ്മ പുഷ്പയുടെയും കഠിനാധ്വാനം കണ്ടു വളര്‍ന്ന സൂരജിന്, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ വെറുമൊരു തിരഞ്ഞെടുപ്പ് വിഷയമല്ല.

മുദ്രാവാക്യങ്ങള്‍ക്കപ്പുറം വിശക്കുന്ന വയറിന്റെയും വിയര്‍പ്പൊഴുക്കുന്ന മനുഷ്യരുടെയും പ്രതിനിധിയായി സൂരജ് മാറുമ്പോള്‍ ബാലുശ്ശേരിയിലെ വോട്ടര്‍മാര്‍ക്ക് ഇതൊരു വെറും തിരഞ്ഞെടുപ്പല്ല. തങ്ങളിലൊരാളെ നിയമസഭയിലേക്ക് അയക്കാനുള്ള അവസരം കൂടിയാണ്.