ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ്(എം) മുന്നണി മാറുന്നുവെന്ന വാര്‍ത്ത വ്യാജമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്.കെ.മാണി. എല്‍.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് എന്നും എല്‍.ഡി.എഫില്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്.

കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവില്‍ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങള്‍. യു ഡി എഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാര്‍ത്തക്ക് പിന്നിലെന്നും രഹസ്യമായും, പരസ്യമായും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പാര്‍ട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് മുന്നണി മാറുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്ന് വ്യക്തമാക്കുകയാണെന്നും ജോസ്.കെ.മാണി പറഞ്ഞു. അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച ഈ വാര്‍ത്ത സത്യവിരുദ്ധമാണ്. വ്യക്തമായ അജണ്ട ഇതിനു പിന്നിലുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ്(എം) യു.ഡി.എഫിലേക്ക് പോവുകയാണെന്നതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ യു.ഡി.എഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്(എം) എന്നതായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി ഇപ്പോള്‍

റബര്‍ വിലസ്ഥിരത ഫണ്ടും കാരുണ്യ പദ്ധതിയും ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍ അട്ടിമറിക്കപ്പെട്ടതില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ അതൃപ്തി പുകയുമ്പോള്‍ യുഡിഎഫില്‍ നിന്നുള്ള അനൗദ്യോഗിക ചര്‍ച്ചയെന്ന രീതിയില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു. ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ കൂടെ ഇടപെടലിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. മുസ്ലിംലീഗിന്റെ മധ്യസ്ഥതയില്‍ പലവട്ടം അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായി കേരള കോണ്‍ഗ്രസ് എം വൃത്തങ്ങള്‍ സമ്മതിക്കുന്നു. അറ്റകൈക്ക് ജോസ് കെ. മാണിയെ മലബാറില്‍ നിര്‍ത്തി ജയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും ചരടുവലി നടന്നതായി സൂചനയുണ്ടായിരുന്നു.

പ്രത്യക്ഷത്തില്‍ ഇത് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെങ്കിലും വില സ്ഥിരതാ ഫണ്ട് പദ്ധതി നടപ്പിലാക്കിയാല്‍ റബര്‍ പ്രതിസ്സന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തില്‍ അതൃപ്തരാണ് കേരള കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ഭരണവിരുദ്ധ വികാരത്തിന്റെ ചൂട് അറിഞ്ഞ കേരള കോണ്‍ഗ്രസ് എം വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അണികളെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താന്‍ നന്നായി ബുദ്ധിമുട്ടും.

പാലാ സീറ്റില്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ജോസ് കെ മാണി തയ്യാറാല്ലെങ്കിലും സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ വേണമെന്നതാണ് മുന്നോട്ടുവയ്ക്കുന്ന ഉപാധി. പ്രതിസന്ധിഘട്ടത്തില്‍ കൂടെ നിന്ന മാണി സി കാപ്പനെ തള്ളാന്‍ യുഡിഎഫിന് താല്‍പര്യവുമില്ല. പാലായില്‍ തട്ടി പലതവണ അനൗദ്യോഗിക ചര്‍ച്ച ധാരണയില്‍ എത്താതെ പിരിഞ്ഞെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍.