തിരുവനന്തപുരം: ഓണക്കാലത്ത് രാഷ്ട്രീയ വിവാദമായി അരി വിവാദ. കേരളത്തിന് ഓണക്കാലത്ത് വിതരണത്തിന് ഒരു മണി അരി പോലും കേന്ദ്രസര്‍ക്കാര്‍ തന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എന്നാല്‍ കേരളത്തിന് സൗജന്യ അരി ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വിശദീകരിച്ചത്.

ഓണക്കാലത്ത് കേരളീയരുടെ കീശ ചോരില്ലെന്നും വിപണി ഇടപെടലിന്റെ ഭാഗമായി രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യം സര്‍ക്കാര്‍ സംഭരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒരു ലക്ഷം ക്വിന്റല്‍ അരി, 45,000 ക്വിന്റല്‍ പഞ്ചസാര അടക്കമുള്ളവയാണ് സംഭരിച്ചത്. സപ്ലൈകോ ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിപണി ഇടപെടല്‍ എത്രമാത്രം ഫലം കാണുന്നുവെന്നതിന്റെ തെളിവാണ് വെളിച്ചെണ്ണ വിലയിലുണ്ടായ കുറവ്. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉണ്ടാവേണ്ടത് ഇവിടെയാണ്. എന്നാല്‍, സര്‍ക്കാര്‍ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താനായി. ഈ ഓണക്കാലത്ത് 250 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.

ഓണക്കാല വിതരണത്തിന് ഒരുമണി അരിപോലും കേന്ദ്രം നല്‍കിയിട്ടില്ല. എന്തെല്ലാം പ്രയാസങ്ങളും തടസ്സങ്ങളും ഉണ്ടായാലും സാധാരണക്കാരന് ആശ്വാസമേകുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമ്പോള്‍ അധിക വിഭവ സമാഹരണത്തിലൂടെയാണ് നാടിന്റെ ക്ഷേമവും വികസനവും സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രംഗത്തുവന്നത്. ഓണക്കാലത്ത് കേരളത്തിന് പ്രത്യേക അരി ലഭിക്കുമെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക. 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും കേന്ദ്രസര്‍ക്കാര്‍ അരി വിതരണം ചെയ്യും. കേരളത്തിന് ആവശ്യമെങ്കില്‍ ആറുമാസത്തെ അഡ്വാന്‍സ് അരി നല്‍കാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കിലോയ്ക്ക് 22.50 രൂപ നിരക്കില്‍ കേന്ദ്രം നല്‍കുന്ന അരി വാങ്ങണം. അരി കിട്ടുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.