പാലാ: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിമര്‍ശനങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും മറുപടിയുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. തനിക്കും പിതാവ് പി.സി. ജോര്‍ജിനുമെതിരെ ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കെയാണ് ഷോണിന്റെ പ്രതികരണം.

മുമ്പ് ബിഷപ്പ് പ്രസംഗിച്ച കുറവിലങ്ങാട് പള്ളിയില്‍ വെച്ച് മുമ്പ് നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പരാമര്‍ശം നടത്തിയപ്പോള്‍ അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ബിജെപിയും ആര്‍എസ്എസും പി.സി. ജോര്‍ജും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഷോണ്‍ ഓര്‍മ്മിപ്പിച്ചു. അന്ന് ഇടതുപക്ഷവും മാണി ഗ്രൂപ്പും ബിഷപ്പിനെതിരെ നിന്നപ്പോള്‍ നീതി കിട്ടില്ലെന്ന ബോധ്യമാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചത്.

'നാര്‍കോട്ടിക് ജിഹാദ് പ്രസംഗം നടത്തിയ പിതാവിനെതിരെ ആക്രോശിക്കുകയും രൂപത ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും ഒക്കെ ചെയ്തപ്പോള്‍ ഇവിടുത്തെ ഇടതുപക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടപെട്ടില്ല. ഇടതുപക്ഷമാണ് പിതാവിനെതിരെ എട്ട് കേസുകള്‍ എടുത്തത്. പിതാവിനെ തുറങ്കില്‍ അടക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ഇനി ഒരിക്കലും ഈ രണ്ടു മുന്നണിയില്‍ നിന്നും ക്രൈസ്തവരായ ആളുകള്‍ക്ക് നീതി കിട്ടില്ല എന്നുള്ള ചിന്ത എന്റെ മനസ്സിലൊക്കെ ഉടലെടുത്തത്. പിതാവിനെതിരെ നടന്ന അക്രമത്തിന്റെ ഫലമായി തന്നെയാണ് ഞാന്‍ ബിജെപി നിലപാട് സ്വീകരിച്ചത്. പിതാവിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയും അതിന് പിന്തുണ നല്‍കിയത് ആര്‍എസ്എസും ആയിരുന്നു. പിന്നെ പിസി ജോര്‍ജും ഉണ്ടായിരുന്നു' -ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാട്: സഭയ്ക്ക് വേണ്ടി കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് പരിശോധിക്കണം. വഖഫ് ബില്ലില്‍ സഭയുടെ ആവശ്യം പരിഗണിക്കാതെ കോണ്‍ഗ്രസ് എംപിമാര്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്ന് ഷോണ്‍ കുറ്റപ്പെടുത്തി.

'എപ്പോഴും രഹസ്യമായിട്ടല്ല, പരസ്യമായിട്ട് തന്നെ നിലപാട് സ്വീകരിക്കണം എന്ന് പിതാവ് പറഞ്ഞതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പരസ്യമായിട്ട് നിലപാട് സ്വീകരിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ എന്താണ് കോണ്‍ഗ്രസ് നമ്മളോട് ചെയ്തത്, അല്ലെങ്കില്‍ സഭയ്ക്ക് വേണ്ടി ചെയ്തത് എന്നുകൂടി നമ്മള്‍ ഒന്ന് പരിശോധിക്കണം. വഖഫ് ബില്ല് വന്ന സമയത്ത് ബില്ലിനെ എതിര്‍ക്കാന്‍ പാടില്ല, പിന്തുണക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ എംപിമാര്‍ക്കും കേരള കത്തോലിക്ക സഭ കത്തയച്ചിരുന്നു. എന്നാല്‍, അവര്‍ പിന്തുണച്ചില്ല എന്ന് മാത്രമല്ല ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, അതിനെതിരെ ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്.

എഫ്.സി.ആര്‍.എ വിഷയവും കേന്ദ്ര ഇടപെടലും: വിദേശ ഫണ്ട് നിയന്ത്രണത്തില്‍ സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബിജെപി എന്നും സഭയോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെയാണ് എഫ്.സി.ആര്‍.എയുടെ കാര്യവും. ഇപ്പോള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു എഫ്‌സിആര്‍എ ഉണ്ടായത്? ഇന്ത്യയില്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കന്‍ പൗരന്‍ അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ വഴി മണിപ്പൂര്‍ കലാപത്തിന് പണമെത്തിച്ചു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് ഇത്തരത്തിലുള്ള നീക്കത്തിലേക്ക് പോയത്. ഇത് എന്റെ മാത്രം അറിവാണ്.

അപ്പോള്‍ സ്വാഭാവികമായും അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ദേശസുരക്ഷയെ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആ തീരുമാനത്തില്‍ പോലും സഭയ്ക്ക് ഒരു ആകുലത ഉണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വലിയ ശ്രമത്തിന്റെ ഫലമായിട്ടാണ് ബില്‍ മാറ്റിവെച്ചത്. സഭയുമായി ചര്‍ച്ച ചെയ്യാനും സഭയുടെ ആകുലതകള്‍ കേള്‍ക്കാനും മന്ത്രി കിരണ്‍ റിജിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അതിന്റെ ചര്‍ച്ചകളുമായി മുന്നോട്ടു വരും' -ഷോണ്‍ ജോര്‍ജ് പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസംഗം

നേരത്തെ കുറവിലങ്ങാട് പള്ളിയില്‍ നടന്ന ചടങ്ങില്‍ സഭയെ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ മതമേലധ്യക്ഷന്മാരെ വിമര്‍ശിക്കുമ്പോള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ചാനലുകളിലെ കൈയ്യടിക്കും റേറ്റിംഗിനും വേണ്ടി മോശം ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല.

എല്ലാ കാര്യങ്ങളിലും മെത്രാന്മാരും വൈദികരും നിശബ്ദരായിരിക്കണം (ന്യൂട്രല്‍) എന്ന് പറയുന്നത് ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ല. ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. സഭയിലൂടെ വളര്‍ന്നുവന്ന രാഷ്ട്രീയ നേതാക്കള്‍ ആ ആശയങ്ങള്‍ വഴി രാജ്യത്തെ വളര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആരായാലും മാന്യമായി സംസാരിക്കണം. ചിലര്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സംസാരിക്കുന്നു. ചാനലുകള്‍ക്ക് വേണ്ടി മോശം ഭാഷയില്‍ സംസാരിക്കരുത്. എല്ലാം കണ്ടു മിണ്ടാതിരിക്കണമെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണം എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. മിണ്ടാപ്രാണികള്‍ ആയിരിക്കണം എന്നാ പറയുന്നതിന്റെ അര്‍ത്ഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയില്‍ നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നമ്മള്‍ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മതനേതാക്കന്മാരെ കുറിച്ച് മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സംസാരിക്കുന്നത് നമ്മുടെ ഈ നാടുകളില്‍ എല്ലാം കേള്‍ക്കുന്നുണ്ട്. ഞാന്‍ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല. ആരാണെങ്കിലും, മതനേതാക്കന്മാര്‍ക്ക് നേരെ മാന്യമല്ലാത്ത രീതിയില്‍ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അഭിപ്രായം പറയുമ്പോള്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അത് മാനിക്കാതെ നമ്മള്‍ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകള്‍ക്ക് വേണ്ടി മാത്രം നമ്മള്‍ സംസാരിക്കരുത്. നമുക്കൊരു ചാനല്‍ ഭാഷയും കൈയ്യടിയുംസൃഷ്ടിക്കണം എന്ന കാര്യത്തിനുവേണ്ടി മാത്രം മുമ്പോട്ടു പോകുന്നത് ശരിയല്ല. ഭീഷണിയുടെ സ്വരം വിലപ്പോകില്ല.അത് നമ്മള്‍ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.

രാഷ്ട്രീയ നേതൃത്വം സമുദായങ്ങളില്‍ ഉണ്ടാകുന്നത് എന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയില്‍ നിന്ന് വളര്‍ന്നു വന്നത്. അതെല്ലാം നമുക്ക് സന്തോഷമാണ്. നമുക്ക് തൃപ്തിയാണ്. അവരുവഴി നമുക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. സഗൗരവം ആശയങ്ങള്‍ നിരത്തി സഭയിലൂടെ ആണ് അവര്‍ വളര്‍ന്നത്. അവരുടെ ആശയങ്ങള്‍ വഴി ഈ രാജ്യത്തെ വളര്‍ത്താനാണ് അവര്‍ ശ്രമിക്കേണ്ടത്' -ബിഷപ്പ് പറഞ്ഞു.