കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രഹസ്യമായി ചോദ്യം ചെയ്തത് വിവാദമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യംചെയ്യല്‍ മനഃപൂര്‍വം നീട്ടിവെക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കോടതി ഇടപെട്ടതിനാലാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്നും, ഈ കേസില്‍ ആരും നിഷ്‌കളങ്കരല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സി.പി.എമ്മിന് ക്ഷീണമുണ്ടാക്കുമെന്ന ഭയത്താലാണ് ചോദ്യംചെയ്യല്‍ രഹസ്യമാക്കി വെച്ചതെന്നും, കടകംപള്ളിയെ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ പങ്ക് ഉറപ്പിക്കുന്ന തെളിവാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതികള്‍ക്ക് കുടപിടിക്കുകയാണെന്നും, റിമാന്‍ഡിലായവര്‍ കൂടുതല്‍ നേതാക്കളുടെ പേര് വെളിപ്പെടുത്തുമോ എന്ന ഭയം സര്‍ക്കാരിനുണ്ടെന്നും സതീശന്‍ ആരോപിച്ചു. എല്ലാ ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെങ്കിലും ശബരിമലയുടെ കാര്യത്തില്‍ ഇടപെടാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഐ.ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അറിയാതെ ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേസില്‍ നേരത്തെ തന്നെ 'വമ്പന്‍ സ്രാവുകളുണ്ടെന്ന്' താന്‍ പറഞ്ഞിരുന്നതായും, മൂന്ന് സി.പി.എം. നേതാക്കള്‍ ഇതിനോടകം ജയിലിലായതായും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. മന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. എം.വി. ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനം കണ്ടാല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തോറ്റുവെന്ന് തോന്നിപ്പോകുമെന്നും ചെന്നിത്തല പരിഹസിച്ചു.

കടകംപള്ളിയെ ചോദ്യം ചെയ്തത് വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണെന്ന് കെ. മുരളീധരന്‍ എം.പി. അഭിപ്രായപ്പെട്ടു. സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണം സുതാര്യമാകണമെന്നും, ശനിയാഴ്ച നടന്ന ചോദ്യംചെയ്യലിന്റെ വാര്‍ത്ത രണ്ട് ദിവസം കഴിഞ്ഞാണ് പുറത്തുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും, തുടര്‍നടപടികള്‍ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തിരുന്ന സാഹചര്യത്തില്‍, കടകംപള്ളിക്ക് പ്രത്യേക പരിഗണന നല്‍കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും, കോടതി രണ്ടുതവണ അസ്വസ്ഥത പ്രകടിപ്പിച്ചതിന് ശേഷമാണ് എസ്.ഐ.ടി. ചോദ്യംചെയ്യലിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.