തൃശൂര്‍: തൃശൂരില്‍ ഐ.എന്‍.ടി.യുസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും അവസാന നിമിഷം ഒഴിവാക്കി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. തന്നെ ക്ഷണിച്ചില്ലെന്ന തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെ പരാതിക്ക് പിന്നാലെയാണ് തൃശൂരില്‍ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. സമ്മേളന നഗരിയിലേയ്ക്കുള്ള യാത്രാമധ്യേ സതീശന്‍ തിരികെ മടങ്ങുകയായിരുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലാണ് സതീശന്‍ പങ്കെടുക്കാതെ തിരികെ പോയത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു സതീശന്‍. രാവിലെ തന്നെ തൃശൂരില്‍ സതീശന്‍ എത്തുകയും ചെയ്തു. അവസാന നിമിഷമാണ് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ അറിയിച്ചത്.

തൃശൂരില്‍ രണ്ട് പരിപാടികളാണ് പ്രതിപക്ഷ നേതാവിന് ഉണ്ടായിരുന്നത്. ഐഎന്‍ടിയുസി പരിപാടി ഒഴിവാക്കി അടുത്ത് പരിപാടിയിലേക്ക് പോവുകയും ചെയ്തു. തിരക്കുകള്‍ മൂലമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഏറെ നാളായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ് ഐഎന്‍ടിയുസി തര്‍ക്കമാണ് തൃശൂരിലും മറനീക്കി പുറത്തുവന്നത്. ഐഎന്‍ടിയുസി പരിപാടിയിലേക്ക് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജെറ്റിനെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യം ഡിസിസി നേതൃത്വം സതീശനെ അറിയിച്ചു. തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന തീരുമാനം എടുത്തത് എന്നാണ് അറിയുന്നത്. പിന്നാലെ ഡിസിസി നേതൃത്വത്തിന് എതിരെ ഐഎന്‍ടിയുസി നേതാക്കള്‍ രംഗത്ത് വന്നു. ഇത് ഐ.എന്‍.ടി.യു.സിയുടെ പരിപാടിയാണ്, മറ്റാളുകളെ കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ല. നാട്ടിലെ ഒരുപാട് ആളുകളെ വേദിയിലിരുത്തി മാലയിട്ട് സ്വീകരിക്കാന്‍ സൗകര്യമില്ലെന്നും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി തുറന്നടിച്ചു.

തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെ പരാതിയെ തുടര്‍ന്നാണ് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ ജനറല്‍ കൗണ്‍സിലും എം മാധവന്‍ അനുസ്മരണ പരിപാടിയിലും പങ്കെടുക്കാതെയാണ് തൃശ്ശൂരിലെത്തിയ പ്രതിപക്ഷ നേതാവ് മടങ്ങിയത്. തുടര്‍ന്നാണ് ഐ.എന്‍.ടി.യു.സി ജില്ലാ അധ്യക്ഷനും, സംസ്ഥാന അധ്യക്ഷനും ഡിസിസി അധ്യക്ഷന് എതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആളുകളെ കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ല എം മാധവന്‍ അനുസ്മരണം എന്ന് ഐ.എന്‍.ടി.യു.സിയുടെ തൃശ്ശൂര്‍ ജില്ല അധ്യക്ഷന്‍ സുന്ദരന്‍ കുന്നത്തുള്ളി പറഞ്ഞു. നാട്ടിലെ ഒരുപാട് ആളുകളെ വേദിയിലിരുത്തി മാലയിട്ട് സ്വീകരിക്കാന്‍ സൗകര്യമില്ല എന്നും കുന്നത്തുള്ളി ആഞ്ഞടിച്ചു. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഞങ്ങളെയൊക്കെ സദസ്സിലാണ് ഇരുത്തിയതെന്നും ടാജറ്റിനെ കുന്നത്തുള്ളി ഓര്‍മിപ്പിച്ചു . വിഡി സതീശന് തൃശൂരില്‍ 11 മണിക്ക് ഐ.എന്‍.ടി.യു.സിയുടെ പരിപാടി മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം രണ്ടുമണിക്ക് ശേഷമാണ് കൊടുങ്ങല്ലൂരിലെ പരിപാടി ഉണ്ടായിരുന്നത്.

ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഞങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടിനെ അറിയിച്ചില്ലെന്ന് പരാതി പറഞ്ഞ് ഫോണ്‍കോള്‍ വന്നു, അതിന് പിന്നാലെയാണ് സതീശന്‍ പാതി വഴിയില്‍ തിരിച്ച് പോയതെന്ന് സുന്ദരന്‍ കുന്നത്തുള്ളി കുറ്റപ്പെടുത്തി. ഇവിടെ ഇരിക്കുന്നത് ചുമട്ട് തൊഴിലാളികളാണ്. ഓട്ടോറിക്ഷക്കാരുടെ പരിപാടി ഓട്ടോറിക്ഷക്കാര്‍ മാത്രമായി നടക്കുന്ന പരിപാടിയാണ്. ഇതാണ് സംഘടന രീതിയെന്നും അദ്ദേഹം പറഞ്ഞു.

ഐ.എന്‍.ടി.യു.സിയുടെ പരിപാടിയില്‍ വരാന്‍ തയ്യാറായതിന് സതീശന് നന്ദി. സതീശന് കൈയ്യടി കൊടുക്കാന്‍ സദസ്സിനോട് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരിപാടി നേരത്തെ ഇതേ ടൗണ്‍ഹാളില്‍ നടന്നു. അന്ന് തനിക്കും മുന്‍ ഡിസിസി അധ്യക്ഷനായ ജോസ് വള്ളൂരിനും ടി.എന്‍ പ്രതാപനും ഒന്നും വേദിയിലിരിക്കാന്‍ സീറ്റ് കിട്ടിയില്ല. അന്ന് ഞങ്ങളെല്ലാവരും താഴെയിരുന്നു. ഇവിടെ ഇരിക്കുന്നു എന്നുള്ളതാണ് ഞങ്ങളുടെ സംഘടന മഹത്വം. ഇതെല്ലാം പറഞ്ഞത് കൊണ്ട് എന്റെ സംഘടനാ പദവികള്‍ തെറിക്കുമായിരിക്കും. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് തെറിക്കട്ടെയെന്നും സുന്ദരന്‍ കുന്നത്തുള്ളി പറഞ്ഞു.

ഞാനീ പറയുന്നത് കണ്ട് കേട്ടിട്ടെങ്കിലും അവര്‍ നന്നാവട്ടെ എന്ന് പറയാന്‍ ആഗ്രഹിക്കുന്നു, നമ്മുടെ പരാതികള്‍ കേള്‍ക്കുന്നത് മുടക്കുന്നവര്‍ ഈ പദവിയിലിരിക്കുന്നത് പാര്‍ട്ടിക്ക് എത്ര ഗുണം ചെയ്യുമെന്നും കുന്നത്തുള്ളി ചോദിച്ചു. പരിപാടിക്ക് എത്തുന്നത് മുടക്കുന്നവര്‍ പാര്‍ട്ടിയില്‍ ഇരിക്കുന്നത് നല്ലതല്ലെന്നായിരുന്നു ആര്‍ ചന്ദ്രശേഖരന്റെ വിമര്‍ശനം. കുറച്ചുനാളായി തുടരുന്ന കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി പോര് ഇന്നത്തെ സംഭവത്തോടെ മറനീക്കിയാണ് പുറത്തുവന്നത്.

സംസ്ഥാനതലത്തില്‍ തന്നെ കോണ്‍ഗ്രസും ഐഎന്‍ടിയുസിയും രണ്ട് തട്ടിലാണ് സഞ്ചരിച്ചിരുന്നത്. ആശസമരത്തിന് പിന്തുണ നല്‍കുന്നതില്‍ ഐഎന്‍ടിയുസിയെ കോണ്‍ഗ്രസ് ഇടപെട്ട് നിലപാട് തിരുത്തിച്ചിരുന്നു. ഇടക്കാലത്ത് ഇരുകൂട്ടരും ഒരുമിക്കുന്നു എന്ന സൂചനകളും വന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമെല്ലാം ട്രേഡ് യൂണിയന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.