തൊടുപുഴ: യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടില്‍ ജോസ് കെ മാണിയും കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് അടുപ്പിക്കില്ലെന്ന് പി ജെ ജോസഫും വ്യക്തമാക്കിയതോടെ കേരളത്തിലെ മുന്നണി മാറ്റചര്‍ച്ചകള്‍ക്ക് തല്‍ക്കാലം വിരാമം. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്തു ജോസ് കെ മാണിയെ ക്ഷണിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് ജോസഫ് വിഷയത്തില്‍ ഉടക്കിട്ടത്. മുന്നണി വികസനം അജണ്ടയില്‍ ഇല്ല.അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിക്ക് മറുപടി ഇല്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.

ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം. മുന്നണി വികസനം ആദ്യം ചര്‍ച്ച ചെയ്യേണ്ടത് യുഡിഎഫിലാണ്. ഇതുവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല.ജോസ് കെ മാണിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോള്‍ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കള്‍ ജോസ് കെ.മാണിയേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ് കെ.മാണിക്ക്.

തെരഞ്ഞെടുപ്പ് തോല്‍വി കനത്ത തിരിച്ചടി അല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായ മുന്നണി മാറ്റ ചര്‍ച്ചയില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ആശയക്കുഴപ്പമുണ്ട്. ഇതിന്റെ അടിസ്ഥാനാത്തിലാണ് മുന്നണിമാറ്റമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ നേതാക്കളെ അറിയിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള അണികളേയും ഇക്കാര്യം ബോധ്യപ്പെടുത്തും.

അഞ്ച് കൊല്ലം മുമ്പ് യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. കോണ്‍ഗ്രസ് , മുസ്ലിം ലീഗ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും എതിര്‍ക്കുന്നത് പി ജെ ജോസഫാണ്. ശക്തി ക്ഷയിച്ച കേരള കോണ്‍ഗ്രസ് എമ്മിനെ വേണ്ടെന്നാണ് പി ജെ ജോസഫ് യുഡിഎഫ് നേതാക്കളെ അറിയിച്ചത്. പി ജെ ജോസഫിനേയും കടന്നാക്രമിക്കുകയാണ് ജോസ് കെ മാണി. മുന്നണി പ്രവേശം കേരള കോണ്‍ഗ്രസ് എം തള്ളുമ്പോഴും യുഡിഎഫ് ചര്‍ച്ചകള്‍സജീവമാണ്. ഈ മാസം 22 ന് മുന്നണി വീപൂലീകരണം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് വിളിച്ചിട്ടുണ്ട്. സിപിഐയേയും മുന്നണിയിലേക്ക് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോണ്‍സ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഉറപ്പു നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി മാറ്റ വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു യുഡിഎഫ് നേതാക്കളുമായും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം അടക്കമുള്ള മധ്യകേരളത്തില്‍ തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടുമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ അവിശ്വസിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎം.

തദ്ദേശ തോല്‍വിയിലെ തിരിച്ചടിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് വിടുമെന്നും പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സജീവ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ പാടെ തള്ളിയാണ് ഇന്നലെ ജോസ് കെ മാണി പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതു പക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. സംഘടനാപരമായി കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും വീമ്പടിക്കുന്ന തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം മാണി വിഭാഗത്തെ മുന്നണിയിലെത്തിച്ചാല്‍ അത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍ ജോസ് കെ മാണി കൂടെയുണ്ടെങ്കില്‍ നൂറ് സീറ്റെങ്കിലും യുഡിഎഫിന് ലഭിക്കുമെന്നാണ് മുന്നണിയുടെ കാഴ്ചപ്പാട്.