- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തില്ലങ്കേരിയിൽ പി ജെ ഇറങ്ങുന്നു! ആകാശിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ തില്ലങ്കേരിയിലെ പൊതു സമ്മേളനത്തിൽ പി ജയരാജൻ പങ്കെടുക്കും; പരസ്യമായി ആകാശിനെ പി ജെ തള്ളിപ്പറയണമെന്ന് സിപിഎം നേതൃത്വം; മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവുമായി സിപിഎം
കണ്ണൂർ: സിപിഎമ്മിന് തലവേദനയായ കണ്ണൂരിൽ ആകാശ് തില്ലങ്കേരിയെയും സംഘത്തെയും ചെറുക്കാൻ മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവുമായി സിപിഎം. പി ജയരാജൻ അനുഭാവികളായ ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും ഒതുക്കുന്നതിന്റെ ഭാഗമായി ഒരുകാലത്ത് ഇവരുടെ ഉറ്റനേതാവായിരുന്നി പി ജെയെ തന്നെ സിപിഎം കളത്തിലിറക്കുന്നു. മറ്റന്നാൾ തില്ലങ്കേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി ജയരാജനെയും പങ്കെടുപ്പിക്കാനാണ് നീക്കം. പൊതുയോഗത്തിൽ വെച്ച് ആകാശ് തില്ലങ്കേരിയെ പി ജെ പരസ്യമായി തള്ളിപ്പറയും. സിപിഎം നേതൃത്വമാണ് മുൻകൂട്ടി തീരുമാനിച്ച പരിപാടിയിൽ മാറ്റം വരുത്തി പി ജെയെ കളത്തിലിറക്കാൻ ഒരുങ്ങുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിലാണ് പി ജെയെ സിപിഎം കളത്തിലിറക്കുന്നത്. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിനു പിന്നാലെയാണ് പൊതുയോഗം വിളിച്ചത്. ഈ പരിപാടിയിലാണ് പി ജെ പങ്കെടുക്കുക. ആകാശിനെ പൂർണമായും ഒതുക്കാനാണ് പി ജെയെ തന്നെ കളത്തിലിറക്കുന്നത്.
ആകാശിന് ഇനി മറുപടിയേണ്ടതില്ലെന്ന് വ്യക്തമാക്കിയ ജില്ലാ നേതൃത്വമാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ആകാശിന്റെ ഫേസ്ബുക്ക് വെളിപ്പെടുത്തലിനെ പാർട്ടിയിലെ തന്നെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുവെന്നത് വിഭാഗീയ നീക്കമാണെന്ന തോന്നലും നേതൃത്വത്തിനുണ്ട്. ഇത് ഒഴിവാക്കാൻ കൂടിയാണ് തിങ്കളാഴ്ചത്തെ പൊതുയോഗം.
അതേസമയം തന്റെ അനുയായികൾ ആയിരുന്നവർക്കെതിരെ പി ജെയെ കളത്തിലിറക്കുന്നത് സിപിഎം വിഭാഗീയതുയുടെ ഭാഗം കൂടിയാണ്. പി ജയരാജനെതിരെ ഇ പി ജയരാജനെ അനുകൂലിക്കുന്നവർ നേരത്തെ പാർട്ടിയിൽ ഉയർത്തിയ റിസോർട്ട് വിവാദങ്ങളെ തുടർന്നുണ്ടായ ആരോപണങ്ങളാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. ആന്തൂർ നഗരസഭയിൽ ഇ.പിയുടെ മകന്റെ നേതൃത്വത്തിൽ തുടങ്ങിയ വൈദികം ആയുർവേദ റിസോർട്ടിൽ ഇ.പി ജയരാജനും ഭാര്യയ്ക്കും പങ്കാളിത്തമുണ്ടെന്ന പി ജയരാജന്റെ ആരോപണം പാർട്ടിക്കുള്ളിൽ നില നിൽക്കുന്ന സാഹചര്യത്തിലാണ് ഇ.പി വിഭാഗം പാർട്ടിയുള്ളിൽ ക്വട്ടേഷൻ - സ്വർണകടത്ത് സംഘങ്ങൾ പാർട്ടിയെ തിരിഞ്ഞു കൊത്തുന്നതിന്റെ പാപഭാരം മുഴുവൻ പി.ജെ യുടെ ചുമലിൽ ചാരി വയ്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ നടക്കുന്നത്.
പിജെയെ തന്നെ ആകാശിനെതിരെ കളത്തിലിറക്കുന്നതിലൂടെ മറുഭാഗത്തിന്റെ നീക്കം ഏതാണ്ട് വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും. പി.ജയരാജൻ ജില്ലാ സെക്രട്ടറിയായ വേളയിൽ പാർട്ടിക്കുള്ളിൽ അഞ്ഞുറോളം പേർ വരുന്ന ഗ്യാങ് യൂനിറ്റുകളെ ചെല്ലും ചെലവും കൊടുത്ത് വളർത്തിയെന്നാണ് ഇപി വിഭാഗം ആരോപിക്കുന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ സിപിഎം അക്രമ രാഷ്ട്രീയത്തിൽ നിന്നും പിൻ വലിഞ്ഞതോടെ ഇവരിൽ ഭൂരിഭാഗവും തൊഴിൽ രഹിതരായി. എന്നാൽ കൊലപാതക രാഷ്ട്രീയത്തിൽ നിന്നും സംസ്ഥാന നേതൃത്വം പിൻവലിഞ്ഞപ്പോഴും കണ്ണൂരിലെ അക്രമ രാഷ്ട്രീയം അഭംഗുരം തുടർന്നു. പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ രമിത്ത് മുഖ്യമന്ത്രിയുടെ വീടിനരികിൽ നിന്നും കൊല്ലപ്പെട്ടതോടെ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തിയുണ്ടായി.
ഇതിനൊപ്പം കതിരൂർ മനോജ് വധകേസിൽ പ്രതിയായ വിക്രമൻ മുഖ്യമന്ത്രിക്കെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ പി.ജയരാജനെതിരെയുള്ള നീക്കങ്ങളിൽ പരസ്യമായി അത്യപ്തിയും ആത്മരോഷവും പ്രകടിപിച്ചതോടെ ജയരാജന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി. നിങ്ങളൊക്കെ ഭരിക്കുന്നതും സുഖിച്ചു ജീവിക്കുന്നതും ഞങ്ങളെ പോലുള്ളവർ ജയിലിൽ കിടക്കുന്നതുകൊണ്ടാണെന്ന് ഓർക്കണമെന്നായിരുന്നു വിക്രമന്റെ ഭീഷണി. ഈ കാര്യം മുഖ്യമന്ത്രിയെ തന്നെ ഫോണിൽ വിളിച്ചു പറഞ്ഞതായി പിന്നീട് സിപിഎമ്മിൽ നിന്നു തന്നെ വിവരം പുറത്തുവന്നിരുന്നു. ഇതിൽ പ്രകോപിതനായ പിണറായി വിജയൻ ജയിലിൽ പൊലിസിനെയും ജയിൽ ഉദ്യോഗസ്ഥരെയും കൊണ്ടു വ്യാപക റെയ്ഡ് നടത്തിച്ചാണ് പകവീട്ടിയത്. സാധാരണ സിപിഎം തടവുകാർ പാർത്തിരുന്ന ഒൻപതാം ബ്ളോക്കിൽ പൊലിസുകാരോ ജയിൽ ഉദ്യോഗസ്ഥരോ കയറാറില്ല. എന്നാൽ ഇവിടെ കേറി മേഞ്ഞ ജയിൽ ഉദ്യോഗസ്ഥന്മാർ സിപിഎം തടവുകാരിൽ നിന്നും മൊബൈൽ ഫോണും മറ്റു സാധനങ്ങളും പിടികൂടി.
ഇതേ സമയം പി.ജയരാജനെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ചാവേറായി മത്സരിക്കാൻ പറഞ്ഞു വിട്ടു. ക്ഷണനേരം കൊണ്ടു തൽസ്ഥാനത്തേക്ക് എം.വി ജയരാജനെ കൊണ്ടിരുത്തുകയും ചെയ്തു. ഇല്ലത്തുനിന്നും പുറപ്പെടുകയും ചെയ്തു അമ്മാനത്ത് എത്തുകയും ചെയ്തില്ലെന്നു പറയുന്നതു പോലെയായി പി.ജയരാജന്റെ കാര്യം. പാർട്ടിയിൽ നിന്നും ഒതുക്കപ്പെട്ട പി.ജയരാജൻ ഒടുവിൽ കുറേക്കാലം ഐ.ആർ.പി.സിയെന്ന സന്നദ്ധ സംഘടനയിലുടെ പിടിച്ചു നിൽക്കാൻ ശ്രമിച്ചുവെങ്കിലും അവിടെ നിന്നും പാർട്ടി പുകച്ചു പുറത്തു ചാടിച്ചു. ഐ.ആർ.പി.സി പ്രസിഡന്റായി എം.പ്രകാശനെ കൊണ്ടു വരികയും പി.ജയരാജനെ വെറും ഉപദേശ സമിതി ചെയർമാനെന്ന ആലങ്കാരിക പദവിയിൽ ഒതുക്കുകയും ചെയ്തു. ഇതിനു ശേഷം പി.ജെയെ ഒതുക്കുന്നുവെന്നു പാർട്ടി പ്രവർത്തകരിൽ നിന്നും പ്രതിഷേധം ശക്തമായപ്പോഴാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം പി .ജയരാജന് നൽകിയത്.
ഇപ്പോൾ പുതിയ ഇന്നോവ ക്രിസ്റ്റ കാർ നൽകി പി ജെയെ സർക്കാരിന്റെ ധൂർത്തിന്റെ ഭാഗമാക്കി മാറ്റി ക്ളീൻ ഇമേജ് പൊളിച്ചടുക്കുകയും ചെയ്തു. പാർട്ടിയിൽ തീരെ ദുർബലനായ പി.ജയരാജനൊപ്പം കട്ടയ്ക്കു നിന്നിരുന്ന സൈബർ പോരാളികൾ പല വഴിക്ക് ഇതിനിടെയിൽ ചിതറി പോയിരുന്നു ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവരൊക്കെ സ്വർണകടത്ത് - കുഴൽ പണം റാഞ്ചൽ സംഘങ്ങളായി മാറിയിരുന്നു. പി.ജയരാജനെ പാർട്ടിയിൽ ഒതുക്കിയതിൽ പ്രതിഷേധിച്ചു ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച അമ്പാടിമുക്ക് സഖാവായ എൻ. ധീരജ് കുമാറിനെ പള്ളിക്കുന്ന് ബ്രാഞ്ചിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കുകയും ചെയ്തു.
പിന്നീട് അർജുൻ ആയങ്കി കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപെട്ടപ്പോൾ പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ അതിരൂക്ഷമായ വാഗ്വാദവും വെല്ലുവിളിയും നടന്നു. സംസ്ഥാന കമ്മിറ്റിയംഗം പങ്കെടുത്ത യോഗത്തിൽ സിഐ.ടി.യു നേതാവായ കെ.പി സഹദേവനും പി.ജയരാജനും തമ്മിൽ കൈയാങ്കളിക്കടുത്ത് വരെ കാര്യങ്ങളെത്തി. പാർട്ടി ലേബലിൽ അറിയപ്പെടുന്ന ആയങ്കിമാരെ പോറ്റി വളർത്തിയത് പി.ജയരാജനാണെന്നായിരുന്നു കെ.പി സഹദേവന്റെ കുറ്റപ്പെടുത്തൽ. പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പ് ശക്തമായതോടെ പി.ജെ ആർമിയെന്നു അറിയപ്പെടുത്ത സൈബർ വെട്ടുകിളി കൂട്ടത്തെ പി.ജയരാജനു തന്നെ ഒടുവിൽ ഗത്യന്തരമില്ലാതെ തള്ളി പറയേണ്ടിയും വന്നു. ഈ തള്ളിപ്പരയലിനെ പരസ്യമാക്കാനാണ് സിപിഎം നേതൃത്വം ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ