കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കഴിയുംവരെ പി.വി. അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങള്‍ അജണ്ടയാക്കി കൊണ്ടു നടക്കുന്ന വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ മതിയോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ആരുടെയെല്ലാം വോട്ട് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ല. അതിനുള്ള മെക്കാനിസം മുമ്പും ഇപ്പോഴും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിന്റെ ശക്തമായ തരംഗം വരാന്‍ പോവുകയാണ്. ദേശീയ നേതാക്കള്‍ എത്തുന്നതോടെ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ കൈയിലാകും. രാജ്യത്തും കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ വരുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് പ്രധാനപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ഇത്രയും ദിവസം കഴിഞ്ഞിട്ടും കേന്ദ്രത്തിനും കേരള സര്‍ക്കാറിനും ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇത്തരത്തിലാണോ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതില്‍ മാറ്റം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

യു.ഡി.എഫിനോട് വിലപേശാന്‍ പി.വി അന്‍വര്‍ വളര്‍ന്നിട്ടില്ലെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളായി നിലവിലുള്ള കേരളത്തിലുള്ള പ്രധാനപ്പെട്ട ഒരു മുന്നണിയാണ് യു.ഡി.എഫ്. അതിനോട് വിലപേശാന്‍ അന്‍വര്‍ വളര്‍ന്നിട്ടില്ല. അന്‍വറുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. അതനുസരിച്ചാണ് അഭ്യര്‍ഥന നടത്തിയത്. വേണമെങ്കില്‍ അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കട്ടെ. അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

പി.വി അന്‍വര്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. 28 വര്‍ഷത്തിന് ശേഷം ചേലക്കരയില്‍ യു.ഡി.എഫ് വിജയിക്കാന്‍ പോവുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പി.വി അന്‍വറിനോട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് വി.ഡി സതീശന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ചേലക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ പാലക്കാട് തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.