- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ പി ജയരാജനെതിരെ തൃപ്തികരമായ അന്വേഷണം വേണം; ലീഗിന് ഒരു സ്വരമേയുള്ളു രണ്ട് സ്വരമില്ല; അധികാരമൊഴിഞ്ഞാലും ആരോപണങ്ങൾ വന്നാൽ അതിൽ പൊതു സമൂഹത്തിന് ബോധ്യം വരുത്തുന്ന അന്വേഷണം നടത്തണം; ആഭ്യന്തര പ്രശ്നമെന്ന പരാമർശം തിരുത്തി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇപി ജയരാജൻ വിവാദം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമെന്ന പ്രസ്താവന തിരുത്തി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അന്ന് ചോദ്യവും ഉത്തരവും പറഞ്ഞത് മാധ്യമങ്ങളാണ്. ഇപിക്കെതിരായ സാമ്പത്തിക ആരോപണത്തിൽ തൃപ്തികരമായ അന്വേഷണം വേണമെന്ന് ലീഗ് ആവശ്യപ്പെടുകയാണ്. എംഎൽഎയുടെ പ്രസ്താവനയിൽ ലീഗ് നേതാക്കളായ കെപിഎ മജീദും, കെഎം ഷാജിയും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസുമടക്കമുള്ളവർ എതിർപ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി മുന്നോട്ടു വന്നത്.
ലീഗിന് ഒരു സ്വരമേയുള്ളു രണ്ട് സ്വരമില്ല. ഇപി ജയരാജനുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഞാൻ ഇപ്പോഴാണ് മാധ്യമങ്ങളെ കാണുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവർ അവിടെ ഉള്ളപ്പോഴും, അധികാരമൊഴിഞ്ഞാലും ആരോപണങ്ങൾ വന്നാൽ അതിൽ പൊതു സമൂഹത്തിന് ബോധ്യം വരുത്തുന്ന അന്വേഷണം നടത്തണം. 30ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യും. വിലക്കയറ്റത്തിൽ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'അത് അവർ കൈകാര്യം ചെയ്യട്ടെ, അതാണ് അതിന്റെ ശരി. നമ്മൾ പറയേണ്ട കാര്യമില്ല. ഒരു പാർട്ടിയുടേയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന പതിവ് ലീഗിനില്ല' എന്നായിരുന്നു നേരത്തെ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ലീഗിലെ മറ്റ് നേതാക്കൾ എതിർപ്പ് പരസ്യമാക്കി രംഗത്തുവന്നത്.
ഇപി ജയരാജനെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ പിണറായി വിജയനാണെന്നായിരുന്നു കെ എം ഷാജിയുടെ വാദിച്ചത്. ഇതിന് എല്ലാ ഒത്താശയും നൽകിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണെന്നും ഷാജി ആരോപിച്ചിരുന്നു. ഇ പിയുടെ ചിറകരിയാൻ പിണറായി മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു. റിസോർട്ടിൽ അടിമുടി ദുരൂഹതയുണ്ട്.
സാമ്പത്തിക ഇടപാടിൽ വലിയ സംശയങ്ങളുണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാൻ പറ്റില്ല, അന്വേഷിക്കണമെന്നായിരുന്നു കെപിഎ മജീദ് ഫേസ്‌ബുക്കിൽ കുറിച്ചത്. പാർട്ടി അന്വേഷിച്ച് അവസാനിപ്പിക്കേണ്ട ഒരു ആരോപണമല്ലിത് ഇപിക്കെതിരെ വിജിലൻസ് അന്വേഷണം വേണം പി കെ ഫിറോസും പ്രതികരിച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങളിലും ഇതുസംബന്ധിച്ച ചർച്ച ചൂട് പിടിച്ചതോടെയാണ് വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ