- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശശികലയിട്ട ഇലയിലേയ്ക്കുള്ള സദ്യയാണ് നിങ്ങള്‍ വിളമ്പുന്നത്, കാവി സദ്യയാണത്; ആര്‍ഷോയും എസ്എഫ്‌ഐ സെക്രട്ടറിയും പാര്‍ട്ടി ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാനാണ് പോയതെന്ന് തോന്നുന്നു'; എസ്എഫ്ഐക്കെതിരെ പി കെ നവാസ്
'ശശികലയിട്ട ഇലയിലേയ്ക്കുള്ള സദ്യയാണ് നിങ്ങള്‍ വിളമ്പുന്നത്
കോഴിക്കോട്: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എംഎസ്എഫ്. സംഘപരിവാറിന്റെ അഭിപ്രായമാണ് എസ്എഫ്‌ഐ നേതാക്കള്‍ പ്രസംഗിക്കുന്നതെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് വിമര്‍ശിച്ചു. വംശീയ വെറി പുറത്തുചാടുന്ന പരാമര്‍ശമാണ് സിപിഎം, എസ്എഫ്ഐ നേതൃത്വം നടത്തുന്നത്. അറബിക് കോളജുകളില്‍ അറബി മാത്രമാണ് പഠിപ്പിക്കുന്നതെന്നാണ് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്.
അറബിക് കോളജില്‍ മുസ്ലിം കുട്ടികള്‍ മാത്രമാണ് പഠിക്കുന്നതെന്ന തെറ്റിദ്ധാരണ സിപിഎമ്മിനോ എസ്എഫ്ഐക്കോ ഉണ്ടെങ്കില്‍ അവര്‍ അത്തരം കോളജുകളില്‍ പോയി നോക്കണം. അവിടെ മുസ്ലിം കുട്ടികള്‍ മാത്രമല്ല പഠിക്കുന്നത്. സംസ്‌കൃത സര്‍വ്വകലാശാലയില്‍ സംസ്‌കൃതം മാത്രമാണ് പഠിപ്പിക്കുന്നതെന്ന് എസ്എഫ്‌ഐ വിചാരിക്കരുതെന്നും നവാസ് പറഞ്ഞു.
എംഎസ്എഫ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നതായി ഇന്നലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് നവാസ് രംഗത്തുവന്നിരിക്കുന്നത്. ശശികലയിട്ട ഇലയിലേക്കുള്ള സദ്യയാണ് നിങ്ങള്‍ വിളമ്പുന്നതെന്ന മിനിമം ബുദ്ധിയെങ്കിലും എസ്എഫ്‌ഐ നേതാക്കള്‍ക്കുണ്ടാകണമെന്നും നവാസ് പറഞ്ഞു. അത് കമ്മ്യൂണിസ്റ്റ് സദ്യയല്ല, കാവി സദ്യയാണ്.
സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിക്ക് ലീഗ് വര്‍ഗീയ സംഘടനയാണെന്ന അഭിപ്രായമില്ല, എന്നാല്‍ എസ്എഫ്‌ഐ നേതാവിന് ലീഗ് വര്‍ഗീയ സംഘടനയാണെന്ന നിലപാടാണ്. കേരളത്തിലെ ഒരു സിപിഎം, ഡിവൈഎഫ്‌ഐ നേതാവു പോലും എസ്എഫ്‌ഐ നേതാവിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല. ആകെ വന്നത് വര്‍ഗീയത പ്രസംഗിക്കുന്ന ഹിന്ദുഐക്യവേദി നേതാവ് ശശികലയാണെന്നും നവാസ് പറഞ്ഞു.
ആര്‍ഷോയും എസ്എഫ്‌ഐ സെക്രട്ടറിയും പാര്‍ട്ടി ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാനാണ് പോയതെന്ന് തോന്നുന്നുവെന്നും നവാസ് പരിഹസിച്ചു. ഇപ്പോഴത്തെ എസ്എഫ്‌ഐ സെക്രട്ടറി സിനിമയ്ക്ക് പോയത് എബിവിപി നേതാക്കള്‍ക്കൊപ്പമാണോ എന്ന് സംശയിക്കണമെന്നും നവാസ് പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ എംഎസ്എഫ് ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നാണ് കെ കെ രാഗേഷ് പറഞ്ഞത്. എംഎസ്എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ കള്ളവോട്ട് ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം. ബൂത്തിലെ സിസിടിവി റെക്കോര്‍ഡുകള്‍ പുറത്തുവിടാന്‍ ഇടതുപക്ഷ അനുഭാവിയായ രജിസ്ട്രാര്‍ തയ്യാറാണോയെന്നും നവാസ് ചോദിച്ചു.