- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാല്‍; ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്; സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാര്‍ക്കൊപ്പം; ഈസ്റ്റര്‍ സന്ദേശത്തില്‍ സ്വയം 'ദിവ്യത്ത്വം' പ്രഖ്യാപിച്ചു പി പി ദിവ്യയുടെ വീഡിയോ
ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാല്‍; ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്
കണ്ണൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ താന്‍ നിരപരാധിയെന്ന സന്ദേശവുമായി കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ. താന്‍ വേട്ടയാടപ്പെട്ട നിരപരാധിയെന്നും ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും സൂചിപ്പിച്ചാണ് ദിവ്യ രംഗത്തുവന്നത്. സമൂഹത്തിന്റെ മനസ് എപ്പോഴും വേട്ടക്കാരുടെതാണെന്നും ഈസ്റ്റര്‍ ദിനത്തില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ ദിവ്യ സൂചിപ്പിച്ചു. വിവാദസമയത്ത് പാര്‍ട്ടി ഒപ്പം നിന്നില്ലെന്ന സൂചനയും സന്ദേശത്തിലുണ്ട്.
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്താണ് ദിവ്യ. പരോക്ഷമായാണെങ്കിലും നവീന്‍ ബാബു കേസില്‍ താന്‍ നിരപരാധിയായിരുന്നുവെന്നാണ് ദിവ്യ ഉറപ്പിച്ചു പറയുന്നത്. മുമ്പും ഇത്തരത്തിലുള്ള പോസ്റ്റുകളുമായി ദിവ്യ രംഗത്തുവന്നിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായാണ് ഈസ്റ്റര്‍ ദിന സന്ദേശവുമായി ദിവ്യ വന്നിരിക്കുന്നു.
വിഡിയോ സന്ദേശത്തിന്റെ പൂര്‍ണരൂപം:
എല്ലാവര്‍ക്കും നമസ്‌കാരം. ഈസ്റ്റര്‍ ആശംസകള്‍. പെസഹ വ്യാഴം, ദുഃഖ?വെള്ളി, ഈസ്റ്റര്‍ ഇത് നമുക്ക് ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈസ്റ്റര്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ലളിതമായ സത്യം തിന്‍മയുടെ മേല്‍ അവസാനത്തെ ജയം നന്‍മക്കായിരിക്കുമെന്നാണ്. നിസ്വാര്‍ഥമായ മനുഷ്യര്‍ക്കായി ചോദ്യങ്ങളുയര്‍ത്തിയതിനാലാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടത്. വാക്കിലോ പ്രവര്‍ത്തിയിലോ മനോഭാവത്തിലോ തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നന്‍മ മാത്രം ആഗ്രഹിച്ച വ്യക്തി. നെറികേട് കണ്ടാല്‍ ചാട്ടവാറെടുത്ത നീതിമാനായിരുന്നു അദ്ദേഹം.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യ സ്‌നേഹി. ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് കല്ലെറിഞ്ഞത്. കൂടെയിരുന്ന് അത്താഴം കഴിച്ചവര്‍ തന്നെയാണ് യേശുവിനെ ഒറ്റിക്കൊടുത്തത്. നിലപാടുകളുടെ പേരില്‍ കുരിശിലേറ്റാലും ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുക തന്നെ ചെയ്യും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യം പുറത്തുവരും. വെള്ളിയാഴ്ച ക്രൂശിച്ചാല്‍ ഞായറാഴ്ച ഉയിര്‍ത്തെഴുന്നേല്‍ക്കും. ''
തന്നെ ചതിച്ചുവെന്ന പരോക്ഷ പ്രതികരണമാണ് ദിവ്യ വീഡിയോയിലൂടെ ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തല്‍. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ്സ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്. പതനം ഉണ്ടാകുമ്പോള്‍ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവും പാഠമാകും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരികതന്നെ ചെയ്യുമെന്നും വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാല്‍ ഞായറാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും പി പി ദിവ്യ സൂചന നല്‍കുന്നു.
നേരത്തെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സുധാംശു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിയത്. എല്ലാ കേസുകളും സിബിഐക്ക് വിടണമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കണമെന്നുമായിരുന്നു മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മഞ്ജുഷയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസും അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവുമാണ് ഹാജരായത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ സിപിഎം നേതാവ് പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.