- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളുടെ അവഗണന; മലപ്പട്ടം സമര നായകനായ യൂത്ത് കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറി പി. ആര്‍ സനീഷ് ഭാരവാഹിത്വം രാജിവെച്ചു; പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപണം
മലപ്പട്ടം സമര നായകനായ യൂത്ത് കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറി പി. ആര്‍ സനീഷ് ഭാരവാഹിത്വം രാജിവെച്ചു
കണ്ണൂര്‍: നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്നുംരാജിവച്ചു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയുംമലപ്പട്ടം അടുവാപ്പുറം സ്വദേശിയുമായ പി ആര്‍ സനീഷാണ് സംഘടനയില്‍ നിന്നും രാജിവെച്ചത്. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‌കൈമാറി. തന്നെ നേതാക്കള്‍ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പി ആര്‍ സനീഷ് സംഘടനയില്‍ നിന്നും രാജി വെച്ചത്.
പാര്‍ട്ടിയില്‍ അധികാരം ഉള്ളവര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുള്ളൂവെന്നും, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്നും പി ആര്‍ സനീഷ് രാജിക്കത്തില്‍ ആരോപിച്ചു. ഈ കാര്യം തെളിവ് സഹിതം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും കത്തില്‍ പറയുന്നു.
മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകര്‍ത്ത സംഭവത്തില്‍ നടത്തിയ പ്രതിഷേധമാണ് പി ആര്‍ സനീഷിനെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനാക്കിയത്. മലപ്പട്ടം സംഭവത്തെ തുടര്‍ന്ന് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്കു നടത്തിയ കാല്‍നട ജാഥ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിനു ശേഷംകെ പി. സി. സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധ പൊതുയോഗം നടത്തുകയും ഗാന്ധി പ്രതിമ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് വിവരം. സനീഷ് സെല്‍ഫ് പ്രമോഷനായി സംഘടനാ ഭാരവാഹിത്വം ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഇതില്‍ മേഖലയിലെ കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുമായി ഇടഞ്ഞതോടെയാണ് സനീഷിനെ ഒതുക്കാന്‍ തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ സൈനികന്‍ കൂടിയായ സനീഷിന്റെ ഭാരവാഹിത്വത്തില്‍ നിന്നുള്ള രാജി. നേരത്തെ മലപ്പട്ടത്തുണ്ടായ സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സനീഷിന്റെ വീടിന് നേരെയും അക്രമണം നടന്നിരുന്നു.




