തിരുവനന്തപുരം: കേരളാ ഗവണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി അനുനയ വഴിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആരിഫ് മുഹമ്മദ് ഖാനുമായി കോര്‍ത്തു കൊണ്ടാണ ്‌സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഇതില്‍ നിന്നും വ്യത്യസ്ത വഴിയില്‍ നീങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ അര്‍ലേക്കറുമായി നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും കൂടിക്കാഴ്ച നടത്തി.

വി.സി നിയമനത്തിലെ അനിശ്ചിതത്വം, ബില്ലുകള്‍ എന്നിവ ചര്‍ച്ചയായി എന്നാണ് വിവരം. ഇന്ന് വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. നേരത്തെ മന്ത്രി പി രാജീവ് ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍. ബിന്ദുവും കൂടി എത്തുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്നാണ് വിവരം.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. പല സര്‍വകലാശാലകളിലും സ്ഥിരം വിസിയില്ല. നിയമനവുമായി ബന്ധപ്പെട്ട് വലിയ തടസങ്ങളുണ്ട്. ഹൈക്കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തി മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മറ്റിയുമായി മുന്നോട്ട് പോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ വെട്ടിക്കൊണ്ട് സാങ്കേതിക സര്‍വലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും ആരിഫ് മുഹമ്മദ് ഖാന്‍ താല്‍പ്പര്യമുള്ളയാളുകളെ നിയമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ശാസ്വതമായ പരിഹാരവും ഗവണ്‍ണറുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍ണമായ സമീപനവും പ്രതീക്ഷിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് നടന്നതെന്നാണ് വിവരം.എന്നാല്‍, ഗവര്‍ണറുടെ പ്രതികരണം എന്തെന്ന് വ്യക്തമല്ല.