കൊച്ചി: സ്ഥാന ആര്‍ത്തി

സ:കോട്ടയം കുഞ്ഞച്ചന്‍

ഗതികേടെ നിങ്ങളുടെ പേരോ സി.പി.എം-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇത്. ഒന്നും പറയാതെ എല്ലാം പറയുകയാണ് അബിന്‍. സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിലായിരുന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയും കോണ്‍ഗ്രസ് കോടങ്കര വാര്‍ഡ് പ്രസിഡന്റുമായ അബിന്‍ കോടങ്കരയെ ആണ് സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത് 'കോട്ടയം കുഞ്ഞച്ചന്‍' എന്ന ഫെയ്‌സ് ബുക്ക് പ്രൊഫൈലായിരുന്നു. അബിന്‍ കോടങ്കരയെ അറസ്റ്റു ചെയ്തപ്പോള്‍ സിപിഎം യഥാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി സരിനെയായിരുന്നു. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ ഗ്രൂപ്പ് കണ്‍വീനറായ സരിനാണ് 'കോട്ടയം കുഞ്ഞച്ചന്റെ' യഥാര്‍ത്ഥ സൃഷ്ടാവ് എന്നായിരുന്നു സിപിഎം ആരോപണം. അതുകൊണ്ട് കൂടിയാണ് സരിന്‍ മറുപക്ഷത്ത് ചാടുമ്പോള്‍ സഖാവ് കോട്ടയം കുഞ്ഞച്ചനെന്ന പരിഹാസം അബിന്‍ വര്‍ക്കി ഉയര്‍ത്തുന്നത്.

ഫേസ്ബുക്കില്‍ നിന്നുള്ള തങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് സിപിഎം നേതാക്കളുടെ ഭാര്യമാര്‍ പരാതി നല്‍കിയത്. 'കോട്ടയം കുഞ്ഞച്ചന്‍' എന്ന വ്യാജ ഐഡിയില്‍ നിന്നാണു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അബിനാണ് ഇതു തയാറാക്കിയതെന്ന് സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇടതുവനിതാ നേതാക്കള്‍ക്കെതിരെ ഇതേ പ്രൊഫൈലില്‍നിന്നു പ്രചാരണം നടത്തിയിരുന്നതായും സൈബര്‍ പൊലീസ് കണ്ടെത്തി. കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗീകാതിക്രമത്തിനുള്ള ആഹ്വാനവുമായി പോസ്റ്റുകളിട്ടത്. പൊലീസില്‍ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാള്‍ അശ്ലീല പോസ്റ്റുകളിടുന്നത് തുടരുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് പേജ് പൂട്ടിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പാറശാലയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു പ്രതിയെ. അറസ്റ്റിലായത് നെയ്യാറ്റിന്‍കരക്കാരനാണെങ്കിലും അതിലെ പഴി സിപിഎം ചാരിയത് സരിനായിരുന്നു. അതേ സരിനാണ് ഇപ്പോള്‍ പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥിയാകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് സരിനെ ഒറ്റപ്പാലം കുഞ്ഞച്ചനാക്കി ഡിവൈഎഫ് ഐ നേതാവ് വികെ സിനോജ് പോസ്റ്റിട്ടിരുന്നു. പോരാളി ഷാജിയടക്കം ഈ പോസ്റ്റിനെ ചര്‍ച്ചയാക്കുന്നു. സരിന്റെ സിപിഎം അനുകൂല നിലപാടും സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ പരിഹസിക്കുകയാണ് ഇതിലൂടെ പോരാളി ഷാജി ഗ്രൂപ്പ് ചെയ്യുന്നത്. ഇതിനൊപ്പം മുമ്പ് ഇടതു സര്‍ക്കാരിനെതിരെ സരിനിട്ട ഫെയ്‌സ് ബുക്ക് കമന്റുകളും ചര്‍ച്ചയാക്കുന്നത്. മന്ത്രിയും എംഎല്‍എയും ആക്കുന്നവര്‍ക്കൊപ്പമാകും തന്റെ രാഷ്ട്രീയമെന്ന പോസ്റ്റ് സരിന്‍ പിന്‍വലിച്ചതും ചര്‍ച്ചയാണ്. സരിന്റെ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്, സൈബര്‍ സഖാക്കള്‍ക്ക് പോലും അതിവേഗം സരിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതാണ് രാഷ്ട്രീയ ചിത്രം.

വികെ സിനോജ് ദിവസങ്ങള്‍ക്ക് മുമ്പിട്ട പോസ്റ്റ് ചുവടെ

ഒറ്റപ്പാലം കുഞ്ഞച്ചന്റെ ഭീഷണി സ്ത്രീകളോട് വേണ്ട.

കെ പി സി സി സൈബര്‍ തലവന്റെ

'തൊപ്പി തെറിപ്പിക്കല്‍ ടൈപ്പ് ' ഭീഷണി പോസ്റ്റ് കണ്ടു.

അതും ഒരു വനിതയുടെ ചിത്രം സഹിതം.

അത്ഭുതം ഒന്നും തോന്നിയില്ല, ഇതിന് മുമ്പും

സൈബറിടത്തില്‍ സ്ത്രീകളെ അപമാനിക്കുകയും അവരെ വെര്‍ബല്‍ റേപ്പിന് ഇരയാക്കുകയും ചെയ്ത

പെര്‍വര്‍ട്ട്കള്‍ക്ക് ജാമ്യം എടുത്ത് കൊടുത്തതില്‍ വീരസ്യം പ്രകടിപ്പിച്ച കക്ഷിയാണ്.

ഇപ്പോള്‍ ഇതാ വീണ്ടും

ഒറ്റപ്പാലം NSS കോളേജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍

കൂട്ടുനില്കാത്ത

റിട്ടേണിംഗ് ഓഫീസര്‍

നയന ടീച്ചറെ

സൈബര്‍ ഇടത്തില്‍ ആക്ഷേപിച്ചിരിക്കുന്നു.

തന്റെ കുഞ്ഞച്ചന്മാര്‍ക്ക് സൈബര്‍ ബുള്ളിയിംഗ് നടത്താന്‍ അവസരം നേതാവ് തന്നെ ഒരുക്കി നല്‍കിയിരിക്കുന്നു.

ഒന്ന് മാത്രം പറയാം,

ഒറ്റപ്പാലം കുഞ്ഞച്ചന്‍മാര്‍ക്ക്

ഞരമ്പ് രോഗം തീര്‍ക്കാന്‍ ഉള്ളതാണ്

സൈബര്‍ ഇടം എന്ന് കരുതിയാല്‍ അതിന് മറുപടി

നേരിട്ട് തന്നെ തരാന്‍ ജനങ്ങള്‍ തയ്യാറാവും.

കോണ്‍ഗ്രസില്‍നിന്ന് പുറത്തായ പി.സരിന്‍ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് സൂചന. സിപിഎം ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കുന്നതും ആലോചനയുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പി.സരിന്‍ അതൃപ്തിയറിയിച്ച് വാര്‍ത്താസമ്മേളനം നടത്തി സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസുമായി സരിന്‍ ഇടഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്നാണ് ഇന്നലെ സരിന്‍ പരസ്യമായി ആവശ്യപ്പെട്ടത്. 'എനിക്കു ശേഷം ഇന്നയാള്‍ എന്ന രീതിയില്‍ സ്ഥാനാര്‍ഥിത്വം തീരുമാനിക്കാന്‍ പാടില്ല. ഒരാളുടെ താല്‍പര്യത്തിനു മാത്രമായി പാര്‍ട്ടി നിന്നുകൊടുക്കരുത്. രാഹുലാണു യോജ്യനെന്നു പാര്‍ട്ടി ബോധ്യപ്പെടുത്തിയാല്‍ പ്രശ്‌നം തീര്‍ന്നു.' സരിന്‍ വ്യക്തമാക്കി.

സരിനെ മുഖവിലയ്‌ക്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സരിന്‍ ഇന്നും വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നും ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് വി.ഡി.സതീശനാണെന്നുമായിരുന്നു സരിന്റെ ആരോപണം. ഞാനാണ് പാര്‍ട്ടിയെന്ന രീതിയിലേക്ക് മാറി സതീശന്‍ കോണ്‍ഗ്രസിലെ ജനാധിപത്യം തകര്‍ത്തെന്നും വടകരയില്‍ ഷാഫിയെ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും സരിന്‍ ആരോപിച്ചു. ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രാഥമികാഗംത്വത്തില്‍നിന്ന് സരിനെ പുറത്താക്കി.

തൊട്ടുപിന്നാലെ എല്‍ഡിഎഫില്‍ ചേരുകയാണെന്ന് സരിനും പ്രഖ്യാപിച്ചു. സരിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പാലക്കാട് ജില്ലാക്കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചത്. അതിനിടെയാണ് സൈബര്‍ ലോകത്തെ സരിന്‍ വിരുദ്ധ ചര്‍ച്ചകള്‍.