- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസില്‍ തുടരും; പാര്‍ട്ടിയുടെ രീതികള്‍ മാറി; തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ? ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ തിരിച്ചടിയാകും; പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം പുനപരിശോധിക്കണം; അതൃപ്തി പരസ്യമാക്കി പി സരിന്
ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ തിരിച്ചടിയാകും; പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം പുനപരിശോധിക്കണം; അതൃപ്തി പരസ്യമാക്കി പി സരിന്
പാലക്കാട്: കോണ്‍ഗ്രസില്‍ തുടരുമെന്ന് വ്യക്തമാക്കി പി. സരിന്റെ വാര്‍ത്താസമ്മേളനം. രാഹുല്‍ മാങ്കൂട്ടത്തിലെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി കൊണ്ടാണ് സരിന്‍ രംഗത്തുവന്നത്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍. നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ സരിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സരിന്‍ ഇടഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിന്‍ വാര്‍ത്തസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്.
'ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം. എന്നെ ഇത്ര നിസ്സാരനാക്കരുത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. വിമര്‍ശനം നേതൃത്വത്തിനെതിരെയാണ്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ചില മൂല്യങ്ങളില്‍ തനിക്ക് ഇന്നും വിശ്വാസമുണ്ട്. പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്ന രീതി മാറി. യാഥാര്‍ഥ്യം മറന്ന് കണ്ണടക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ വിലകൊടുക്കേണ്ടിവരും' -സരിന്‍ പറഞ്ഞു.
പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നെന്ന് സരിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും പരാതികള്‍ ചൂണ്ടിക്കാട്ടി കത്തയച്ചു. ഇ ശ്രീധരന്റെ മുന്നേറ്റത്തെപ്പറ്റിയും കത്തില്‍ സൂചിപ്പിച്ചു. ഇ ശ്രീധരന് വോട്ട് കിട്ടിയതെങ്ങനെയെന്ന് പഠിക്കേണ്ടേ. അത് പഠിച്ച് മറുതന്ത്രം മെനയേണ്ടത് വളരെ അത്യാവശ്യമാണെന്നും കത്തിലുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കത്ത് നല്‍കിയതെന്നും സരിന്‍ പറഞ്ഞു.
പാലക്കാട്ടെ യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയണം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തോറ്റ് പോയേക്കാം. സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞതെന്നും സരിന്‍ പറഞ്ഞു. പാലക്കാട്ടെ യാഥാര്‍ത്ഥ്യം നേതൃത്വം തിരിച്ചറിയണമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ലെഫ്റ്റടിക്കുന്ന ആളല്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും അവസരമുണ്ട്. ജയിച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഇവിടെ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയാണ്. ഇത് പാലക്കാടാണ്. ഇവിടെ ഏറ്റവും അടുത്തുനില്‍ക്കുന്ന രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയേതാണെന്ന് ചിന്തിക്കണം.പാര്‍ട്ടി പുനഃപരിശോധിക്കണം.'-സരിന്‍ പറഞ്ഞു.
'ഈ തീരുമാനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. പക്ഷേ എല്ലാവരും കൈയടിക്കുന്ന തീരുമാനം എന്തുകൊണ്ട് പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയുന്നില്ല. എല്ലാവരെക്കൊണ്ടും കൈയടിപ്പിക്കുന്ന സംവിധാനത്തിലേക്ക് മറ്റ് പല പാര്‍ട്ടികളും മാതൃക കാണിക്കുകയല്ലേ. സി പി എം അതല്ലേ ചെയ്യുന്നത്. സി പി എമ്മിനെ നിങ്ങള്‍ കുറ്റം പറയാറില്ലേ, കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന്. അതൊരു കഴിവായി വിശ്വസിക്കുന്നയാളാണ് ഞാന്‍. അതൊരു സംവിധാനത്തിന്റെ കെട്ടുറപ്പിനെയാണ് കാണിക്കുന്നത്'- സരിന്‍ പറഞ്ഞു.
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതില്‍ സരിന് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണ പോസ്റ്റര്‍ സരിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സരിന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.