തൃശൂര്‍: തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കോണ്‍ഗ്രസിനെ കെ മുരളീധരന്‍ വിമര്‍ശിച്ചതിന് പിന്നാലെ പ്രതികരണവുമായ പത്മജ വേണുഗോപാല്‍. തൃശൂരില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസിലായെന്നും അവിടെയാണ് പത്ത് കൊല്ലം ആട്ടും തുപ്പും സഹിച്ച് താന്‍ കിടന്നതെന്നും പത്മജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. മക്കളെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശ്യം. തന്റെ കാര്യത്തില്‍ അവര്‍ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരന്‍ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ എന്ന് പറഞ്ഞാണ് പത്മജ കുറിപ്പ് അവസാനിപ്പിച്ചത്.

പത്മജയുടെ ഫേസ്ബുക്ക് കുറിപ്പ്:

'കെ.മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി.അവിടെയാണ് 10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു അവിടെ കിടന്നതു. ഞങ്ങളെയൊക്കെ തോല്പിക്കാന്‍ നിന്നവര്‍ക്ക് ഉയര്‍ന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ.കരുണകാരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും കെ.കരുണാകരന്റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശം. എന്റെ കാര്യത്തില്‍ അവര്‍ വിജയിച്ചു .അടുത്ത ലക്ഷ്യം കെ.മുരളീധരന്‍ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ?'


തൃശൂരിലേറ്റ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കെ മുരളീധരന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണെന്നും നെട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ തന്നോട് കയറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കരവയായിരുന്നു മുരളീധരന്റെ പ്രസ്താവന.

'തൃശൂരിലെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയ കാര്യം ഇപ്പോഴും കോണ്‍ഗ്രസ് വിദ്വാന്മാര്‍ ആരും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസാണ്.'- ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെ അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിനെ വേദിയിലിരുത്തിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള മുരളീധരന്റെ ആക്രമണം. പ്രവീണ്‍ കുമാറിനെയും വെറുതെ വിടാന്‍ മുരളീധരന്‍ തയ്യാറായില്ല. 'തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ ആയിരുന്നു അതിന്റെ മുന്‍പന്തിയില്‍ നിന്നത്.'-മുരളീധരന്‍ പറഞ്ഞു