ന്യൂഡല്‍ഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താക്കുറിപ്പില്‍ സിപിഎം ആവശ്യം ഉന്നയിച്ചതായി കാണിച്ചിട്ടില്ല. നേരത്തെ സിപിഎമ്മും രേഖാമൂലം തെരഞ്ഞെടുപ്പു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വിശ്വപ്രസിദ്ധമായ കല്‍പ്പാത്തിരഥോത്സവം പ്രമാണിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് നവംബര്‍ 13 ല്‍ നിന്ന് ഇരുപതിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.

നവംബര്‍ 13മുതല്‍ 16 വരെയാണ് കല്‍പാത്തി രഥോല്‍സവം നടക്കുന്നത്. 13നാണ് ഉല്‍സവത്തിന്റെ സുപ്രധാന ചടങ്ങ് നടക്കുക. അതിനാല്‍ കല്‍പാത്തിയിലെ ജനങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള പ്രയാസം നേരേത്ത ചൂണ്ടിക്കാട്ടിയിരുന്നു.

തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍, തീയതി മാറ്റികൊണ്ടുള്ള ഉത്തരവില്‍ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാമര്‍ശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സിപിഎം പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയുടെ പേര് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

വോട്ടെടുപ്പ് മാറ്റുന്നത് സംബന്ധിച്ച തീരുമാനം നേരത്തെ എടുക്കമായിരുന്നുവെന്നും സിപിഎമ്മും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും കുറച്ച് പാര്‍ട്ടികളുടെ പേര് മാത്രം ഉത്തരവില്‍ സൂചിപ്പിച്ചത് പരിശോധിക്കണമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. ശക്തമായ ത്രികോണ പോരാട്ടമാണ് പാലക്കാട് മണ്ഡലത്തില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്രനായി പി സരിന്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയില്‍ സി കൃഷ്ണകുമാറുമാണ് സ്ഥാനാര്‍ഥിയാകുന്നത്.

പാലക്കാട് മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജിതമാക്കിയിരുന്നു മുന്നണികള്‍. തുറന്ന വാഹനത്തില്‍ പൊതുപര്യടനം നടത്തി പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ടു വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇതിനിടെയാണ് ഇപ്പോള്‍ തീയ്യതി മാറ്റിയെന്ന അറിയിപ്പും വന്നിരിക്കുന്നത്.